കൊട്ടിയൂര്‍: വൈശാഖോത്സവത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം നടന്ന തിരുവോണം ആരാധനക്കുശേഷം ഇന്നലെ രാത്രിയോടെ ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീര്‍വയ്‌പ്പ് നടന്നു. ഇന്ന് അഷ്ടമി ആരാധനയും ഇളനീരാട്ടവും നടക്കും. കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ നൂറിലേറെ മഠങ്ങളില്‍ നിന്ന് വ്രതനിഷ്ഠരായ ആയിരക്കണക്കിന് പേരാണ് ഇളനീര്‍ കാവുമായി ഇന്നലെ സന്ധ്യയോടെ കൊട്ടിയൂരിലെത്തിച്ചേര്‍ന്നത്.
കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള ജന്മാവകാശികളായ തണ്ടയാന്മാര്‍ക്കാണ് ഇളനീര്‍വയ്‌പ്പിനുള്ള അവകാശം. കൂത്തുപറമ്പിനടുത്തുള്ള വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ നിന്ന് എരുവട്ടി തണ്ടയാനാണ് എള്ളെണ്ണയും ഇളനീരുമായി ഇളനീര്‍വയ്‌പ്പിന് മുന്നോടിയായി കൊട്ടിയൂരിലെത്തിക്കുന്നത്.
തിരുവഞ്ചിറയിലെ കിഴക്കേ നടയിലാണ് ഇളനീര്‍ വയ്‌പ്പ് നടന്നത്. ഇളനീര്‍ വ്രതക്കാര്‍ സന്ധ്യയോടെ മന്ദംചേരിയിലെ ബാവലിക്കരയിലെത്തി ഇളനീര്‍വയ്‌പ്പിനുള്ള മുഹൂര്‍ത്തം കാത്തിരുന്നു. ക്ഷേത്രത്തില്‍ രാത്രി പന്തീരടി പൂജാകര്‍മ്മങ്ങള്‍ കഴിഞ്ഞ ഉടനെ കുടിപതി കാരണവര്‍ കിഴക്കേ നടയില്‍ വെള്ളിക്കിടാരംവച്ചു. ശ്രീഭൂതബലി കഴിഞ്ഞതോടെ കാര്യത്ത് കൈക്കോളന്‍ തട്ടും പോളയും വിരിച്ചു. തുടര്‍ന്ന് ഇളനീര്‍വയ്‌പ്പിനുള്ള രാശി വിളിച്ചു. ഇതോടെ വാക്കന്റെ കുഴലൂത്തിന്റെയും മുന്നൂറ്റാന്റെ വാദ്യത്തിന്റെയും അകമ്പടിയോടെ അഞ്ഞൂറ്റാന്‍ വീരഭദ്രസ്വാമി കിഴക്കേ നടയിലെത്തി ഒറ്റക്കാലില്‍ നിലയുറപ്പിച്ചു. മുഴുവന്‍ വ്രതക്കാരും ഇളനീര്‍ കാവുകള്‍ സമര്‍പ്പിച്ചശേഷം എരുവട്ടി തണ്ടയാന്‍ പരിവാരസമേതം പടിഞ്ഞാറേ നടയിലൂടെ സന്നിധാനത്തെത്തി എള്ളെണ്ണയും ഇളനീരും തൃക്കൈക്കുടയും സമര്‍പ്പിച്ചതോടെയാണ് ഇളനീര്‍ സമര്‍പ്പണം പൂര്‍ത്തിയായത്.
വൈശാഖ മഹോത്സവത്തിലെ രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധന ഇന്ന് നടക്കും. രാത്രിയോടെയാണ് ഇളനീരാട്ടം നടക്കുക. ഭൂതഗണനാഥനായ വീരഭദ്രനെ യാഗ പൂര്‍ത്തീകരണത്തിനും ശിവകോപം തണുപ്പിക്കുന്നതിനുമായി ശിവപുത്രനായ എരുവട്ടിക്കാവ് ദേവന്‍ അയക്കുന്ന മനുഷ്യങ്ങളാണ് ഇളനീര്‍ക്കാവുകാര്‍ എന്നാണ് സങ്കല്‍പം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: