ഡോ. പി.എന്‍. സുരേഷ് കുമാര്‍
ഒരു വ്യക്തി സ്വയം ജീവനൊടുക്കാന്‍ തീരുമാനിക്കുന്നത് എപ്പോഴാണ്? അതികഠിനമായ വൈകാരിക പ്രതിസന്ധികളില്‍ അകപ്പെടുമ്പോഴോ.? ഒരിഞ്ചുപോലും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന ഉറച്ചവിശ്വാസം ചിന്തകളെ ഗ്രസിക്കുമ്പോഴോ? വിദ്യാസമ്പന്നരും സുഖലോലുപതയില്‍ കഴിയുന്നവരും പ്രശസ്തരും വരെ ആത്മഹത്യയുടെ പാത തെരഞ്ഞെടുക്കുമ്പോള്‍ സമൂഹം പലപ്പോഴും അതിന്റെ കാരണങ്ങള്‍ തേടാറുണ്ട്.
കടുത്തദാരിദ്ര്യം, മാറാരോഗങ്ങള്‍, സമൂഹത്തിന് മുന്നില്‍ സംഭവിക്കുന്ന അപമാനം, പ്രണയനൈരാശ്യം, മറ്റു ബന്ധങ്ങളില്‍ സംഭവിക്കുന്ന മുറിവുകള്‍, പ്രിയപ്പെട്ടവരുടെ പെട്ടെന്നുള്ള വേര്‍പാട്…തുടങ്ങി ജീവിതത്തിന്റെ പലഘട്ടങ്ങളില്‍ സംഭവിക്കുന്ന പ്രതിസന്ധികളാകാം പലരെയും ആത്മഹത്യയിലേക്ക് തള്ളിവിടുന്നത്. എന്നാല്‍ സമാന അവസ്ഥകളിലൂടെ കടന്നുപോകുന്ന എല്ലാവരും മരണത്തിന്റെ വഴിതേടുന്നുമില്ല. അപ്പോള്‍ എന്തായിരിക്കാം ഒരു വ്യക്തിയെ ആത്യന്തികമായി മരണത്തിലേക്കെത്തിക്കുന്നത്?
ഇതുസംബന്ധിച്ച് ആധുനിക വൈദ്യശാസ്ത്രത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഒരു സങ്കീര്‍ണ്ണപ്രതിഭാസമായ ആത്മഹത്യയെ ശാരീരിക, മാനസിക, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരികമായ നിരവധി ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. കേവലം ഒറ്റ കാരണം പറഞ്ഞ് ആത്മഹത്യയെ ലളിതവല്‍ക്കരിക്കുന്നത് അശാസ്ത്രീയമാണ്. അതേസമയം ഒരു വ്യക്തിയെ സ്വയം ഹത്യയില്‍ നിന്ന് രക്ഷിക്കാനും പിന്തിരിപ്പിക്കാനും നമുക്കുമുന്നില്‍ അനേകം മാര്‍ഗ്ഗങ്ങളുണ്ട്. ഏതുസമൂഹത്തിലായാലും ആത്മഹത്യകള്‍ ഒഴിവാക്കപ്പെടേണ്ടതും അതിനെതിരായ ബോധവത്കരണങ്ങള്‍ ശക്തമായി തുടരേണ്ടതുമാണ്. പ്രത്യേകിച്ച് കേരളം പോലുള്ള സംസ്ഥാനത്ത്. അതിന് കാരണം വിദ്യാഭ്യാസം മുതല്‍ ആരോഗ്യസംരക്ഷണം വരെയുള്ള മേഖലകള്‍ ലോകനിലവാരത്തിലെത്തിനില്‍ക്കുമ്പോഴും ആത്മഹത്യ എന്ന വിപത്തിന്റെ കാര്യത്തില്‍ പിറകോട്ട് നടക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടേത് എന്ന തിരിച്ചറിവാണ്.
ഞെട്ടിക്കുന്ന കണക്കുകള്‍
കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സ്റ്റേറ്റ് ക്രൈംറെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ കേരളത്തിലെ ആത്മഹ്യകള്‍ ഞെട്ടിക്കുന്ന തോതിലാണ്. 2017ല്‍ കേരളത്തില്‍ 7870 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2021ല്‍ അത് 9549 ആയി ഉയര്‍ന്നു. ആത്മഹത്യാ നിരക്കിന്റെ കാര്യമെടുക്കുകയാണെങ്കില്‍ 2017ല്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 22.86 പേര്‍ ആത്മഹത്യ ചെയ്തപ്പോള്‍ 2021ല്‍ ഈ നിരക്ക് ലക്ഷത്തില്‍ 27.20 ആയി മാറി. ആത്ഹത്യാനിരക്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഗണ്യമായ വര്‍ദ്ധന കേരളത്തിന്റെ സാമ്പത്തികസാമൂഹിക ആരോഗ്യ മേഖലകളില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് കാണാതിരുന്നുകൂട.
2021ലെ ഭാരതത്തിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തില്‍ 11.3 ആണ്. അതായത് കേരളത്തില്‍ ഇത് രണ്ടിരട്ടിയിലേറെ വരും. ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് 2020ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്ന സംസ്ഥാനമായ സിക്കിമിലെ നിരക്ക് ലക്ഷത്തില്‍ 42ഉം, ഛത്തീസ്ഗഡില്‍ 26.4ഉം മൂന്നാം സ്ഥാനത്ത് നില്‍ക്കുന്ന കേരളത്തില്‍ 20ഉം ആണ്. അമേരിക്കയില്‍പോലും ആത്മഹത്യാനിരക്ക് ലക്ഷത്തില്‍ പന്ത്രണ്ടേയുള്ളു. അഞ്ചു വര്‍ഷം മുമ്പ് കേരളം ആത്മഹത്യാനിരക്കില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് അഞ്ചാം സ്ഥാനത്തായിരുന്നു. അവിടെനിന്നാണ് മൂന്നാം സ്ഥാനത്തേക്ക് വന്നിട്ടുള്ളത്. ഒരു ആത്മഹത്യ നടന്നാല്‍ അതിന്റെ 20 ഇരട്ടി ആത്മഹത്യാശ്രമങ്ങള്‍ നടക്കുന്നുണ്ടാകുമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. അങ്ങിനെ നോക്കുമ്പോള്‍ 2021ല്‍ ഏകദേശം ഒരു ലക്ഷത്തില്‍ തൊണ്ണൂറായിരം ആത്മഹത്യാശ്രമങ്ങളെങ്കിലും കേരളത്തില്‍ നടന്നിട്ടുണ്ടാകും.
കേരളം പോലുള്ള ജനപ്പെരുപ്പവും വിദഗ്ധ ചികിത്സയുള്ള നിരവധി ആശുപത്രികളുമുള്ള ഒരു സംസ്ഥാനത്ത് ആത്മഹത്യാശ്രമങ്ങള്‍ മറ്റുള്ളവര്‍ കണ്ടെത്തി ആശുപത്രികളിലെത്തിച്ച് രക്ഷപ്പെടുത്തുന്നതുകൊണ്ടുംകൂടിയാണ് മരണനിരക്ക് കുറയുന്നത്. ഇത്തരം സംവധാനങ്ങളില്ലായിരുന്നുവെങ്കില്‍ അതും ആത്മഹത്യയില്‍ കലാശിക്കുമായിരുന്നു എന്ന് കാണാതിരുന്നുകൂടാ. ചുരുക്കത്തില്‍ ആത്മഹത്യചെയ്യുന്ന വ്യക്തികളുടെയും ആത്മഹത്യാശ്രമങ്ങള്‍ നടത്തുന്ന വ്യക്തികളുടെയും മാനസികാവസ്ഥയില്‍ വലിയ വ്യത്യാസമില്ല എന്ന് വിലയിരുത്തേണ്ടിവരും. തീര്‍ച്ചയായും ആരോഗ്യരംഗത്തെ ഒരു വെല്ലുവിളിയാണിത്. പ്രത്യേകിച്ച് കേരളത്തില്‍ പ്രതിദിനം 26 ആത്മഹത്യകളും 523 ആത്മഹത്യാശ്രമങ്ങളും നടക്കുന്നതായി കണക്കുകള്‍ ചുണ്ടിക്കാണിക്കുമ്പോള്‍.
കൂട്ട ആത്മഹത്യകളിലും മുന്നില്‍
കുടുംബ ആത്മഹത്യകളുടെ കാര്യത്തിലും കേരളം ഒട്ടും പുറകിലല്ല. 2020ല്‍ കേരളത്തില്‍ 25 പേര്‍ കുടുംബ ആത്മഹത്യയിലൂടെ ജീവന്‍ വെടിഞ്ഞിട്ടുണ്ട്. തൊട്ടുമുമ്പില്‍ നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ ആന്ധ്രാപ്രദേശ് -46, തമിഴ്‌നാട് -45, മധ്യപ്രദേശ് -39, രാജസ്ഥാന്‍ -39 എന്നിവയാണ്. ഭര്‍ത്താവും ഭാര്യയും, കുഞ്ഞുങ്ങളുംകൂടി ഒന്നിച്ചുള്ള കൂട്ടമരണങ്ങള്‍ ഇന്ന് ഒരു സെന്‍സേഷണല്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്. പ്രണയനൈരാശ്യത്തില്‍നിന്നും ഉടലെടുക്കുന്ന പകമൂലം കാമുകിയെ കൊലപ്പെടുത്തി കമിതാവ് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും സമീപകാലങ്ങളില്‍ കൂടിക്കൊണ്ടിരിക്കുന്നു. പത്രദൃശ്യമാധ്യമങ്ങള്‍ ഇത്തരം ആത്മഹത്യകള്‍ക്ക് നല്‍കുന്ന അമിതപ്രാധാന്യം തങ്ങളുടെ തീരുമാനങ്ങള്‍ക്ക് പ്രേരകശക്തിയാകുന്നതിനാല്‍ ആത്മഹത്യ ജീവിത പ്രശ്‌നങ്ങള്‍ക്കുള്ള പോംവഴിയായി തിരഞ്ഞെടുക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നു.
കേരളത്തില്‍ മാനസികരോഗങ്ങള്‍ മൂലം ആത്മഹത്യ ചെയ്തവരുടെ നിരക്ക് (20.5) ദേശീയ നിരക്കായ 5 ശതമാനത്തേക്കാള്‍ കൂടുതലാണ്. നാഷണല്‍ സാമ്പിള്‍ സര്‍വ്വേയുടെ കണക്കനുസരിച്ച് ഭാരതത്തിലെ മൊത്തം മാനസികരോഗികളുടെ എണ്ണം ലക്ഷത്തില്‍ 132 ആണെന്നിരിക്കെ കേരളത്തില്‍ ഇത് 282 ആണ്. അതായത് ദേശീയ നിരക്കിലേക്കാള്‍ രണ്ടുമടങ്ങ് കൂടുതല്‍. ഇതെല്ലാം നമ്മുടെ സംസ്ഥാനത്ത് മാനസികരോഗികളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നു എന്ന വസ്തുത ചൂണ്ടിക്കാണിക്കുന്നു. മാനസിക രോഗങ്ങളില്‍ വിഷാദരോഗം, അമിത മദ്യാസകതി രോഗം, മറ്റ് ലഹരി അടിമത്തം, സ്‌കീസോഫ്രീനിയ എന്നീ രോഗങ്ങളില്‍ ആത്മഹത്യാ സാധ്യത 10 മുതല്‍ 15 ശതമാനമാണ്. രോഗത്തിന്റെ ആരംഭാവസ്ഥയില്‍ തന്നെ ശരിയായ ചികിത്സ എടുത്താല്‍ ഇത്തരം ആത്മഹത്യകള്‍ ഒഴിവാക്കാന്‍ കഴിയും.
സമൂഹത്തിന്റെ പങ്ക്
കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നിരവധി മാറ്റങ്ങള്‍ കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യത, ഗള്‍ഫില്‍ നിന്നും ജോലി നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികള്‍, കൊവിഡ് മൂലം കച്ചവടം തകര്‍ന്നുപോയ ബിസിനസുകാര്‍, യുവജനങ്ങളുടെ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, ലോക്ഡൗണിന് ശേഷം കൗമാരപ്രായക്കാര്‍ക്ക് സംഭവിച്ചിട്ടുള്ള സ്വഭാവ വ്യതിയാനങ്ങള്‍, അന്ധമായ പാശ്ചാത്യ അനുകരണം, സാംസ്‌കാരിക ജീര്‍ണ്ണത, ആത്മഹത്യയെ അനുകൂലിക്കുന്ന സിനിമകള്‍, സീരിയലുകള്‍, വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ എന്നിവയെല്ലാം മലയാളിയുടെ മാനസിക പ്രതിരോധശക്തി തകര്‍ത്ത് പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിവില്ലാത്തവരായി തീര്‍ക്കുന്നു.
സൂചനകളെ അവഗണിക്കരുത്
ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗം തങ്ങളുടെ ചിന്ത പ്രത്യക്ഷമായോ പരോക്ഷമായോ മറ്റുള്ളവരുമായി പങ്കുവയ്‌ക്കാറുണ്ട്. നിര്‍ഭാഗ്യവശാല്‍ ഇക്കാര്യം മറ്റുള്ളവര്‍ ലഘുവായി കാണുന്നത് മൂലമോ, ശ്രദ്ധയില്‍പെടാതെ പോകുന്നതുകൊണ്ടോ മുന്‍കരുതലുകള്‍ ഒന്നും എടുക്കാന്‍ കഴിയാതെ പോകുന്നു. ആത്മഹത്യയുടെ കാര്യത്തിലെങ്കിലും ‘കുരയ്‌ക്കും നായ കടിക്കില്ല’ എന്ന പഴമൊഴി തെറ്റാണ്. വ്യക്തി നേരിട്ടുപറഞ്ഞില്ലെങ്കില്‍ കൂടി അയാളുടെ പെരുമാറ്റ രീതിയിലുള്ള വ്യത്യാസങ്ങള്‍ മുഖേന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആത്മഹത്യാ സാധ്യത കണ്ടുപിടിക്കാനാകും. ദുഃഖഭാവം, നിര്‍വ്വികാരത, കരച്ചില്‍, ക്ഷീണം, ഉത്സാഹക്കുറവ്, അശ്രദ്ധ, കുറ്റബോധം, പരിഭ്രാന്തി, ഉള്‍വലിയല്‍, ഉറക്കക്കുറവ്, വിശപ്പ് കുറവ്, ലഹരി ഉപയോഗം, മരുന്നുകള്‍ കഴിക്കാന്‍ വിമുഖത കാണിക്കുക, അമിത വേഗതയിലുള്ള ൈഡ്രവിംഗ്, വില്‍പത്രം തയ്യാറാക്കുക തുടങ്ങിയവയൊക്കെ ശ്രദ്ധിക്കപ്പെടേണ്ട കാര്യങ്ങളാണ്. ഏതെങ്കിലും വ്യക്തിക്ക് ഇത്തരം പ്രശ്‌നങ്ങളുണ്ടെങ്കില്‍ മനസ്സുതുറന്ന് അയാളുമായി സ്വകാര്യ സംഭാഷണത്തിന് തയ്യാറായാല്‍ ഒട്ടേറെ ആത്മഹത്യകള്‍ തടയാന്‍ നമുക്കുകഴിയും. മാനസിക രോഗമാണ് മൂലകാരണമെങ്കില്‍ എത്രയും പെട്ടെന്ന് അവരെ ചികിത്സക്ക് വിധേയമാക്കുക.
കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാം ഉള്ളില്‍വച്ച് സഹിക്കാതെ മനസ്സുതുറന്ന് കുടുംബക്കാരോടോ, ആത്മാര്‍ത്ഥ സുഹൃത്തുക്കളോടോ സംസാരിക്കാന്‍ ശ്രമിക്കുക. പ്രശ്‌നങ്ങള്‍ അതിലും സങ്കീര്‍ണ്ണമാണെങ്കില്‍ ശാസ്ത്രീയമായ കൗണ്‍സിലിംഗിന് വിധേയമാകുക. സര്‍ക്കാര്‍ ഭാഗത്തുനിന്നും ചെയ്യാന്‍ കഴിയുന്ന ഒരുകാര്യം എല്ലാ താലൂക്ക്, ജില്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പ്രവര്‍ത്തിക്കുന്ന ആത്മഹത്യാപ്രതിരോധ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നതാണ്. കീടനാശിനികളുടെ സുഗമമായ ലഭ്യതയും മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ ലഭിക്കുന്നതും ഒഴിവാക്കിയാല്‍ ഈ മാര്‍ഗ്ഗങ്ങളുപയോഗിച്ച് നടക്കുന്ന ഗണ്യമായ ആത്മഹത്യകള്‍ കുറയ്‌ക്കാന്‍ കഴിയും. ആത്മഹത്യാ ചിന്തയുള്ള ആളിന് ഏത് സമയത്തും ബന്ധപ്പെടാവുന്ന ടെലിഫോണ്‍ ഹെല്‍പ്പ്‌ലൈനുകള്‍ ലഭ്യമാണെങ്കില്‍ നൈമിഷികമായി ഉടലെടുക്കുന്ന ആത്മഹത്യകള്‍ തടയാന്‍ കഴിയും. ആത്മഹത്യയ്‌ക്ക് കാരണമായേക്കാവുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നല്ലൊരു മാര്‍ഗ്ഗം നമ്മുടെ ഓരോ പൗരനേയും സാമൂഹികസാമ്പത്തിക ജീവിത മേഖലകളിലെ ഏതൊരു പ്രശ്‌നത്തേയും ധൈര്യമായി നേരിടാന്‍ സജ്ജമാക്കുക എന്നതാണ്.
(കോഴിക്കോട് ചേതന സെന്റര്‍ ഫോര്‍ ന്യൂറോ സൈക്യാട്രി ഡയറക്ടറാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: