മുംബൈ: ശരത് പവാറിന് ശേഷം മരുമകന് അജിത് പവാര്‍ എന്‍സിപിയുടെ തലപ്പത്തേക്ക് വരുമെന്ന കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് തന്റെ പിന്‍ഗാമിയായി മകള്‍ സുപ്രിയ സുലെയെ വാഴിച്ച് ശരത് പവാര്‍. മഹാരാഷ്ട്ര, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എന്‍സിപിയുടെ വര്‍ക്കിംഗ് പ്രസിഡന്റായി സുപ്രിയ സുലെയുടെ പേര് ശനിയാഴ്ചയാണ് ശരത് പവാര്‍ പ്രഖ്യാപിച്ചത്.
മഹാരാഷ്ട്രയാണ് എന്‍സിപിയുടെ പ്രധാന ഈറ്റില്ലം. അതിന്റെ ചുമതല സുപ്രിയ സുലെയെ ഏല്പിച്ചതിന്റെ അര്‍ത്ഥം തന്റെ പിന്‍ഗാമിയായി മകളെ വാഴിച്ചു എന്നത് തന്നെയാണ്. എല്ലാവരും ആ പദവിയില്‍ എത്തിപ്പെടുമെന്ന് കരുതിയിരുന്ന മരുമകന് അജിത് പവാറിനെ തള്ളിക്കൊണ്ട് മകള്‍ സുപ്രിയ സുലെയെ വാഴിച്ചതിന് അര്‍ത്ഥം ബിജെപിയുമായി അടുക്കുന്ന അജിത് പവാറിനെ അനുനയിപ്പിക്കാന്‍ ശരത് പവാറിന് കഴിഞ്ഞില്ലെന്നാണോ?
തല്ക്കാലം അനുചരനായ പ്രഫുല്‍ പട്ടേലിനെ പിണക്കാതിരിക്കാന്‍ ഗുജറാത്ത്, ഗോവ സംസ്ഥാനങ്ങളുടെ ചുമതലയുള്ള വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം ഏല്പിച്ചിട്ടുണ്ട്. അജിത് പവാറും സുപ്രിയ സുലെയും സന്നിഹതിരായ വേദിയില്‍വെച്ചാണ് ശരത് പവാര്‍ തീരുമാനം പ്രഖ്യാപിച്ചത്. തന്റെ സജീവമായ അവസാനഘട്ടത്തില്‍ മകളെ ഈ ചുമതല വഹിയ്ക്കാന്‍ പ്രാപ്തയാക്കുകയാണ് ശരത് പവാറിന്റെ ലക്ഷ്യം എന്ന് വേണം കരുതാന്‍.
ബിജെപി-ഷിന്‍ഡേ-അജിത് പവാര്‍ മുന്നണി വരുമോ?
ഇനി അജിത് പവാറിന്റെ അടുത്ത കരുനീക്കങ്ങള്‍ക്ക് എല്ലാവരും കാതോര്‍ക്കുകയാണ്. നേരത്തെ അഭ്യൂഹങ്ങള്‍ പരന്നതുപോലെ ബിജെപിയുമായി അജിത് പവാര്‍ വീണ്ടും കൈകോര്‍ക്കുമോ? എന്‍സിപിയുടെ എംഎല്‍എമാരെ അടര്‍ത്തിയെടുത്ത് അജിത് പവാര്‍ ഷിന്‍ഡേ-ബിജെപി പക്ഷത്തിലേക്ക് പോകുമോ? അതുവഴി കോണ്‍ഗ്രസ്, ശിവസേന(ഉദ്ധവ് താക്കറേ), എന്‍സിപി സഖ്യമായ മഹാവികാസ് അഘാഡിയെ എന്നെന്നേയ്ക്കുമായി മുട്ടുകുത്തിക്കാന്‍ പോന്ന പുതിയൊരു ബിജെപി-ഷിന്‍ഡേ-അജിത് പവാര്‍ മുന്നണി മഹാരാഷ്ട്രയില്‍ രൂപം കൊള്ളുമോ?
പ്രതികരിക്കാൻ ഇവിടെ എഴുതുക: