പൂച്ചാക്കല്‍: വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മ്മാണം തുടങ്ങിയ വിളക്കുമരം – നെടുമ്പ്രക്കാട് പാലം ഇപ്പോഴും കര തൊടാതെ നില്‍പ്പാണ്. ചേര്‍ത്തല – അരൂക്കുറ്റി റോഡില്‍ ചെങ്ങണ്ട പാലത്തിന് സമാന്തരമായി, തൃച്ചാറ്റുകുളം – നെടുമ്പ്രക്കാട് എംഎല്‍എ റോഡില്‍ വേമ്പനാട് കായലിന്റ കൈവഴിയായ വയലാര്‍ കായലിന് കുറുകെയാണ് പാലം നിര്‍മ്മിക്കുന്നത്. 2005ല്‍ എ.കെ ആന്റണി എംഎല്‍എ ആയിരുന്നപ്പോള്‍ തുടങ്ങി വെച്ച സ്വപ്‌ന പദ്ധതിയാണ് അധികൃതരുടെ അവഗണനയും ഭാവനാശൂന്യമായ നടപടികളും കാരണം ലക്ഷ്യം കാണാനാവാതെ തടസപ്പെട്ടു കിടക്കുന്നത്.
നിര്‍മ്മാണ സാമഗ്രികള്‍ എത്തിക്കുന്നതിന് നിലവിലെ റോഡിന്റെ വീതി കുറവാണെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ച ഫണ്ട് അപര്യാപ്തമാണെന്നും പറഞ്ഞ് ആദ്യ കരാറുകാരന്‍ പിന്മാറിയതോടെ പ്രതിസന്ധി തുടങ്ങി. അപ്രോച്ച് റോഡിനും,
പാലം പണി പൂര്‍ത്തിയാകുമ്പോള്‍ ഇരു ദിശകളിലേക്കും ഒരേ സമയം വാഹനങ്ങള്‍ക്ക് സഞ്ചരിക്കുവാന്‍ റോഡിന് വീതി കൂട്ടാന്‍ ഭൂമി ഏറ്റെടുക്കുവാനുള്ള നടപടികളൊന്നും ലാന്‍ഡ് അക്വിസിഷന്‍ ഉദ്യോഗസ്ഥന്മാര്‍ തുടക്കത്തില്‍ സ്വീകരിക്കാതിരുന്നതാണ് പാലം പാതി വഴിയില്‍ നിലച്ചു പോകാന്‍ പ്രധാന കാരണമായത്. പീന്നീട് കരാര്‍ തുക വര്‍ദ്ധിപ്പിച്ചെങ്കിലും പാലത്തിന്റെ രൂപരേഖയില്‍ മാറ്റം വരുത്തിയതിനാല്‍ തുക തികയില്ല എന്ന് പറഞ്ഞ് കരാറുകാരന്‍ പണി നിര്‍ത്തി വെച്ചു.
തുടര്‍ന്ന് തുക വര്‍ദ്ധിപ്പിച്ചു നല്‍കി പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരിച്ചെങ്കിലും ഇരുകരകളിലെയും ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നതേയുള്ളു. പാലം പൂര്‍ത്തിയാകുന്നതോടെ ജില്ലയുടെ വടക്കന്‍ മേഖലയിലുള്ളവര്‍ക്ക് ചേര്‍ത്തല ടൗണില്‍ വേഗത്തില്‍ എത്താനാകും. ചേര്‍ത്തല താലൂക്കിന്റെ വടക്കന്‍ മേഖലയിലെ പള്ളിപ്പുറം തൈക്കാട്ടുശ്ശേരി, പാണാവള്ളി, അരൂക്കുറ്റി, പെരുമ്പളം പഞ്ചായത്തുകള്‍ക്കും ഗുണകരമാകും. പള്ളിപ്പുറം പഞ്ചായത്തിലെ മെഗാഫുഡ് പാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, തുടങ്ങിയ വ്യവസായ സ്ഥാപങ്ങള്‍ക്കും പാലം പ്രയോജനകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: