കൊച്ചി : മുന്‍ എസ്എഫ്ഐ നേതാവ് കെ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം നേടിയത് കോടതി വിധിയെ തുടര്‍ന്നെന്ന് പ്രസ്താവന മാറ്റിപ്പറഞ്ഞ് മുന്‍ കാലടി വിസി ധര്‍മരാജ് അടാട്ട്. സര്‍വകലാശാലാ മാനദണ്ഡമനുസരിച്ചാണ് വിദ്യയ്ക്ക് പ്രവേശനം നല്‍കിയതെന്നാണ് ധര്‍മരാജ് അടാട്ട് കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിനെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതോടെ മുന്‍ വിസി പ്രസ്താവന മാറ്റിപ്പറഞ്ഞത്.
15 പേരടങ്ങുന്ന പിഎച്ച്ഡി ലിസ്റ്റില്‍ പതിനഞ്ചാമതായാണ് വിദ്യയ്ക്ക് പ്രവേശനം ലഭിച്ചത്. 2020ല്‍ മലയാള വിഭാഗത്തില്‍ പിഎച്ച്ഡിക്കായി പത്തുസീറ്റാണ് കാലടിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് 5 സീറ്റ് കൂടി വര്‍ധിപ്പിച്ചു. ഈ അധിക പട്ടികയിലാണ് അവസാന സ്ഥാനക്കാരിയായി വിദ്യ കടന്നുകൂടിയത്. അധിക സീറ്റിന് സംവരണ മാനദണ്ഡം ബാധകമല്ലെന്നാണ് ഡോ. ധര്‍മരാജ് അടാട്ട് പറഞ്ഞു.
അതേസമയം വിദ്യ എംഫില്‍ പഠനത്തിലും തട്ടിപ്പ് നടത്തിയെന്ന് കെഎസ്യു ആരോപിച്ചു. ഒരിടത്ത് വിദ്യാര്‍ത്ഥിയായും മറ്റൊരിടത്ത് അധ്യാപികയായും നിന്നാണ് അവര്‍ എംഫില്‍ നേടിയതെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
2018 ഡിസംബര്‍ മുതല്‍ 2019 ഡിസംബര്‍ വരെ കാലടി സംസ്കൃത സര്‍വകലാശാല സെന്ററില്‍ എംഫില്‍ വിദ്യാര്‍ത്ഥിയായിരുന്ന വിദ്യ അതേ കാലയളവില്‍ 2019 ജൂണ്‍ മുതല്‍ നവംബര്‍ വരെ കാലടി ശ്രീശങ്കര കോളേജില്‍ മലയാളം വകുപ്പ് ഗസ്റ്റ് ലക്ചറര്‍ ആയി ജോലി ചെയ്തിരുന്നുവെന്നാണ് ആരോപണം.
എംഫില്‍ ഒരുവര്‍ഷം റെഗുലറായി കോളേജില്‍ പോയി പൂര്‍ത്തിയാക്കേണ്ട കോഴ്സാണ്. യൂണിവേഴ്സിറ്റിയുടെ നിയമങ്ങള്‍ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാര്‍ത്ഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപിക ആയും വിദ്യ പ്രവര്‍ത്തിച്ചു. യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫെല്ലോഷിപ്പും കോളേജില്‍ നിന്ന് ശമ്പളവും ഒരേ സമയം കൈപ്പറ്റി. എസ്എഫ്ഐയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് വിദ്യ ഈ തട്ടിപ്പ് നടത്തിയത്. എസ്എഫ്ഐയ്ക്ക് ഇതില്‍ നിന്നും കൈകഴുകാനാകില്ലെന്നും ഷമ്മാസ് പറഞ്ഞു.
ആരോപണം ഉയര്‍ന്ന് നാല് ദിവസത്തോളം ആയിട്ടും വിദ്യയെ കാണാനില്ല, ഒളിവിലാണെന്നാണ് പോലീസ് ആവര്‍ത്തിക്കുന്നത്. എന്നാല്‍ വിദ്യ കാലടി സര്‍വകലാശാല ഹോസ്റ്റലില്‍ തന്നെയുണ്ടെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: