ആലപ്പുഴ: നെല്‍ കര്‍ഷകരെ സഹായിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ അട്ടിമറിച്ച് സംസ്ഥാന സര്‍ക്കാര്‍. നെല്ലിന്റെ സംഭരണ വില കേന്ദ്ര സര്‍ക്കാര്‍ കൂട്ടിയെങ്കിലും, സംസ്ഥാന സര്‍ക്കാരിന്റെ നയം കാരണം കര്‍ഷകര്‍ക്ക് ലഭിക്കാന്‍ ഇടയില്ല. കഴിഞ്ഞ മൂന്നു വര്‍ഷമായി കേന്ദ്രം സംഭരണ വില വര്‍ധിപ്പിക്കുന്നതിന് അനുസരിച്ച് സംസ്ഥാനം തങ്ങളുടെ വിഹിതം കുറയ്ക്കുകയാണ്. ഫലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ താങ്ങുവില വര്‍ധിപ്പിച്ചത് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാതെ തട്ടിയെടുക്കുകയാണ്. കഴിഞ്ഞ ദിവസം നെല്ല് വില കിലോയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ 1.43 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതിന് പ്രകാരം നെല്ല് സംഭരണ വില 29. 63 രൂപയായി ഉയരേണ്ടതാണ്.
നിലവില്‍ നെല്ലു വില കിലോയ്ക്ക് 28.20 രൂപയാണ്. ഇതില്‍ 20.40 രൂപയും കേന്ദ്ര സര്‍ക്കാര്‍ വിഹിതമാണ്. സംസ്ഥാനത്തിന്റെ വിഹിതം 7.80 രൂപ മാത്രമാണ്. 1.43 രൂപ കൂടി കേന്ദ്രം വര്‍ധിപ്പിച്ചതോടെ കേന്ദ്ര വിഹിതം 21.63 രൂപയായി ഉയര്‍ന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സംസ്ഥാന സര്‍ക്കാര്‍ പിന്തുടരുന്ന നയം അനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ച തുക, തങ്ങളുടെ വിഹിതത്തില്‍ സംസ്ഥാനം കുറവു വരുത്താനാണ് സാധ്യത. ഫലത്തില്‍ നെല്ല് സംഭരണ വില 28.20 രൂപയായി തുടരും. മറ്റു സംസ്ഥാനങ്ങളില്‍ സംഭരണ വിലയില്‍ സംസ്ഥാന സര്‍ക്കാരുകള്‍ വിഹിതം നല്‍കുന്നില്ലെന്നും ഇവിടെ മാത്രമാണ് ഇത്രയെങ്കിലും നല്കുന്നതെന്നുമാണ് പിണറായി സര്‍ക്കാരിന്റെ നിലപാട്.
മുന്‍പ് കേന്ദ്ര വിഹിതം 19.40 രൂപയും സംസ്ഥാന വിഹിതം 8.60 രൂപയുമായിരുന്നപ്പോള്‍ ഒരു രൂപയുടെ വര്‍ധനവ് കേന്ദ്രം അനുവദിച്ചിരുന്നു. ഇതില്‍ 80 പൈസയും സംസ്ഥാന സര്‍ക്കാര്‍ തട്ടിയെടുത്തു. കേവലം 20 പൈസയുടെ വര്‍ധനവ് മാത്രമാണ് ഇവിടത്തെ കര്‍ഷകര്‍ക്ക് നല്‍കിയത്. 2020-21ല്‍ കേന്ദ്ര വിഹിതം 18.68 രൂപയായിരുന്നപ്പോള്‍ സംസ്ഥാന വിഹിതം 8.80 രൂപയായിരുന്നു. മൂന്നു വര്‍ഷം കൊണ്ട് കേന്ദ്രത്തിന്റെ വിഹിതത്തില്‍ 2.95 രൂപയുടെ വര്‍ധനവാണുണ്ടായത്. എന്നാല്‍ മറിച്ച്, സംസ്ഥാന സര്‍ക്കാര്‍ വിഹിതത്തില്‍ ഒരു രൂപയുടെ കുറവുണ്ടായി. കൂടാതെ കയറ്റു കൂലി 12 പൈസയും കേന്ദ്രം നല്‍കുന്നുണ്ട്.
മാത്രമല്ല കേന്ദ്ര വിഹിതം കൃത്യമായി അനുവദിക്കുന്നുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ വകമാറ്റുന്നതിനാല്‍ യഥാസമയം നെല്ല് വില കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല. ആലപ്പുഴ ജില്ലയില്‍ മാത്രം കഴിഞ്ഞ പുഞ്ചക്കൃഷിയുടെ നെല്ല് സംഭരിച്ചതില്‍ 350 കോടിയിലേറെ രൂപയാണ് കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ നല്‍കാനുള്ളത്. കഴിഞ്ഞ മൂന്നു മാസത്തോളമായി നെല്ല് വില ലഭിക്കാനായി കര്‍ഷകര്‍ നെട്ടോട്ടത്തിലാണ്. നിരവധി സമരങ്ങളും ഇതിനകം നടന്നു. നിലവില്‍ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് കര്‍ഷകര്‍ക്ക് നെല്ലുവില വായ്പയായി നല്‍കാനാണ് സര്‍ക്കാര്‍ ശ്രമം. കര്‍ഷകര്‍ക്ക് വായ്പയായി നല്കുന്ന പണം പിന്നീട് സര്‍ക്കാര്‍ ബാങ്കുകളില്‍ അടയ്ക്കും എന്നതാണ് വ്യവസ്ഥ. ഇത് അടയ്ക്കാന്‍ സര്‍ക്കാര്‍ വൈകുന്നത് അനുസരിച്ച് കര്‍ഷകര്‍ കടക്കാരനായി തുടരും എന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: