ഇരിട്ടി (കണ്ണൂര്‍): കൊട്ടിയൂര്‍ വൈശാഖോത്സവത്തിലെ നാല് ആരാധനകളില്‍ ആദ്യത്തേതായ തിരുവോണം ആരാധന വ്യാഴാഴ്ച നടന്നു. കോട്ടയം കോവിലകത്തു നിന്നെത്തിച്ച അഭിഷേക സാധനങ്ങളും കരോത്ത് നായര്‍ തറവാട്ടില്‍നിന്ന് എഴുന്നള്ളിച്ച് കൊണ്ടുവന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയില്‍ തേടന്‍ വാര്യര്‍ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരില്‍ എത്തിച്ചു. ഉഷഃപൂജയ്‌ക്ക് ശേഷമായിരുന്നു ആരാധനാ പൂജ. തുടര്‍ന്ന് നിവേദ്യ പൂജ കഴിഞ്ഞ് ശീവേലിക്ക് സമയമറിയിച്ച് ശീവേലിക്ക് വിളിച്ചതോടെ എഴുന്നള്ളത്തിന് തുടക്കമായി.
കഴിഞ്ഞ ദിവസം ഒരു ഭക്തന്‍ പെരുമാളിന് സമര്‍പ്പിച്ച തങ്കത്തില്‍ പൊതിഞ്ഞ നെറ്റിപ്പട്ടം കെട്ടിയാണ് ഗജവീരനെ ശീവേലിക്ക് എഴുന്നള്ളിച്ചത്. ശീവേലിക്ക് വിശേഷവാദ്യങ്ങളും കരിമ്പന ഗോപുരത്തില്‍ നിന്ന് എഴുന്നള്ളിച്ചെത്തിച്ച സ്വര്‍ണം വെള്ളിക്കുടങ്ങള്‍ ഉള്‍പ്പെടെയുള്ള ഭണ്ഡാരങ്ങളും അകമ്പടിയായി. ഉത്സവ ദിവസങ്ങളില്‍ അക്കരെ കൊട്ടിയൂരില്‍ നടന്നു വരാറുള്ള മത്തവിലാസം കൂത്തും, പാഠകവും വ്യാഴാഴ്ച മുതല്‍ ആരംഭിച്ചു. പൊന്നിന്‍ ശീവേലിക്ക് ശേഷം തിരുവഞ്ചിറയില്‍ നടന്ന അടിയന്തര യോഗം ഇതിനു വേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ കണക്കപ്പിള്ളയെ ചുമതലപ്പെടുത്തിയിരുന്നു. ഇന്ന് ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീര്‍വയ്‌പ്പ് നടക്കും. ശനിയാഴ്ച ഉത്സവനാളിലെ രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും രാത്രിയില്‍ ഇളനീരാട്ടവുമുണ്ടാകും. ഇളനീര്‍ വയ്‌പ്പിനായുള്ള ഇളനീര്‍കാവുകളുമായി വിവിധയിടങ്ങളില്‍ വ്രതം നോല്‍ക്കുന്ന സംഘങ്ങള്‍ കാല്‍നടയായി കൊട്ടിയൂരിലേക്ക് യാത്ര ആരംഭിച്ചു. തിരുവോണം ആരാധനയിലും പൊന്നിന്‍ ശീവേലി തൊഴാനും വ്യാഴാഴ്ച വലിയ ഭക്തജനത്തിരക്കാണ് കൊട്ടിയൂരില്‍ അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: