ന്യൂദല്‍ഹി: അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 200 മുതല്‍ 220 വരെ വിമാനത്താവളങ്ങളും ഹെലിപോര്‍ട്ടുകളും ജലവിമാനത്താവളങ്ങളും കൂടി സ്ഥാപിക്കുമെന്ന് കേന്ദ്ര സിവില്‍ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.കേന്ദ്ര സര്‍ക്കാരിന്റെ സേവ, സുശാസന്‍, ഗരീബ് കല്യാണ്‍ എന്നിവയുമായി ബന്ധപ്പെട്ട ഒമ്പത് വര്‍ഷത്തെ സേവനത്തെക്കുറിച്ച് ന്യൂദല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
വിമാനത്താവളങ്ങള്‍, ഹെലിപോര്‍ട്ടുകള്‍, ജലത്തില്‍ ഇറങ്ങുന്ന ജലവിമാനങ്ങള്‍ക്കുളള വാട്ടര്‍ എയറോഡ്രോമുകള്‍ എന്നിവയുടെ എണ്ണം 2013-2014 വരെ 74 മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഇതിന്റെ എണ്ണം 148 ല്‍ എത്തി.
ആഭ്യന്തര വ്യോമഗതാഗതത്തിന്റെ വളര്‍ച്ചയെക്കുറിച്ച് സംസാരിക്കവെ, 2013-24ല്‍ 6 കോടി മാത്രമായിരുന്ന ആഭ്യന്തര യാത്രക്കാരുടെ എണ്ണം ഇപ്പോള്‍ 14.50 കോടിയായി വര്‍ധിച്ചുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ ചൂണ്ടിക്കാട്ടി. ഒമ്പത് വര്‍ഷത്തിനിടെ 130 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.
അന്താരാഷ്‌ട്ര വിമാന യാത്രക്കാരുടെ എണ്ണവും 50 ശതമാനം വര്‍ധിച്ച് ഏഴ് കോടിയിലെത്തിയതായി മന്ത്രി പറഞ്ഞു. ഇന്ത്യന്‍ സിവില്‍ വ്യോമയാന മേഖല ലോകത്തിലെ മൂന്നാമത്തെ വലിയ വ്യോമയാന വിപണിയാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളുടെ എണ്ണം മൂന്നില്‍ നിന്ന് 14 ആയി വര്‍ധിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: