ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 469 റണ്‍സിന് എല്ലാവരും പുറത്തായി. ടോസ് നേടിയ ഇന്ത്യ ഓസട്രേലിയയെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു.
163 റണ്‍സ് നേടിയ ട്രാവിസ് ഹെഡ് ആണ് ഓസീസിന് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത്. സ്റ്റീവ് സ്മിത്ത് (121), അലക്സ് കാരി (48) എന്നിവരും തിളങ്ങി. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് 4 വിക്കറ്റ് വീഴ്ത്തി.
കഴിഞ്ഞ ദിവസം ഒരു ഘട്ടത്തില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 76 റണ്‍സ് എന്ന നിലയില്‍ ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു കളി. നാലാം വിക്കറ്റില്‍ ഹെഡും സ്മിത്തും ചേര്‍ന്നാണ് ഓസ്ട്രേലിയയെ കരകയറ്റിയത്. ഇരുവരും ചേര്‍ന്ന് 285 റണ്‍സിന്റെ പടുകൂറ്റന്‍ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. എന്നാല്‍ രണ്ടാം ദിവസത്തിലെ ആദ്യ സെഷനില്‍ തന്നെ കൂട്ടുകെട്ടിനെ മുഹമ്മദ് സിറാജ് പൊളിച്ചു.ഹെഡിനെ ശ്രീകര്‍ ഭരതിന്റെ കൈകളിലെത്തിക്കുകയായിരുന്നു മുഹമ്മദ് സിറാജ് .
പിന്നീട് ഓസ്ട്രേലിയക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. കാമറൂണ്‍ ഗ്രീനെ (6) ഷമിയും സ്റ്റീവ് സ്മിത്തിനെ ശാര്‍ദുല്‍ താക്കൂറും പുറത്താക്കി. മിച്ചല്‍ സ്റ്റാര്‍ക്ക് (5) അക്സര്‍ പട്ടേലിന്റെ നേരിട്ടുള്ള ത്രോയില്‍ റണ്ണൗട്ടായി. എട്ടാം വിക്കറ്റില്‍ അലക്സ് കാരിയും പാറ്റ് കമ്മിന്‍സും ചേര്‍ന്ന് 51 റണ്‍സ് അടിച്ചെടുത്തു. കാരിയെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. നതാന്‍ ലിയോണ്‍ (9) റണ്‍സെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: