ചെങ്ങന്നൂര്‍: ഇടതുസര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഭരണകൂടം നടത്തുന്നത് അങ്ങേയറ്റത്തെ കൊള്ളയാണെന്ന് കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി ഭഗവന്ത് ഖൂബ. കപടമായ വാഗ്ദാനങ്ങള്‍ നല്‍കിയാണ് പിണറായി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തിയത്. എന്നാല്‍ അഴിമതിയും ധനസമ്പാദനവുമാണ് മുഖ്യമന്ത്രിയുടെയും ചില മന്ത്രിമാരുടെയും നീക്കങ്ങള്‍ തെളിയിക്കുന്നതെന്ന് കേന്ദ്രമന്ത്രി ചെങ്ങന്നൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കൊവിഡ് കാലത്ത് കേരളസര്‍ക്കാര്‍ ആരോഗ്യവകുപ്പിനായി വന്‍തോതില്‍ കൂടിയ വിലയ്ക്ക് നിരവധി ഉപകരണങ്ങളും സാമഗ്രികളും വാങ്ങി കൂട്ടി. എന്നാല്‍ അതെല്ലാം ഗോഡൗണില്‍ കെട്ടികിടന്നു. തെളിവായി പിടിക്കപ്പെടുമെന്ന അവസ്ഥയായപ്പോള്‍ സംസ്ഥാനത്തുടനീളം സര്‍ക്കാരിന്റെ മെഡിക്കല്‍ ഗോഡൗണുകള്‍ കത്തിപോകുകയാണ്. സ്വര്‍ണക്കടത്തിലൂടെയും നേരത്തെ വന്‍തട്ടിപ്പ് കേരളത്തില്‍ നടന്നിട്ടുണ്ട്. ഏറ്റവുമൊടുവില്‍ കെ ഫോണ്‍ പദ്ധതി വഴിയും കോടികളാണ് തട്ടിയെടുത്തിരിക്കുന്നത്. പദ്ധതിയുടെ മറവില്‍ ആറിരട്ടി വിലയ്ക്ക് ഗുണനിലവാരമില്ലാത്ത ചൈനീസ് കേബിളുകള്‍ വാങ്ങിയത് ഇതിന്റെ തെളിവാണ്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തില്‍ രാജ്യത്ത് എല്ലാ മേഖലയിലും മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജനങ്ങളെ കൃത്യമായി മനസിലാക്കാതെ കോണ്‍ഗ്രസ് എഴുതിതള്ളിയ ഡിജിറ്റല്‍ ഇടപാടുകള്‍ രാജ്യത്ത് വിജയകരമായി മോദി സര്‍ക്കാര്‍ നടപ്പാക്കി. ഭീകരവാദത്തെ തുടച്ചുനീക്കി ആഭ്യന്തരസുരക്ഷ ശക്തിപ്പെടുത്തി. കണക്ടിംഗ് റോഡുകളുടെ നിലവാരവും എണ്ണവും വര്‍ധിപ്പിച്ചു. ഗ്രാമീണതലത്തില്‍ വരെ വികസനമെത്തിച്ചു. 220 കോടി വാക്സിനുകളാണ് ഇന്ത്യ വിതരണം ചെയ്തത്. 110 രാജ്യങ്ങള്‍ ഇന്ത്യയുടെ വാക്സിന്റെ ഗുണഭോക്താക്കളായി.
9 വര്‍ഷം മുമ്പ് ഇന്ത്യ സാമ്പത്തികലോകത്ത് പത്താമതായിരുന്നു. ഇപ്പോള്‍ അഞ്ചാമതെത്തി. അഞ്ചുവര്‍ഷത്തിനുള്ളില്‍ മൂന്നാം സ്ഥാനത്ത് എത്താനുള്ള പരിശ്രമമാണ് മോദിയുടെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഭരണരംഗത്ത് മോദി സര്‍ക്കാര്‍ സുതാര്യത ഉറപ്പാക്കിയപ്പോള്‍ അഴിമതി ഇല്ലാതായി. പാവപ്പെട്ടവന്റഎ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ നടപ്പാക്കി. ആരോഗ്യസുരക്ഷയ്ക്കായി ആയുഷ്മാന്‍ ഭാരത്, ജന്‍ധന്‍ യോജന, മുദ്ര വായ്പാപദ്ധതി, ഭക്ഷ്യസുരക്ഷ, പിഎംഎവൈ പദ്ധതി, തൊഴില്‍പ്രാവീണ്യം നല്കുന്ന കൗശല്വികാസ് കേന്ദ്രങ്ങള്‍, പാവപ്പെട്ട വീട്ടമ്മമാര്‍ക്കായി ഉജ്വല യോജന, കുറഞ്ഞ നിരക്കില്‍ മരുന്ന് ഉറപ്പാക്കുന്ന ജന്‍ഔഷധി സെന്ററുകള്‍, പ്രതിവര്‍ഷം പത്ത് ലക്ഷം കേന്ദ്രസര്‍ക്കാര്‍ തൊഴില്‍, ഉഡാന്യോജന എന്നിവയെല്ലാം മോദിസര്ക്കാരിന്റഎ പ്രവര്‍ത്തനമികവായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. രാജ്യം വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്നും ഇതെല്ലാം ലോകശക്തികളടക്കമുള്ള മറ്റ് രാജ്യങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുകയും പഠിക്കുകയുമാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമകരമായ പദ്ധതികള്‍ പോലും സ്വന്തം പേരിലാക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി ജില്ലാ പ്രസിഡന്റ് എം.വി. ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ അശോകന് കുളനട, ഐടി സെല്‍ സംസ്ഥാന കണ്‍വീനര്‍ ജയശങ്കര്‍, പാര്‍ട്ടി ദക്ഷിണമേഖല സെക്രട്ടറി ബി. കൃഷ്ണകുമാര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: