‘ചൈനയെക്കുറിച്ചൊരക്ഷരം മിണ്ടരുത്’ – മാര്‍ക്സിസ്റ്റുകാരുടെ നിലപാടിങ്ങനെയാണ്. ‘മധുരമനോഹര മനോജ്ഞ ചൈന’യാണ്. ആ ചൈനയെക്കുറിച്ച് മോദി സര്‍ക്കാരിന് വല്ല അഭിപ്രായവുമുണ്ടോ? ഇല്ലേ ഇല്ല. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ കഴിയുന്നതും തിരിസ്കരിക്കുക എന്നതാണല്ലോ പ്രഖ്യാപിത നയം. അങ്ങനെയാണോ സംസ്ഥാനത്തെ പിണറായി സര്‍ക്കാര്‍! ചൈനയിലെന്തുണ്ടാക്കിയാലും നല്ലത്. നല്ലതേ അവിടെ വിളയൂ. നല്ലതേ അവിടെ വിതയ്ക്കൂ എന്ന് വിശ്വസിക്കുന്നവര്‍ക്ക് മോദി സര്‍ക്കാരിന്റെ ചൈനാ വിരുദ്ധത എങ്ങനെ സഹിക്കും. അതുകൊണ്ട് തന്നെയല്ലെ എല്ലാവര്ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന (?) കെ-ഫോണ്‍ പദ്ധതിക്കുള്ള വയര്‍ (കേബിള്‍) ചൈനയുടേത് തന്നെ വേണമെന്ന നിര്ബന്ധത്തിനാധാരം. അതിനെ തടയാനല്ലെ കേന്ദ്രത്തിന്റെ ശ്രമം.
ചൈനീസ് സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തുന്ന മേഖലകളുടെ പട്ടിക തയാറാക്കിയാണു കേബിളിന് നിര്‍ദേശം കൈമാറിയത്. ത്രിഡി പ്രിന്റിങ്, തുറമുഖ ക്രെയിനുകളിലെ സ്കാഡ സിസ്റ്റംസ്, ഡേറ്റാ ടെക്നോളജി, സോഫ്റ്റ്വെയര് തുടങ്ങിയ മേഖലകളില്‍ ചൈനീസ് സാങ്കേതികവിദ്യകളുടെ ഉപയോഗം നിയന്ത്രിക്കണമെന്നാണു മുന്നറിയിപ്പ്. ആണവോര്‍ജം, ബ്രോഡ്കാസ്റ്റിങ്, മാധ്യമങ്ങള്‍, പ്രതിരോധം, ബഹിരാകാശം, വാര്‍ത്താവിനിമയം തുടങ്ങിയ മേഖലകളില്‍ ചൈനീസ് ഉല്പന്നങ്ങളുടെ ഇറക്കുമതി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
ഊര്‍ജം, വ്യോമയാനം, ഖനനം, റെയില്‍വേ, ആരോഗ്യം, ഗ്രാമീണ ഗതാഗതം തുടങ്ങിയ അതിപ്രധാന മേഖലകളിലും ചൈനീസ് വസ്തുക്കളുടെ ഉപയോഗം നിരുത്സാഹപ്പെടുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നു. ഇന്ത്യയിലേക്കു മാത്രമല്ല, ആഗോളതലത്തില്‍ ഒട്ടേറെ രാജ്യങ്ങളിലേക്കു വലിയതോതില്‍ സാധനങ്ങളും സാങ്കേതികവിദ്യയും ചൈന വിതരണം ചെയ്യുന്നുണ്ട്. മറ്റുള്ളവരേക്കാള്‍ കുറഞ്ഞ തുക ക്വോട്ട് ചെയ്ത് ഇന്ത്യന്‍ പൊതുമേഖല–സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കരാര്‍ നേടിയെടുക്കുക എന്നത് ചൈനീസ് കമ്പനികള്‍ പ്രയോഗിക്കുന്ന രീതിയാണ്.
ഈ സാഹചര്യം മറികടക്കാന്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ മാര്‍ഗനിര്‍ദ്ദേശത്തില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ സുരക്ഷ കൗണ്‍സില്‍ സെക്രട്ടേറിയറ്റ് നടപടി സ്വീകരിച്ചിരുന്നു. ഒരു വര്‍ഷം നീളുന്ന ബോധവല്‍ക്കരണ പരിപാടികള്‍ മന്ത്രാലയങ്ങളിലും വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും സംഘടിപ്പിക്കും. ചൈനീസ് ഉല്പന്നങ്ങളും സാങ്കേതികവിദ്യയും ഉപയോഗിക്കുമ്പോഴുള്ള അപകടസാധ്യതകള്‍ ബോധ്യപ്പെടുത്തും. പൂര്‍ണ നിരോധനമല്ല, പ്രധാന മേഖലകളിലെ ചൈനീസ് സാന്നിധ്യം കുറയ്ക്കുകയാണു ലക്ഷ്യമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ച് ചൈനീസ് കേബിള്‍ വാങ്ങി എന്ന ആരോപണം തെറ്റെന്നാണ് കെ ഫോണ്‍ നിലപാട്. ഒപിജിഡബ്ല്യു കേബിളിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ ഭാഗം മാത്രമാണ് ചൈനീസ് കമ്പനിയില്‍ നിന്ന് വാങ്ങിയതെന്നാണ് കെ ഫോണിന്റെ ന്യായീകരണം. 6 മടങ്ങ് വില കൂട്ടിയാണ് കേബിള്‍ വാങ്ങിയതെന്ന കെഎസ്ഇബിയുടെ കത്തിലെ പരാമര്‍ശവും ശരിയല്ല. ടെക്നിക്കല്‍ കമ്മറ്റിയുടെ അംഗീകാരത്തോടെയാണ് കേബിള്‍ വാങ്ങിയതെന്നും കെ ഫോണ്‍ പറയുന്നു.
അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റിനിടയിലാണ് ഒപിജിഡബ്ല്യു കേബിള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട കെഎസ്ഇബിയുടെ കത്തിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നത്. ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ച് ചൈനീസ് കേബിള്‍ വാങ്ങി, ഗുണനിലവാരത്തില്‍ സംശയമുണ്ട്, 6 മടങ്ങാണ് വില എന്നീ പ്രശ്നങ്ങളായിരുന്നു കെഎസ്ഇബി ഉന്നയിച്ചത്. ഒപിജിഡബ്ല്യു കേബിളിന്റെ 58% നിര്‍മിച്ചിരിക്കുന്നത് ഇന്ത്യയിലാണ് എന്ന എല്‍എസ് കേബിള്‍ കമ്പനിയുടെ വാദം ആവര്‍ത്തിക്കുകയാണ് കെ ഫോണ്‍. ഇത് സാക്ഷ്യപ്പെടുത്തി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നല്കിയ സര്‍ട്ടിഫിക്കറ്റ് എല്‍എസ് കേബിള്‍ സമര്‍പ്പിച്ചിരുന്നു.
അതിനാല്‍ ടെന്‍ഡര്‍ വ്യവസ്ഥ ലംഘിച്ചിട്ടില്ല. 6 മടങ്ങ് കൂടുതല്‍ വില നല്‍കിയാണ് ഒപിജിഡബ്ല്യു കേബിള്‍ വാങ്ങിയത് എന്നതും ശരിയല്ല. ഗ്രൗണ്ട് വയറിനെക്കാള്‍ 6 മടങ്ങ് വില കൂടുതല്‍ എന്നാണ് കെഎസ്ഇബി ചൂണ്ടിക്കാണിച്ചത്. ഇതു ശരിയാണ്. കാരണം 110കെവി ലൈനില്‍ എര്‍ത്ത് വയറായി കെഎസ്ഇബി ഉപയോഗിക്കുന്നതിനെക്കാള്‍ പല മടങ്ങ് വില ഒപിജിഡബ്ല്യു കേബിളിനുണ്ട്. ഒപിജിഡബ്ല്യു കേബിള്‍ 79 കോടി രൂപ മുടക്കി വാങ്ങിയത് കെഎസ്ഇബി തന്നെയാണെന്നും കെ. ഫോണ്‍ പറയുന്നു. എന്നിരുന്നാലും കെ. ഫോണില്‍ ഉപയോഗിക്കുന്നത് ചൈനീസ് കേബിള്‍ തന്നെയാണെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മതിക്കുന്നത്. ഹരിയാനയിലെ എല്‍എസ് കേബിള്‍ കമ്പനിയില്‍ നിന്നാണ് കേബിള്‍ വാങ്ങുന്നത്. അവിടെ പക്ഷേ ഒപ്റ്റിക്കല്‍ യൂണിറ്റ് ലഭ്യമാക്കിയത് ചൈനയില്‍ നിന്നാണ്. മുഖ്യമന്ത്രിക്ക് അതാണ് ആശ്വാസമെന്നാണ് കേട്ടാല്‍ തോന്നുക. 55 ശതമാനത്തിലധികം ഇന്ത്യന്‍ ചേരുവ ഉണ്ടെങ്കില്‍ മെയ്ഡ് ഇന്‍ ഇന്ത്യ ഗണത്തില്‍പ്പെടും.’
കെ ഫോണ്‍ പദ്ധതിക്ക് എല്‍എസ് കേബിള്‍ എന്ന കമ്പനി നല്കിയ കേബിളുകളുടെ ഗുണനിലവാരം പരിശോധിച്ചതും ചൈനയിലാണെന്നതാണ് കൗതുകകരം. ഇന്ത്യയില്‍ പരിശോധിക്കണമെന്നു ടെന്‍ഡറില്‍ വ്യവസ്ഥയുള്ളപ്പോഴാണു ചൈനയിലെ ഷാങ്ഹായ് നാഷനല്‍ സെന്റര്‍ ലാബിലെ പരിശോധനാഫലം അംഗീകരിച്ചത്. കെഎസ്ഇബിയുടെ സാങ്കേതിക സമിതിയുടേതുള്‍പ്പെടെ എല്ലാത്തരത്തിലുമുള്ള മറ്റു പരിശോധനകള്‍ക്കും കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (കെഎസ്ഐടിഐഎല്‍) തടയിട്ടു. ഇന്ത്യന്‍ ഉല്‍പാദകനില്‍നിന്നു വാങ്ങിയതും ഇന്ത്യയില്‍ രൂപകല്പന ചെയ്ത്, നിര്‍മിച്ച്, പരിശോധിച്ചതുമായ ഉല്പന്നങ്ങള് മാത്രമേ നല്കാന് പാടുള്ളൂവെന്ന ടെന്‍ഡര്‍ വ്യവസ്ഥയാണു ലംഘിച്ചത്. പദ്ധതി പങ്കാളിയായ കെഎസ്ഇബിക്ക് കെഎസ്ഐടിഐഎലിന്റെ നിര്‍ബന്ധം മൂലം വഴങ്ങേണ്ടിവന്നെങ്കിലും എല്‍എസ് കേബിള്‍ കമ്പനിയുടെ ബില്‍ തുക മാറി നല്കാന് അവര്‍ തടസ്സംനിന്നതായാണു വിവരം. കേബിള്‍ നല്കി 2 വര്‍ഷം കഴിഞ്ഞിട്ടും കമ്പനിക്ക് ഇനിയും മുഴുവന്‍ പണം നല്‍കിയിട്ടില്ല. 2600 കിലോമീറ്ററിലാണ് ഈ കേബിള്‍ സ്ഥാപിച്ചത്.
കെ ഫോണ്‍ കമ്പനിയില്‍ കെഎസ്ഇബിക്കും കെഎസ്ഐടിഐഎലിനും 49% വീതമാണ് ഓഹരി പങ്കാളിത്തം. എന്നിട്ടും കെഎസ്ഇബിയുടെ ആശങ്കകള്‍ അവഗണിച്ചാണു ചൈനീസ് നിര്‍മിത കേബിളുമായി കെഎസ്ഐടിഐഎല്‍ മുന്നോട്ടുപോയത്. ചൈനീസ് നിര്‍മിത ഉല്‍പന്നമെന്നറിഞ്ഞതു വളരെ വൈകിയാണെന്നും ഇതിലെ ‘ഹൈ റിസ്ക്’ കെഎസ്ഐടിഐഎലിനെ അറിയിച്ചെന്നുമാണു കെ ഫോണ്‍ പദ്ധതിയില്‍ നടക്കുന്ന ഓഡിറ്റില്‍ കെഎസ്ഇബി അറിയിച്ചത്. 4 മാസമായി നടക്കുന്ന ഓഡിറ്റില്‍ ഇതുവരെ ലഭിച്ച നിരീക്ഷണങ്ങളില്‍ വ്യക്തത വരുത്താന്‍ ഓഡിറ്റര്‍ കെഎസ്ഐടിഐഎലിനു കൈമാറിയിരിക്കുകയാണ്. അതവിടെ ഇരിക്കട്ടെ, മധുരമനോഹരമനോജ്ഞ ചൈനയുടെ കേബിള്‍ വലിച്ച സന്തോഷത്തിനിടയിലാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പറന്നത് എന്നതാണ് സവിശേഷത. അമേരിക്ക എന്ന് കേട്ടാല്‍ തിളക്കണം ചോര ഞരമ്പുകളിലെന്ന് പാടിയതും പഠിപ്പിച്ചതും വെറുതെയായി. അവിടെ ചെന്നിട്ടോ തീന്മേശക്കരികിലിരിക്കാന് 82 ലക്ഷം രൂപ. അങ്ങനെ എത്രപേര്‍ ഇരുന്നു. എത്രപണം പിരിഞ്ഞു എന്ന് കാണാനിരിക്കുന്നതേയുള്ളൂ. ദാഹിച്ച് മോഹിച്ച് അമേരിക്കയിലെത്തിയപ്പോഴല്ലേ അവിടത്തെ വിശേഷം. ‘പാപി ചെന്നടം പാതാളം’ എന്ന മട്ടിലായി സംഭവങ്ങള്‍.
ന്യൂയോര്‍ക്ക് നഗരത്തില്‍ പടര്‍ന്നിരിക്കുന്ന പുക പൊതു സമ്മേളനത്തിനു മേല്‍ കരിനിഴല്‍ വീഴ്ത്തിയിയതാണ് പ്രശ്നം. കാനഡയില്‍ കാട്ടുതീ പടരുന്നത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് നഗരം പുക തിങ്ങി നിറഞ്ഞ് മഞ്ഞ നിറത്തിലായി. ചുവപ്പാണെങ്കില്‍ സഹിക്കാമായിരുന്നു. ന്യൂയോര്‍ക്കിലെ ജനങ്ങളോട് എന്‍ 95 മാസ്ക് ധരിക്കാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. സൗജന്യമായി മാസ്ക് വിതരണം ചെയ്യുന്നുണ്ട്. ജനങ്ങള്‍ കഴിവതും വീടിനുള്ളില്‍ തന്നെ കഴിയണമെന്നും മേയര്‍ മുന്നറിയിപ്പ് നല്കി. കായിക മത്സരങ്ങള്‍ മാറ്റിവച്ചു. വിമാനങ്ങള്‍ പലതതും വൈകുന്നു. ലോക കേരള സഭയുടെ ഹോട്ടലിലെ സമ്മേളനങ്ങള്‍ കുഴപ്പിമില്ലാതെ നടക്കുമായിരിക്കുമെങ്കിലും ടെംസ് സ്ക്വറിലെ പൊതുപരിപാടി പുകയില്‍ മുങ്ങുമോ എന്ന ഭീതിയാണ് പരക്കെ. ലോക കേരള സഭയുടെ അമേരിക്കന്‍ ബ്രാഞ്ച് സമ്മേളനത്തിന് 5 കോടിയാണ് ചെലവാക്കുന്നത്. കടംകൊണ്ട് കണ്ണുമൂടിയ ധനമന്ത്രിയും മുഖ്യമന്ത്രിക്കൊപ്പമുണ്ട് എന്ന് ആശ്വസിക്കാന്‍ നോക്കുമ്പോഴാണ് അവിടെ അഗ്നിപര്‍വ്വതം പൊട്ടിയത്. കൂടെ ഭൂകമ്പവും. പഴയ വിജയനാണെങ്കില്‍ ഇതിനും മറുപുറമുണ്ടായേനെ. പക്ഷേ ഇത് പുതിയ വിജയനല്ലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: