ഭക്ഷ്യ വസ്തുക്കളുടെ ശുദ്ധിയില്ലായ്മയും മയക്കുമരുന്നുപയോഗവും, വൈദ്യരംഗത്തെ അഭിലഷണീയമല്ലാത്ത സമീപനവും കാര്‍ഷികരംഗത്തെ കീടനാശിനി പ്രയോഗവും മൂലം കേരളത്തില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. സാമ്പത്തികം, സാമൂഹികം, വിദ്യാഭ്യാസം, കലാ, കായിക, സാംസ്കാരിക മേഖലയില്‍ നിന്ന് പുറത്താക്കപ്പെടുന്ന ഭിന്നശേഷിക്കുട്ടികളെ, രക്ഷിക്കുന്നതിനുള്ള സക്രിയ നടപടികള്‍ സ്വീകരിച്ച് ഭിന്നശേഷി സൗഹൃദമായ കേരളം യഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരും സമൂഹവും തയ്യാറാകണം.
ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് മാത്രമായി കുറ്റമറ്റ സംവിധാനത്തോടെ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഔദ്യോഗിക സംവിധാനം രൂപീകരിക്കുക. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സാമൂഹ്യ കൂട്ടായ്മകള്‍ എന്നിവര്‍ക്കായി ഭിന്നശേഷി സൗഹൃദ കേരളം എന്ന വിഷയത്തില്‍ ബോധവല്‍ക്കരണം നടത്തുക. പഞ്ചായത്തു തലത്തില്‍ റീഹാബിലിറ്റേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുക. പഞ്ചായത്തിലെ ഭിന്നശേഷി കുട്ടികള്‍ക്കും അവരുടെ രക്ഷകര്‍ത്താക്കള്‍ക്കും ബോധവല്‍ക്കരണം, ട്രയിനിംഗ്, കൗണ്‍സിലിംഗ് എന്നിവ നടത്തുക. തെറാപ്പി യൂണിറ്റുകള്‍ ഇതിനോടൊപ്പം സജ്ജമാക്കി തെറാപ്പിസ്റ്റുകള്‍, സഹായികള്‍ എന്നിവരുടെ സേവനം ഉറപ്പാക്കുക. തൊഴിലിനു പോകുന്ന രക്ഷിതാക്കളുടെ കുട്ടികളെ പകല്‍ സമയം സംരക്ഷിക്കുവാന്‍ സൗകര്യം ഒരുക്കുക.
ബുദ്ധിപരമായ ഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് ചെറുകിട തൊഴില്‍ പരിശീലനങ്ങള്‍, സ്വയംതൊഴില്‍ സഹായം, യോഗ, കലാ സാംസ്കാരിക പരിശീലനം എന്നിവ നല്‍കുക. ഭിന്നശേഷി സൗഹൃദമായ ഉപകരണങ്ങള്‍, സാധന സാമഗ്രികള്‍, മുച്ചക്രവാഹനങ്ങള്‍, ഇലക്ട്രോണിക്സ് വീല്‍ചെയറുകള്‍ എന്നിവ സൗജന്യമായി നല്‍കുക. താലൂക്ക് തലത്തില്‍ ഇന്റര്‍വെന്‍ഷന്‍ സെന്ററും, ഭിന്നശേഷി സൗഹൃദ ഓഫീസര്‍മാരേയും നിയമിക്കുക. എല്ലാ താലൂക്ക് ആശുപത്രികളിലും ഭിന്നശേഷി ചികിത്സാ മിനി യൂണിറ്റ് സ്ഥാപിച്ച് കൗണ്‍സിലര്‍മാര്‍, മനോരോഗ വിദഗ്ധര്‍, റിസോഴ്സ് സംവിധാനം എന്നിവ സജ്ജമാക്കുക. മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുക. ജന്മനാ വൈകല്യമുള്ള കുട്ടികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വര്‍ഷാവര്‍ഷം പുതുക്കുന്നത് ഒഴിവാക്കി ആജീവനാന്ത സര്ട്ടിഫിക്കേഷന് നടത്തുക. ഭിന്നശേഷിക്കാര്‍ക്കുള്ള അവശ്യ മരുന്നുകള്‍ ലഭ്യമാക്കുക. അതിനായി വാര്‍ഷിക ഫണ്ട് മാറ്റിവയ്ക്കുക.
ആശാകിരണം (പരിചരിക്കുന്നവര്‍ക്കുള്ള പെന്ഷന്) തുക വര്‍ദ്ധിപ്പിച്ച് കൃത്യമായി ലഭ്യമാക്കുക. നിരാമയ ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പരിധി ഉയര്‍ത്തുക. വിവിധ തരം തെറാപ്പികള്‍ ഇന്‍ഷ്വറന്‍സ് പരിധിയില്‍ ഉള്‍പ്പെടുത്തുക. ഭിന്നശേഷിയുള്ള കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് വീടിന് സമീപം ജോലി ചെയ്യുവാനുള്ള അവസരം ഉറപ്പുവരുത്തുക. ലൈഫ് മിഷന് പോലുള്ള ഭവന പദ്ധതികളിലെ പട്ടികയില്‍ പ്രഥമ സ്ഥാനം ഭിന്നശേഷിക്കാരായവരുടെ കുടുംബത്തിന് നല്‍കുക. അങ്കണവാടികളില്‍ ഭിന്നശേഷി കുട്ടികള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിശീലനവും നല്‍കുക.
സ്കൂള്‍, കോളജുകള്‍, ടെക്നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന നല്‍കുക. പരീക്ഷകളില്‍ ഭിന്നശേഷി സൗഹൃദ ചോദ്യപേപ്പറുകള്‍ നല്‍കുക. എല്ലാ മേഖലയിലും തൊഴിലവസരം ഉറപ്പാക്കുക. ഭിന്നശേഷിയുള്ളവര്‍ക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളില്‍ നിയമസഹായം ഉറപ്പാക്കി ഫാസ്റ്റ് ട്രാക്ക് കോടതി ബഞ്ചുകള്‍ ഏര്‍പ്പാടാക്കി എത്രയും പെട്ടെന്ന് തീര്‍പ്പാക്കാന്‍ സംവിധാനമൊരുക്കുക. നിയമം കര്‍ക്കശമാക്കാന്‍ നടപടി സ്വീകരിക്കുക. ഭിന്നശേഷി സമൂഹത്തിന്റെ പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്യുവാനും പഠിക്കുവാനും നിയമ സഹായ കമ്മീഷനെ നിയമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: