ഭോപ്പാല്‍: അറുപത്തിയാറാമത് ദേശീയ സ്‌കൂള്‍ കായികമേളയുടെ അണ്ടര്‍ 19 അത്‌ലറ്റിക്‌സിന്റെ രണ്ടാം ദിനം കേരളത്തിന് മികച്ച നേട്ടം. മൂന്ന് സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവുമടക്കം ഏഴ് മെഡലുകളാണ് കേരള താരങ്ങള്‍ സ്വന്തമാക്കിയത്.
പെണ്‍കുട്ടികളുടെ 100 മീറ്റര്‍, ആണ്‍കുട്ടികളുടെ 400 മീറ്റര്‍, ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേ എന്നിവയിലാണ് കേരളത്തിന്റെ സ്വര്‍ണ നേട്ടം.
ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പ്, പെണ്‍കുട്ടികളുടെ 400 മീറ്റര്‍, പെണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേ എന്നിവയിലാണ് വെള്ളി. പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടിലാണ് വെങ്കലം.
പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ പാലക്കാട് കൊടുന്തിരപ്പള്ളി പുളിയപറമ്പ് എച്ച്എസ്എസിലെ എസ്. മേഘ വേഗറാണിയായി. 12.22 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്നാണ് മേഘ കേരളത്തിന്റെ അഭിമാനമായത്. 12.50 സെക്കന്‍ഡില്‍ ദല്‍ഹിയുടെ റിതു ബന്‍ഗാരി വെള്ളിയും 12.56 സെക്കന്‍ഡില്‍ ഗുജറാത്തിന്റെ വജ കാജല്‍ വെങ്കലവും നേടി. മറ്റൊരു മലയാളി താരം വി. സ്‌നേഹ ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മഹാരാഷ്‌ട്രയുടെ ഹര്‍ഷ് റൗത്താണ് വേഗരാജന്‍. 10.85 സെക്കന്‍ഡിലായിരുന്നു ഹര്‍ഷിന്റെ ഫിനിഷ്. ദല്‍ഹിയുടെ അജീത് വെള്ളിയും പശ്ചിമബംഗാളിന്റെ റോഷന്‍ ഘോഷ് വെങ്കലവും നേടി. കേരള താരം സി.വി. അനുരാഗ് ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ പാലക്കാട് മാത്തൂര്‍ സിഎഫ്ഡി വിഎച്ച്എസ്എസിലെ പി. അഭിറാം ആണ് കേരളത്തിനായി മറ്റൊരു സ്വര്‍ണം നേടിയത്. 49.03 സെക്കന്‍ഡിലാണ് അഭിരാം ഫിനിഷ് ലൈന്‍ കടന്നത്. 49.47 സെക്കന്‍ഡില്‍ ആന്ധ്രപ്രദേശിന്റെ ലോഹിത് സെട്ടി വെള്ളിയും ഹരിയാനയുടെ സുനില്‍കുമാര്‍ 49.97 സെക്കന്‍ഡില്‍ വെങ്കലവും നേടി.
ആണ്‍കുട്ടികളുടെ 4-100 മീറ്റര്‍ റിലേയിലാണ് കേരളത്തിന്റെ മൂന്നാം സ്വര്‍ണം. പി. മുഹമ്മദ് ഷാന്‍, സി.പി. അബ്ദുള്‍ റൗഫ്, ബാസില്‍ ബിനോയ്, സി.വി. അനുരാഗ് എന്നിവരടങ്ങിയ ടീം 42.45 സെക്കന്‍ഡില്‍ പറന്നെത്തിയാണ് പൊന്നണിഞ്ഞത്. രാജസ്ഥാന്‍ വെള്ളിയും പശ്ചിമബംഗാള്‍ വെങ്കലവും സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ 57.83 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കേരളത്തിനായി സാന്ദ്രമോള്‍ സാബു വെള്ളി നേടിയത്. കോട്ടയം പൂഞ്ഞാര്‍ എസ്എംവിഎച്ച്എസ്എസിലെ വിദ്യാര്‍ഥിനിയാണ് സാന്ദ്രമോള്‍. ഈയിനത്തില്‍ മഹാരാഷ്‌ട്രയുടെ ശ്രാവണി സന്‍ഗ്ലെ 56.79 സെക്കന്‍ഡില്‍ ഓടിയെത്തി സ്വര്‍ണം നേടിയപ്പോള്‍ കര്‍ണാടകയുടെ ബി. ഗീത 59.08 സെക്കന്‍ഡില്‍ വെങ്കലവും സ്വന്തമാക്കി.
4-100 മീറ്റര്‍ റിലേയില്‍ 49.68 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് കേരളം വെള്ളി നേടിയത്. സി. അനുഗ്രഹ, സ്‌റ്റെമി മരിയ ബിജു, വി. സ്‌നേഹ, എസ്. മേഘ എന്നിവരാണ് കേരളത്തിനായി ട്രാക്കിലിറങ്ങിയത്. 49.51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത പശ്ചിമ ബംഗാളിനാണ് ഈയിനത്തില്‍ സ്വര്‍ണം. ഗുജറാത്ത് വെങ്കലം നേടി.
ആണ്‍കുട്ടികളുടെ ട്രിപ്പിള്‍ജമ്പില്‍ 14.49 മീറ്റര്‍ ചാടിയാണ് കേരള താരം മുഹമ്മദ് മുഹസിന്‍ വെള്ളി നേടിയത്. മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇഎച്ച്എസ്എസിലെ വിദ്യാര്‍ഥിയാണ് മുഹമ്മദ് മുഹസിന്‍. 14.49 മീറ്റര്‍ ചാടി പശ്ചിമ ബംഗാളിന്റെ അരിത്ര സര്‍ദാര്‍ സ്വര്‍ണം നേടിയപ്പോള്‍ ബീഹാറിന്റെ ആദിത്യ രാജ് 14.39 മീറ്റര്‍ ചാടി വെങ്കലം സ്വന്തമാക്കി. പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കോതമംഗലം മാര്‍ബേസില്‍ എച്ച്എസ്എസിലെ എസ്. ആരതിയാണ് വെങ്കലം നേടിയത്.
രണ്ട് ദിവസത്തെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഓവറോള്‍ പട്ടികയില്‍ 42 പോയിന്റുമായി കേരളം പശ്ചിമബംഗാളിനൊപ്പം ഒന്നാം സ്ഥാനത്താണ്. 39 പോയിന്റുമായി ഹരിയാന, 35 പോയിന്റുമായി മഹാരാഷ്‌ട്രയുമാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 28 പോയിന്റുമായി ഹരിയാന ഒന്നാമതും 21 പോയിന്റുമായി കേരളം രണ്ടാമതാണ്. പെണ്‍കുട്ടികളില്‍ 21 പോയിന്റുമായി കേരളം പശ്ചിമബംഗാളിനൊപ്പം നാലാം സ്ഥാനത്താണ്. 28 പോയിന്റുമായി പഞ്ചാബാണ് പെണ്‍കുട്ടികളില്‍ ഒന്നാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: