പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തില്‍നിന്ന് ഖാലിസ്ഥാന്‍ ഭീകരരെ ഒഴിപ്പിച്ച ബ്ലൂസ്റ്റാര്‍ ഓപ്പറേഷന്റെ വാര്‍ഷികാഘോഷമെന്ന പേരില്‍ കാനഡയില്‍ ഇന്ദിരാഗാന്ധിയെ വധിക്കുന്നതിന്റെ നിശ്ചല ദൃശ്യം അവതരിപ്പിച്ചതിനെതിരെ ആ രാജ്യത്തിന് ഇന്ത്യ നല്‍കിയിരിക്കുന്ന കനത്ത താക്കീത് ലോകത്ത് എവിടെയായിരുന്നാലും ഭീകരവാദത്തോട് സന്ധിയില്ലെന്ന നിലപാട് വ്യക്തമാക്കുന്നതാണ്. ഇത്തരം സംഘര്‍ഷങ്ങളുണ്ടാക്കുന്ന വിഘടനവാദികള്‍ക്കും ഭീകരവാദികള്‍ക്കും ഇടം നല്കുന്നതില് മറ്റെന്തോ വിഷയമുണ്ടെന്നും, ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തിന് അത് നല്ലതല്ലെന്നും വിദേശ കാര്യമന്ത്രി എസ്. ജയശങ്കര്‍ തുറന്നടിച്ചിരിക്കുന്നത് ഈ വിഷയം വളരെ ഗൗരവത്തിലാണ് എടുത്തിട്ടുള്ളതെന്ന് വ്യക്തമാക്കുന്നുണ്ട്. സംഭവത്തെ അപലപിച്ച ഇന്ത്യയിലെ കനേഡിയന്‍ സ്ഥാനപതി, ഇത്തരമൊരു പരിപാടി സംഘടിപ്പിച്ചത് ഞെട്ടലുണ്ടാക്കിയെന്നും, വിദ്വേഷകര്ക്കും കലാപകാരികള്‍ക്കും കാനഡയില്‍ സ്ഥാനമില്ലെന്നും അഭിപ്രായപ്പെടുകയുണ്ടായി. എന്നാല്‍ ഇതില്‍ ഒരു കാപട്യമുണ്ട്. ഇത് ആദ്യമായല്ല കാനഡയിലെ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ ഇന്ത്യാ വിരോധം പുറത്തെടുക്കുന്നതും പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കുന്നതും. 2022 സെപ്തംബറില്‍ ഖാലിസ്ഥാന്‍ രാഷ്ട്രത്തിനുവേണ്ടി തീവ്രവാദികള്‍ കാനഡയില്‍ ഒരു ‘ഹിതപരിശോധന’ നടത്തുകയുണ്ടായി. ഇന്ത്യ ശക്തമായ എതിര്‍പ്പറിയിച്ചിട്ടും ഈ ഹിതപരിശോധന കനേഡിയന്‍ സര്‍ക്കാര്‍ അനുവദിക്കുകയായിരുന്നു. പഞ്ചാബിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അനുമതി കാനഡയിലെ സിഖുകാരില്‍നിന്ന് ലഭിച്ചാല്‍ ഐക്യരാഷ്ട്രസഭയെ സമീപിക്കുമെന്ന പ്രകോപനപരമായ പ്രസ്താവനയും ഖാലിസ്ഥാന്‍ തീവ്രവാദികള്‍ അന്ന് നടത്തുകയുണ്ടായി.
തീവ്രവാദികള്‍ ഇന്ത്യയ്ക്കെതിരെ ഇത്തരം പ്രഹസനങ്ങള്‍ സംഘടിപ്പിക്കാന്‍ കാനഡയെ ഉപയോഗിക്കുന്നതിലുള്ള പ്രതിഷേധം വിദേശകാര്യ വക്താവ് അറിയിക്കുകയുണ്ടായി. എന്നാല്‍ ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും അംഗീകരിക്കുമെന്നും, അതിനെ ചോദ്യം ചെയ്യുന്നതെന്തും തങ്ങളുടെ മണ്ണില്‍ അനുവദിക്കുകയില്ലെന്നും ഉറപ്പുനല്‍കിയ കാനഡയിലെ ജസ്റ്റിന് ട്രൂഡോ സര്‍ക്കാര്‍ ‘ഹിതപരിശോധന’ തടയാന്‍ യാതൊരു നടപടിയുമെടുത്തില്ല. വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇതിനു കാരണം. നിയമം ലംഘിക്കാതെ സമാധാനപരമായി സമരം ചെയ്യാനും അഭിപ്രായം പ്രകടിപ്പിക്കാനും പൗരന്മാര്ക്ക് അവകാശമുണ്ടെന്ന ന്യായം പറഞ്ഞാണ് ട്രൂഡോ സര്‍ക്കാര്‍ ഖാലിസ്ഥാന്‍ തീവ്രവാദികളെ സഹായിച്ചത്. എസ്എഫ്ജെ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഖാലിസ്ഥാന്‍ തീവ്രവാദ സംഘടനയാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന കാര്യം കനേഡിയന്‍ സര്‍ക്കാര്‍ സൗകര്യപൂര്‍വം കണ്ടില്ലെന്ന് നടിച്ചു. ഖാലിസ്ഥാന്‍ തീവ്രവാദികള്‍ സിഖുയുവാക്കളെ വഴിതെറ്റിക്കുന്നത് തടഞ്ഞില്ലെങ്കില്‍ കാനഡയില്‍തന്നെ ഒരു ഖാലിസ്ഥാന്‍ രൂപംകൊള്ളുന്നതിലാണ് അത് അവസാനിക്കുകയെന്ന മുന്നറിയിപ്പും ഇന്ത്യ നല്കുകയുണ്ടായി. ഇന്ത്യാ വിരോധം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാനഡ സന്ദര്‍ശിക്കുന്ന സ്വന്തം പൗരന്മാരോട് ജാഗ്രത പുലര്‍ത്താന്‍ ഇന്ത്യ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇങ്ങനെ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുന്നതിനു പകരം പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് കനേഡിയന്‍ പൗരന്മാരോട് ആവശ്യപ്പെടുകയാണ് ട്രൂഡോ സര്‍ക്കാര്‍ ചെയ്തത്.
എന്നിട്ടാണ് ഇപ്പോള്‍ ഇന്ദിരാവധത്തിന്റെ നിശ്ചലദൃശ്യം അവതരിപ്പിച്ചത് ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ ആ രാജ്യത്തിന്റെ സ്ഥാനപതി ഞെട്ടുന്നത്! ഇന്ത്യയില്‍ ഖാലിസ്ഥാന്‍ ഭീകരവാദത്തെ അടിച്ചമര്‍ത്തിയെങ്കിലും ചില വിദേശ രാജ്യങ്ങളില്‍ പഞ്ചാബിന്റെ പേരില്‍ വിഘടനവാദം ഉന്നയിക്കുന്ന സിഖ് തീവ്രവാദികള്‍ സജീവമാണ്. ഇക്കൂട്ടരുടെ താവളംതന്നെയാണ് കാനഡ. ഇക്കൂട്ടരെ പ്രീണിപ്പിക്കുന്ന വിധത്തില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതുപോലുള്ള പ്രസ്താവനകള്‍ നടത്താനും കാനഡയിലെ ഭരണാധികാരികള്‍ മടിക്കുന്നില്ല. മോദി സര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന സമരത്തെ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ പിന്തുണച്ചിരുന്നു. സമരത്തിനിടെ വലിയ അക്രമങ്ങള്‍ നടത്താന്‍ ഇത്തരം ശക്തികള്‍ ശ്രമം നടത്തി. കര്‍ഷകസമരത്തെ ന്യായീകരിച്ച് ജസ്റ്റിന് ട്രൂഡോ രംഗത്തുവന്നതിനെ ഇന്ത്യ അപലപിക്കുകയുണ്ടായി. കാനഡയില്‍ ഇന്ദിരാവധം ആഘോഷമാക്കിയതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ നടപടികളെടുക്കണമെന്ന കോണ്‍ഗ്രസ്സിന്റെ ആവശ്യവും കാപട്യമാണ്. കര്‍ഷക സമരത്തില്‍ ഖാലിസ്ഥാന്‍ തീവ്രവാദികള്‍ അടക്കമുള്ള വിഘടനവാദികളുമായി കൈകോര്‍ത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. സമരത്തിന്റെ മറവില്‍ ചെങ്കോട്ടയില്‍ കടന്നുകയറി ഖാലിസ്ഥാന്‍ തീവ്രവാദികള്‍ അക്രമം നടത്തിയതിനെയും കോണ്‍ഗ്രസ് ന്യായീകരിച്ചു. അധികാരത്തിനുവേണ്ടി കോണ്‍ഗ്രസ് തേടിയ കുറുക്കുവഴികളാണ് പല വിഘടനവാദങ്ങള്‍ക്കും ഇടവരുത്തിയത്. പഞ്ചാബില്‍ അകാലിദളിനെ നേരിടാന്‍ കോണ്‍ഗ്രസ്സ് വളര്‍ത്തിക്കൊണ്ടുവന്ന ഭിന്ദ്രന്‍വാലയുടെ അനുയായികളാണല്ലോ ഒടുവില്‍ ഇന്ദിരയുടെ ജീവനെടുത്തത്. ഇതല്ല ബിജെപിയുടെ നിലപാട്. അതുകൊണ്ടാണ് കാനഡയ്ക്കെതിരെ ശക്തമായ നിലപാട് എടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: