തൃശ്ശൂര്‍: കേരളത്തിലെ മത്സ്യബന്ധന മേഖലയുടെ വികസനത്തിനായുള്ള പ്രോജക്ട് റിപ്പോര്‍ട്ടുകള്‍ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന് കേന്ദ്ര ഫിഷറീസ്, മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാലയ്ക്ക് സമര്‍പ്പിച്ചു. 977.48 കോടി രൂപയുടെ പ്രോജക്ട് റിപ്പോര്‍ട്ടുകളാണ് നാട്ടിക നിയോജക മണ്ഡലത്തില്‍ തൃപ്രയാര്‍ ടിഎസ്ജിഎ സ്റ്റേഡിയത്തില്‍ നടന്ന സാഗര്‍ പരിക്രമ യാത്രയുടെയും തീരസദസിന്റെയും ഉദ്ഘാടന ചടങ്ങില്‍ സമര്‍പ്പിച്ചത്.
സംസ്ഥാനത്തെ തീരദേശത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന 15 പദ്ധതികളുടെ രേഖകളാണ് പിഎംഎംഎസ്വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുമതിക്കായി സമര്‍പ്പിച്ചത്. എസ്റ്റിമേറ്റ് തുക 343 കോടി വരുന്ന തിരുവനന്തപുരം പൊഴിയൂര്‍, 200 കോടി എസ്റ്റിമേറ്റ് തുക വരുന്ന കാസര്‍കോട് അജാനൂര്‍ എന്നിവിടങ്ങളിലെ പുതിയ മത്സ്യബന്ധന ഹാര്‍ബറുകള്‍, ആലപ്പുഴയിലെ തോട്ടപ്പള്ളി (എസ്റ്റിമേറ്റ് തുക 200 കോടി), കോഴിക്കോട് ബേപ്പൂര്‍ (എസ്റ്റിമേറ്റ് തുക 80 കോടി) എന്നീ മത്സ്യബന്ധന ഹാര്‍ബറുകളുടെ വിപുലീകരണത്തിന്റെയും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
തിരുവനന്തപുരം മുതലപ്പൊഴി (എസ്റ്റിമേറ്റ് തുക 50 കോടി), കാസര്‍കോട് ചെറുവത്തൂര്‍ (എസ്റ്റിമേറ്റ് തുക 40 കോടി), തൃശ്ശൂര്‍ ചേറ്റുവ (എസ്റ്റിമേറ്റ് തുക 15 കോടി) എന്നീ മത്സ്യബന്ധന ഹാര്‍ബറുകളുടെയും തൃശ്ശൂര്‍ മുനക്കകടവ് ഫിഷ് ലാന്‍ഡിങ് സെന്ററിന്റെയും (എസ്റ്റിമേറ്റ് തുക 11.06 കോടി) നവീകരണം; മലപ്പുറം പടിഞ്ഞാറേക്കര (എസ്റ്റിമേറ്റ് തുക 4.93 കോടി), കോഴിക്കോട് തിക്കോടി (എസ്റ്റിമേറ്റ് തുക 5.27 കോടി), കണ്ണൂര്‍ ചൂട്ടാട് മഞ്ച (എസ്റ്റിമേറ്റ് തുക 5.55 കോടി), കാസര്‍കോട് നീലേശ്വരം (എസ്റ്റിമേറ്റ് തുക ഏഴ് കോടി), എന്നീ ഫിഷ് ലാന്‍ഡിങ് സെന്ററുകളുടെ ആധുനികവത്കരണവും മലപ്പുറം താനൂര്‍ (എസ്റ്റിമേറ്റ് തുക 5.22 കോടി), കോഴിക്കോട് ചോമ്പാല്‍ (എസ്റ്റിമേറ്റ് തുക 5.25 കോടി), കോഴിക്കോട് ചെറുവത്തൂര്‍ (എസ്റ്റിമേറ്റ് തുക 5.20 കോടി) എന്നീ മത്സ്യബന്ധന ഹാര്‍ബറുകളുടെ ട്രെഞ്ചിങ് പ്രവൃത്തികളുടെ അറ്റകുറ്റപ്പണികളുടെയും പദ്ധതി രേഖയാണ് കൈമാറിയത്.
ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ ജോമോന് കെ. ജോര്‍ജ്, സൂപ്രണ്ടിങ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ വകുപ്പിന്റെ ഡിസൈന്‍ വിങ്ങാണ് പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കിയത്. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം വകുപ്പ് ഒഎസ്ഡി ഡോ. അഭിലാഷ് ലിഖി സാഗര്‍ പരിക്രമ യാത്രാ പദ്ധതി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: