കൊച്ചി: ‘സാഗര്‍ പരിക്രമ’ എന്ന അതുല്യമായ സംരംഭത്തിലൂടെ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാല, സഹ മന്ത്രി ഡോ. എല്‍ മുരുകന് എന്നിവര്‍ രാജ്യത്തുടനീളമുള്ള തീരപ്രദേശങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ച കടല്‍മാര്‍ഗത്തിലൂടെ സന്ദര്‍ശിക്കും.
മത്സ്യത്തൊഴിലാളികളെയും മത്സ്യ കര്‍ഷകരെയും വിവിധ സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളെയും കാണാനും സംവദിക്കാനും അവരുടെ പ്രശ്നങ്ങളെ അറിയാനും രാജ്യത്തെ മത്സ്യബന്ധന മേഖലയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്താനുമുള്ള അവരുടെ നിര്‍ദേശങ്ങള്‍ മനസിലാക്കാനും ആണിത്. 2022 മാര്‍ച്ച് അഞ്ചിന് ഗുജറാത്തിലെ മാണ്ഡവിയില് നിന്ന് ‘സാഗര്‍ പരിക്രമ’യുടെ ആദ്യ ഘട്ട യാത്ര ആരംഭിച്ചു.
ഇതുവരെ സാഗര്‍ പരിക്രമ ആറ് ഘട്ടങ്ങളിലായി ഗുജറാത്ത്, ദാമന്‍ & ദിയു, മഹാരാഷ്ട്ര, കര്‍ണാടക, ആന്‍ഡമാന്‍ & നിക്കോബാര്‍ എന്നീ തീരപ്രദേശങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയാക്കി. സാഗര്‍ പരിക്രമ ഏഴാം ഘട്ടത്തില്‍ കേരളവും ലക്ഷദ്വീപും ഉള്‍പ്പെടുന്നു. ഈ ഘട്ടത്തില്‍ മംഗലാപുരം, കാസര്‍കോട്, മടക്കര, പള്ളിക്കര, ചാലിയം, കാഞ്ഞങ്ങാട്, കോഴിക്കോട്, മാഹി, ബേപ്പൂര്‍, തൃശൂര്‍, എറണാകുളം, കൊച്ചി, കവരത്തി, ബംഗാരം ദ്വീപ്, അഗത്തി തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെടുന്നു
കേരളത്തിലെ മത്സ്യ ബന്ധന മേഖല മൊത്തം ജിഡിപിയുടെ ഏകദേശം 1.58% സംഭാവന ചെയ്യുന്നു. സമുദ്രോത്പന്നങ്ങളുടെ കയറ്റുമതി 2017-18 വര്‍ഷത്തില്‍ 5919.02 കോടി രൂപയുടെ സര്‍വകാല റെക്കോര്‍ഡ് സൃഷ്ടിച്ചു. സമുദ്രമേഖലയില്‍ ഏകദേശം 222 മത്സ്യബന്ധന ഗ്രാമങ്ങളും ഉള്‍നാടന്‍ മേഖലയില്‍ 113 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളുമുണ്ട്. അവിടെ ജനസംഖ്യയുടെ ബഹുഭൂരിപക്ഷത്തിനും ഉപജീവനമാര്‍ഗം മത്സ്യബന്ധനവും അനുബന്ധ തൊഴിലുമാണ്.
കേരളത്തിന്റെ ഉള്‍നാടന്‍ ജലസ്രോതസ്സുകളുടെ വ്യാപ്തി മത്സ്യകൃഷി വിപുലീകരിക്കുന്നതിന് സാദ്ധ്യതയുള്ളതാണ്. കേരളത്തിലെ ജല ജൈവവൈവിധ്യവും മത്സ്യസമ്പത്തും 10 ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികള്‍ക്ക് തൊഴില്‍ നല്‍കുകയും വാണിജ്യ മത്സ്യബന്ധനം, മത്സ്യകൃഷി മുതലായവ ഉള്‍പ്പെടെ നിരവധി അധിക പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
അതേസമയം, ലക്ഷദ്വീപിന് 4,200 ചതുരശ്ര കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ലഗൂണ്‍, 20,000 ചതുരശ്ര കി.മീറ്റര്‍ പ്രദേശിക ജലസ്രോതസ്സ്, 4,00,000 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ തനത് സാമ്പത്തിക മേഖല, ഏകദേശം 132 കി.മീ തീരപ്രദേശം എന്നിവയുണ്ട്. ലക്ഷദ്വീപിന് ചുറ്റുമുള്ള കടല്‍ മത്സ്യസമ്പത്തിനാല്‍ സമ്പന്നമാണ്. ദ്വീപുകളിലെ പ്രധാന മത്സ്യസമ്പത്ത് ചൂരയാണ്.
കേരളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ലക്ഷദ്വീപ് ഭരണകൂട അധികൃതര്‍, കേന്ദ്ര ഫിഷറീസ് വകുപ്പ്, നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡ്, ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്, ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍, മത്സ്യ തൊഴിലാളി പ്രതിനിധികള്‍ എന്നിവരും 2023 ജൂണ്‍ 7 മുതല്‍ 12 വരെ കേരളത്തിലും ലക്ഷദ്വീപിലും നടക്കുന്ന സാഗര്‍ പരിക്രമ പരിപാടിയില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: