ലഖ്നൗ : അയോധ്യ ശ്രീരാമ ജന്മഭൂമി 2024 ജനുവരിയില്‍ ഭക്തര്‍ക്ക് ദര്‍ശനത്തിനായി തുറന്നുനല്‍കുമെന്ന് കേന്ദ്ര നിര്‍മാണ സമിതി ചെയര്മാന് നൃപേന്ദ്ര മിശ്ര. മൂന്ന് ഘട്ടങ്ങളിലായാണ് ക്ഷേത്രത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. ഡിസംബറിനുള്ളില്‍ അയോധ്യയിലെ പ്രതിഷ്ഠ ഉള്‍പ്പടെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ക്ഷേത്ര നിര്‍മാണത്തിന്റെ ആദ്യഘട്ടം ഏറെക്കുറെ പൂര്‍ത്തിയായി കഴിഞ്ഞു. 70 ശതമാനം നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായി. മ്യൂസിയം ഉള്‍പ്പടെ 1800 കോടി രൂപയില്‍ 75 ഏക്കറിലായാണ് ക്ഷേത്രം നിര്‍മിക്കുന്നത്. മുഖ്യ ക്ഷേത്രം നിര്‍മിക്കുന്നത് എട്ടര ഏക്കറിലാണ്. ഒപ്പം വാത്മീകി, ശബരി എന്നിങ്ങനെ ഏഴ് അനുബന്ധ ക്ഷേത്രങ്ങളുമുണ്ട്.
നിര്‍മാണത്തിനാവശ്യമായ മാര്‍ബിള്‍ രാജസ്ഥാനില്‍നിന്നും ഗ്രാനൈറ്റ് കര്‍ണാടക, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമാണ് എത്തിച്ചിരിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക പ്രൗഢി വിളിച്ചോതുന്നതും ഭൂകമ്പവും മറ്റു പ്രകൃതി ദുരന്തങ്ങളും അതിജീവിക്കാന്‍ ശേഷിയുള്ള തരത്തിലാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: