കിളിമാനൂര്‍ ഗോവിന്ദ്
കിളിമാനൂര്‍: നൂറുകണക്കിന് സംതൃപ്തരായ യാത്രക്കാര്‍. മിന്നും പ്രകടനം കാഴ്ച്ചവച്ച് കിളിമാനൂരില്‍ നിന്നുള്ള ആനവണ്ടിയുടെ വിനോദയാത്രകള്‍ യാത്രികരുടെ ഹൃദയങ്ങള്‍ കീഴടക്കുന്നു. ഒപ്പം കെഎസ്ആര്‍ടിസിക്ക് മികച്ച സാമ്പത്തികലാഭവും. അതിലുപരി നാട്ടുകാര്‍ക്കിടയില്‍ ആന വണ്ടിയെ കുറിച്ചുള്ള അവമതിപ്പും പതുക്കെ ഇല്ലാതാവുകയാണ്.
‘വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും’ എന്ന പഴമൊഴിയെ അക്ഷരാര്‍ഥത്തില്‍ അന്വര്‍ഥമാക്കിയാണ് കിളിമാനൂര്‍ കെഎസ്ആര്‍ടിസിയിലെ ഒരുകൂട്ടം ജീവനക്കാര്‍ വിജയം കൈപ്പിടിയിലെത്തിക്കുന്നത്. കിളിമാനൂര്‍ ഡിപ്പോയില്‍ ബജറ്റ് ടൂറിസം പദ്ധതിക്ക് തുടക്കമായത് മുതല്‍ അതിനായി സമയവും ബുദ്ധിയും സ്വന്തം കഴിവുകളും മാറ്റിവച്ചവരാണ് ഈ ജീവനക്കാര്‍. ഈ കാലയളവില്‍ നിരവധി വിനോദയാത്രകളാണ് ഇവര്‍ക്ക് സംഘടിപ്പിക്കാനായത്. മെയ്, ജൂണ്‍ മാസങ്ങളില്‍ മാത്രം കിളിമാനൂര്‍ ഡിപ്പോയില്‍ നിന്നും 13 വിനോദയാത്രകളാണ് സംഘടിപ്പിക്കപ്പെട്ടത്. ഗവിയിലേക്ക് നാലും ആഡംബര കപ്പലിലേക്ക് രണ്ടും അടക്കം തെന്മല, കുമരകം, കുട്ടനാട്, അച്ചന്‍കോവില്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കും യാത്രപോയി. പുണ്യ ആരാധനാലയങ്ങളിലേക്കുള്ള പാക്കേജും ഒന്നിലധികം ദിവസങ്ങളുള്ള വിനോദയാത്രകളും ഒരുക്കാറുണ്ട്.
42 ലധികം വിനോദയാത്രകളാണ് ഇതിനോടകം കിളിമാനൂര്‍ ഡിപ്പോക്ക് സംഘടിപ്പിക്കാനായത്. 2000 ത്തോളം സംതൃപ്തരായ യാത്രക്കാരെ കൊണ്ടുപോകാന്‍ കഴിഞ്ഞത് ചില്ലറക്കാര്യമായല്ല യാത്രികരും ജീവനക്കാരും കാണുന്നത്. യാത്രക്കാരില്‍ ഒരു ശതമാനം പോലും അസംതൃപ്തരില്ലെന്നതാണ് ജീവനക്കാരെ സന്തോഷിപ്പിക്കുന്നത്. അതിനായി ഓരോ യാത്രികനും അത്രമാത്രം ശ്രദ്ധയും പരിഗണനയും നല്‍കാറുണ്ട്. ഇതിനോടകം 12.5 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക നേട്ടമാണ് ഉണ്ടാക്കാനായത്. ശരാശരി ബസ് ഒന്നിന് 30,000 രൂപ ലഭിക്കുന്നു. ജീവനക്കാര്‍ക്ക് അധികമായി ഒരു രൂപ പോലും ശമ്പളം നല്‍കാതെയാണ് ഈ ലാഭം ഉണ്ടാക്കാന്‍ കഴിയുന്നത്.
വിനോദയാത്രക്കാര്‍ക്ക് വേണ്ടി കിളിമാനൂര്‍ ഡിപ്പോ വാട്സ് ആപ്പ് കൂട്ടായ്മ ഉണ്ടാക്കിയിട്ടുണ്ട്. അതിലൂടെയാണ് പ്രചാരണവും ആളെ കൂട്ടലും അഭിപ്രായം സ്വരൂപിക്കലും ഒക്കെ നടത്തുന്നത്. ജനറല്‍ കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ പി. സുകു, കോ-ഓര്‍ഡിനേറ്റര്‍ പി. സുരേഷ് കുമാര്‍ എന്നവരാണ് നേതൃത്വം നല്കുന്നതെങ്കിലും സഹപ്രവര്‍ത്തകരായ ജീവനക്കാര്‍ തന്നെയാണ് പദ്ധതി വിജയിക്കാന്‍ കാരണമെന്ന് ഇരുവരും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: