മുംബൈ:
കോലാപൂര്‍ ജില്ലയിലെ സദര്‍ ബസാര്‍, അക്ബര്‍ മൊഹല്ല എന്നീ പ്രദേശങ്ങളിലെ ചെറുപ്പക്കാര്‍ ആണ് ഔറംഗസീബിനെയും ടിപ്പുവിനെയും കുറിച്ച് ചില വാട്സാപ് സ്റ്റാറ്റസുകള്‍ പ്രചരിപ്പിച്ചത്. ഇതോടൊപ്പം പ്രകോപനമുണ്ടാക്കുന്ന ചില ശബ്ദസന്ദേശങ്ങളും പങ്കുവെച്ചിരുന്നു. ഇതേ തുടര്‍ന്ന് ഹിന്ദുഗ്രൂപ്പുകളും സംഘടിച്ച് പ്രതിഷേധിക്കാന്‍ തുടങ്ങി. ഇതോടെ ഏറ്റുമുട്ടല്‍ നടന്നു.
ഇതോടെ ബുധനാഴ്ച ശിവജി ചൗക്കില്‍ പ്രകടനവും ബന്ദാഹ്വാനവും ഉണ്ടായി. ആള്‍ക്കൂട്ടത്തെ പൊലീസ് പിരിച്ചുവിട്ടെങ്കിലും ചില അക്രമികള്‍ കല്ലെറിഞ്ഞതോടെ അന്തരീക്ഷം കൂടുതല്‍ സംഘര്‍ഷഭരിതമായി. – എസ് പി മഹേന്ദ്ര പണ്ഡിറ്റ് പറയുന്നു.
സംഘര്‍ഷത്തിന് അയവുവരുത്താന്‍ ഈ സംഘര്‍ഷപ്രദേശത്തെ ഇന്റര്‍ നെറ്റ് ബന്ധം വിച്ഛേദിക്കുകയും കര്‍ഫ്യൂ പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. ദ്രുതകര്‍മ്മ സേനയും റിസര്‍വ്വ് പൊലീസ് ഫോഴ്സും ജാഗ്രതയിലാണ്. കലാപകാരികളോട് സമാധാനം നിലനിര്‍ത്താന്‍ ആവശ്യപ്പെട്ടതായി പൊലീസ് സൂപ്രണ്ട് അറിയിച്ചു.
മുഖ്യമന്ത്രി ഷിന്‍ഡേയും ഉപമുഖ്യമന്ത്രി ഫഡ്നാവിസും സമാധാനം പാലിക്കാന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രകോപനപരമായ ശബ്ദസന്ദേശത്തോടൊപ്പം ടിപ്പു സുല്‍ത്താന്റെ ഫോട്ടോ അയച്ചവര്‍ക്കെതിരെ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി ദീപക് വസന്ത് കേസര്‍കര്‍ പറഞ്ഞു. ഒരു വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്തുക എന്ന ദുരുദ്ദേശ്യത്തോടെ ആ വിഭാഗത്തിന്റെ മതത്തെയും മതവിശ്വാസങ്ങളെയും അപമാനിച്ചതിന്റെ പേരില്‍ ഐപിസി 295(എ) പ്രകാരം അഞ്ച് പേരെ അറസ്റ്റ് ചെയ്തു. നിരവധി പേരെ തടങ്കലില്‍ വെച്ചിട്ടുണ്ട്. രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ശത്രുതയും വെറുപ്പും സൃഷ്ടിക്കുന്നതിന് വേണ്ടി പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തുക എന്നതിന്റെ പേരില്‍ 505(2) വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: