ന്യൂദല്‍ഹി : പ്രതിഷേധ സമരം നടത്തുന്ന ഗുസ്തി താരങ്ങളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാണെന്ന് കേന്ദ്ര കായിക മന്ത്രി അനുരാഗ് താക്കൂര്‍ . ട്വിറ്ററfലിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഗുസ്തിക്കാര്‍ ഉന്നയിക്കുന്ന വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതിനായി ഞാന്‍ ഒരിക്കല്‍ കൂടി ഗുസ്തിക്കാരെ ക്ഷണിക്കുകയാണ്- അനുരാഗ് താക്കൂര്‍ സാമൂഹ്യ മാധ്യത്തിലൂടെ അറിയിച്ചു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ ഔദ്യോഗിക വസതിയില്‍ ഗുസ്തിക്കാരുമായി ചര്‍ച്ച നടത്തി നാല് ദിവസത്തിന് ശേഷമാണ് അനുരാഗ് സിംഗ് താക്കൂര്‍ ഗുസ്തിക്കാരെ ക്ഷണിച്ചിട്ടുളളത്.
അമിത് ഷായുമായി രാത്രി നടന്ന കൂടിക്കാഴ്ച രണ്ടുമണിക്കൂറിലേറെ നീണ്ടുനിന്നു. ഒളിമ്പിക്സ് മെഡല്‍ ജേതാക്കളായ ബജ്റംഗ് പുനിയയും സാക്ഷി മാലിക്കും ഉള്‍പ്പെടെ പങ്കെടുത്തു.
അഖിലേന്ത്യാ ഗുസ്തി ഫെഡറേഷന് മേധാവി ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചാണ് താരങ്ങള്‍ സമരം ചെയ്യുന്നത്. താരങ്ങളോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ശരീരഭാഗങ്ങളില്‍ അനുചിതമായി സ്പര്‍ശിക്കുകയും ചെയ്തെന്നാണ് ആരോപണം. ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു മാസത്തിലേറെയായി നടത്തുന്ന സമരത്തിന് കര്‍ഷക സംഘടനകളും പിന്തുണ നല്‍കിയതോടെ വിഷയത്തിന് രാഷ്ട്രീയമാനവും കൈവന്നു. ബി ജെ പി എം പിയാണ് ബ്രിജ് ഭൂഷണ് എന്നതാണ് കാരണം.
എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ് നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: