Categories: Kerala

വിദ്യ പിഎച്ച്ഡി പ്രവേശനം നേടിയത് 10 പേര്‍ക്കെന്ന വിജ്ഞാപനം തിരുത്തി 15 ആക്കിയശേഷം; സര്‍വ്വകലാശാലയ്‌ക്ക് അയച്ച കത്തും പുറത്ത്

വ്യാജരേഖാ കേസില്‍ വിദ്യയ്‌ക്കെതിരെ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ ലാലിമോള്‍ വര്‍ഗീസ് അഗളി പോലീസിന് പരാതി നല്‍കി. ലാലിമോളിന്റെ സംശയമാണ് വിദ്യയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ കാരണമായത്.

Published by

കൊച്ചി : മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യയുടെ പിഎച്ച്ഡി പ്രവേശനം നേടിയത് വിജ്ഞാപനം തിരുത്തിയെന്ന് കണ്ടെത്തല്‍. 10 സീറ്റാണ് കാലടി സര്‍വ്വകലാശാലയുടെ ആദ്യ വിജ്ഞാപനത്തില്‍ പിഎച്ച്ഡിക്കായി പറഞ്ഞിരുന്നത്. എന്നാല്‍ ഇത് പിന്നീട് തിരുത്തി വിദ്യ ഉള്‍പ്പടെ 15 പേര്‍ക്ക് പ്രവേശനം നല്‍കുകയായിരുന്നു.

ആദ്യ വിജ്ഞാപനത്തില്‍ പിഎച്ച്ഡി പ്രവേശനം നിഷേധിച്ചതിനെതിരെ മുന്‍ എസ്എഫ്‌ഐ നേതാവ് കെ. വിദ്യ കാലടി സര്‍വകലാശാലയ്‌ക്ക് നല്‍കിയ കത്തും പുറത്തുവന്നിട്ടുണ്ട്. ജെആര്‍എഫ് അടക്കം മറ്റ് അധിക യോഗ്യതകള്‍ ഇല്ലാത്തവര്‍ക്കുള്ള പിഎച്ച്ഡി പ്രവേശനത്തിനായി സര്‍വ്വകലാശാല പ്രവേശന പരീക്ഷ നടത്തിയിരുന്നു. തുടന്ന് കാലടി സര്‍വ്വകലാശാല പുറത്തുവിട്ട ലിസ്റ്റില്‍ വിദ്യയുടെ പേര് ഉണ്ടായിരുന്നില്ല.  

ലിസ്റ്റില്‍ പേരില്ലാതായതോടെ വിദ്യ എഴുത്ത് പരീക്ഷയ്‌ക്ക് തനിക്ക് ഒന്നാം റാങ്കുണ്ടെന്നും അത് അഭിമുഖത്തില്‍ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി സര്‍വ്വകലാശാലയ്‌ക്ക് കത്ത് നല്‍കുകയായിരുന്നു. റിസര്‍ച്ച് കമ്മിറ്റി താനടക്കം 15 പേരെ അഡ്മിഷന് നിര്‍ദ്ദേശിച്ചെങ്കിലും 10 പേരുടെ ലിസ്റ്റാണ് സര്‍വകലാശാല പുറത്തുവിട്ടത്. എഴുത്ത് പരീക്ഷയ്‌ക്ക് ലഭിച്ച മാര്‍ക്ക് കൂടി പരിഗണിച്ച് അഡ്മിഷന്‍ നടപടികള്‍ പുനഃപരിശോധിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടത്.  

തുടര്‍ന്ന് ഈ കത്ത് പരിഗണനയ്‌ക്ക് എടുത്താണ് വിദ്യ ഉള്‍പ്പടെ 15 പേര്‍ക്ക് പ്രവേശനം ലഭിച്ചത്. നിയമപരമല്ലാതെ വിജ്ഞാപനം ഇതിനായി തിരുത്തുകയും ചെയ്തിട്ടുണ്ട്. ‘ആവിഷ്‌കാര സ്വാതന്ത്ര്യനിഷേധം മലയാള സാഹിത്യ ജനുസുകളില്‍: ഇന്ത്യന്‍ ഭരണഘടനയുടെ 19ാം അനുച്ഛേദം ആസ്പദമാക്കിയുള്ള പഠനം’, എന്നാണ് മലയാള വിഭാഗ ഗവേണത്തിനായി വിദ്യ തെരഞ്ഞെടുത്തത്. ഈ വിഷയത്തില്‍ ഡോ. ബിച്ചു എക്സ്. മലയില്‍ ഗൈഡായി പ്രവര്‍ത്തിക്കാമെന്ന് തനിക്ക് വാഗ്ദാനം ചെയ്തതായും കത്തില്‍ പറയുന്നുണ്ട്. എന്നാല്‍ വിദ്യയുടെ പിഎച്ച്ഡി പ്രവേശനം വിവാദമായതോടെ ബിച്ചു എക്സ് മലയില്‍ ഗൈഡ് സ്ഥാനത്ത് നിന്ന് പിന്മാറി.

അതിനിടെ വ്യാജരേഖാ കേസില്‍ വിദ്യയ്‌ക്കെതിരെ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ ലാലിമോള്‍ വര്‍ഗീസ് അഗളി പോലീസിന് പരാതി നല്‍കി. ലാലിമോളിന്റെ സംശയമാണ് വിദ്യയുടെ തട്ടിപ്പ് പുറത്തുകൊണ്ടുവരാന്‍ കാരണമായത്. ഇതിനെ തുടര്‍ന്ന് കേസുമായി ബന്ധപ്പെട്ടുള്ള എല്ലാ ഫയലുകളും എഫ്‌ഐആറും എറണാകുളം സെന്‍ട്രല്‍ പോലീസ് അഗളി പോലീസിന് കൈമാറി.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക