കൊച്ചി : എസ്എഫ്ഐ നേതാവ് കെ. വിദ്യ ഗസ്റ്റ് അധ്യാപക നിയമനം നേടിയെടുക്കുന്നതിനായി ഉപയോഗിച്ചത് സ്കോളര്‍ഷിപ്പിന്റെ പ്രോജക്ട് സര്‍ട്ടിഫിക്കറ്റ്. 2018- 19 കാലയളവില്‍ കിട്ടിയ ആസ്പയര് സ്കോളര്‍ഷിപ്പിന്റെ പ്രോജക്ട് സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് വ്യാജ രേഖ തയ്യാറാക്കിയത്. എന്നാല്‍ വിദ്യ നിര്‍മിച്ച വ്യാജ രേഖയുടെ ഒറിജിനല്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.
എംഫില്‍ പഠനത്തിനിടെ മഹാരാജാസില്‍ ചെയ്ത പ്രൊജക്ട് സര്‍ട്ടിഫിക്കറ്റിലെ ഒപ്പും സീലുമാണ് കെ. വിദ്യയുടെ വ്യാജ രേഖയുണ്ടാക്കാനായി ഉപയോഗിച്ചത്. അന്ന് വൈസ് പ്രിന്‍സിപ്പലായിരുന്ന ജയമോള്‍ വികെയുടെ ഒപ്പിനും സീലിനുമൊപ്പം ലെറ്റര്‍ പാഡിലുള്ള കോളേജ് എംബ്ലവും കൂടി ഉപയോഗിക്കുകയായിരുന്നു. 2018 ലാണ് വിദ്യ കാലടി സര്‍വ്വകലാശാലയില്‍ എംഫില്‍ കോഴ്സിന് ചേര്‍ന്നത്. എംഫിലിന്റെ ഭാഗമായി ആയിരുന്നു ആസ്പയര് സ്കോളര്‍ഷിപ്പ് വഴി മഹാരാജാസില്‍ പ്രോജക്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്.
അതേസമയം ഗസ്റ്റ് അധ്യാപക നിയമനം നേടിയെടുക്കുന്നതിനായി താന്‍ ഒരു വ്യാജ സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടില്ലെന്ന് വിദ്യ പ്രതികരിച്ചു. കേസ് പുറത്തുവന്നത് മുതല്‍ വിദ്യ ഒളിവിലാണ്. സ്വകാര്യ മാധ്യമമാണ് ഇവരുടെ പ്രതികരണം പുറത്തുവിട്ടിരിക്കുന്നത്. സര്‍ട്ടിഫിക്കിറ്റിന്റെ കോപ്പി മാധ്യമങ്ങളിലൂടെയാണ് താന്‍ കണ്ടത്. എന്താണ് സംഭവിച്ചതെന്ന് താന്‍ അന്വേഷിക്കുകയാണെന്നുമാണ് വിദ്യ പ്രതികരിച്ചത്.
എന്നാല്‍ കരിന്തളം ഗവണ്മെന്റ് കോളേജിലും ഈ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് നിയമനം നേടിയിരുന്നു. ഇതുസംബന്ധിച്ച് വിദ്യ പ്രതികരിച്ചിട്ടില്ല. അതേസമയം കേസ് രജിസ്റ്റര്‍ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞിട്ടും വിദ്യയെ കണ്ടെത്താന്‍ പോലീസിന് സാധിച്ചിട്ടില്ല. ഇവരുടെ ഫോണ്‍ സ്വിച്ച്ഓഫാണ്. ഇവര്‍ക്കായി തെരച്ചില്‍ നടത്തി വരികയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജ രേഖയുമായി കെ. വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. സംശയം തോന്നിയ അട്ടപ്പാടി കോളേജ് പ്രിന്‍സിപ്പല്‍ മഹാരാജസ് കോളേജിനെ തിങ്കളാഴ്ച രേഖാമൂലം ബന്ധപ്പെട്ടു. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ അന്ന് വൈകീട്ട് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്.
വ്യാജ രേഖ ഉണ്ടാക്കി വഞ്ചിക്കാന്‍ ശ്രമിച്ചതില്‍ ഏഴ് വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പുകളടക്കം ചുമത്തിയാണ് പോലീസ് കേസെടുത്തു. കേസ് അഗളി പോലീസിന് കൈമാറാനാണ് ആദ്യം തീരുമാനിച്ചത്. എന്നാല്‍ കാസര്‍കോട് കരിന്തളം കോളേജ് അവിടെ ലഭിച്ച വ്യാജ രേഖ മഹാരാജാസിലേക്ക് അയക്കാന്‍ തീരുമാനിച്ചതോടെ പോലീസ് ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: