ന്യൂദല്‍ഹി : വൈദ്യുതി മേഖലയില്‍ നവ സാങ്കേതികവിദ്യകള്‍ വേഗം തിരിച്ചറിയുന്നതിനും രാജ്യത്തിനകത്തും പുറത്തും ഉപയോഗപ്പെടുത്തുന്നതിന് തദ്ദേശീയമായി വികസിപ്പിച്ചെടുക്കാനുമായി സര്‍ക്കാര്‍ ആധുനികവും ഉയര്‍ന്ന ഫലം നല്‍കുന്നതുമായ ഗവേഷണം ആരംഭിക്കുന്നു. വൈദ്യുതി മേഖലയിലെ ഏറ്റവും പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതിക വിദ്യകളുടെ തദ്ദേശീയ ഗവേഷണം, വികസനം, പ്രദര്‍ശനം എന്നിവ സുഗമമാക്കുകയാണ് ലക്ഷ്യമിടുന്നത്.
ഉയര്‍ന്നുവരുന്ന സാങ്കേതിക വിദ്യകള്‍ തിരിച്ചറിഞ്ഞ് അവ നടപ്പിലാക്കുന്ന ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിലൂടെ, ഭാവിയിലെ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള പ്രധാന ചാലകശക്തിയായി അവയെ പ്രയോജനപ്പെടുത്താനും ഇന്ത്യയെ ലോകത്തിന്റെ ഉല്‍പ്പാദന കേന്ദ്രമാക്കി മാറ്റാനും പദ്ധതിയിലൂടെ ശ്രമിക്കുന്നു.
വൈദ്യുതി മന്ത്രാലയം, നവ പുനരുപയോഗ ഊര്‍ജ മന്ത്രാലയം, വിവിധ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയുടെ സാമ്പത്തിക സ്രോതസുകളില്‍ നിന്നാണ് പദ്ധതിക്ക് ധനസഹായം നല്‍കുന്നത്. ആവശ്യമായ അധിക ധനസഹായം കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് വിഭവങ്ങളില്‍ നിന്ന് സമാഹരിക്കും. 2023-24 മുതല്‍ 2027-28 വരെയുള്ള അഞ്ച് വര്‍ഷത്തെ പ്രാരംഭ കാലയളവിലേക്ക് ആസൂത്രണം ചെയ്ത പദ്ധതി ആശയത്തില്‍ നിന്ന് ഉത്പന്നം എന്ന സമീപനം പിന്തുടരും.
ഹരിതഗൃഹ വാതകം പുറന്തളളല്‍ ഒഴിവാക്കുക, ഇന്ത്യയില്‍ നിര്‍മ്മിക്കുക, സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ദേശീയ മുന്‍ഗണനകള്‍ക്ക് പദ്ധതി പ്രോത്സാഹനമാകുമെന്ന് വൈദ്യുതി, നവ, പുനരുപയോഗ ഊര്‍ജ മന്ത്രി ആര് കെ സിംഗ് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും ഇത് ഗുണം ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: