പാട്ന: നേതാക്കളുടെ മൂപ്പിളമത്തര്‍ക്കത്തില്‍ കുടുങ്ങി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃയോഗം. ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ ഈ മാസം 12ന് വിളിച്ച വിശാല പ്രതിപക്ഷ നേതൃയോഗത്തില്‍ പങ്കെടുക്കാനാകില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും അറിയിച്ചു. ഇതോടെ യോഗം മാറ്റി.
കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കാതിരിക്കാനാണ് നിതീഷും ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയും ചേര്‍ന്ന് യോഗം പാട്നയിലാക്കിയത്. ദല്‍ഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അരവിന്ദ് കേജ്രിവാളും സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും ഇവര്‍ക്കൊപ്പം നിന്നു.
ഇതില്‍ത്തന്നെ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മുന്‍ അധ്യക്ഷന്‍ രാഹുല്‍ വിദേശത്ത് പോയ സമയത്ത് യോഗം വിളിച്ചത് പാര്‍ട്ടിയെ താഴ്ത്തിക്കെട്ടാനാണെന്നാണും കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. ആദ്യം ഹിമാചലിലും അടുത്തിടെ കര്‍ണാടകത്തിലും ഭരണത്തിലെത്തിയതിനാല്‍ തങ്ങള്‍ക്കാണ് മേല്‍ക്കൈ ലഭിക്കേണ്ടതെന്നാണ് അവരുടെ വാദം.
അതേസമയം, കോണ്‍ഗ്രസ് തങ്ങളേക്കാള്‍ മുന്നിലാണെന്ന് സമ്മതിക്കാന്‍ മറ്റു കക്ഷികള്‍ തയാറല്ല. ബംഗാളില്‍ മമതയുടെയും ഉത്തര്‍പ്രദേശില്‍ അഖിലേഷിന്റെയും പഞ്ചാബിലും ദല്‍ഹിയിലും കേജ്രിവാളിന്റെയും എതിരാളികളാണ് കോണ്‍ഗ്രസ്. ബംഗാളില്‍ ഒരു കോണ്‍ഗ്രസ് എംഎല്‍എ ദിവസങ്ങള്‍ക്കു മുന്‍പാണ് തൃണമൂലില്‍ ചേക്കേറിയത്.
ഇതോടെ, അവിടെ കോണ്‍ഗ്രസിന് എംഎല്മാരുമില്ലാതായി. അതേസമയം, എം.കെ. സ്റ്റാലിനും പിന്മാറിയത് നേതൃയോഗത്തിന് കനത്ത തിരിച്ചടിയായി. അസൗകര്യം ചൂണ്ടിക്കാട്ടിയാണ് എത്തില്ലെന്ന് അറിയിച്ചതെങ്കിലും കോണ്‍ഗ്രസിന്റെ സമ്മര്‍ദ്ദമാണ് കാരണമെന്ന സംശയം മറ്റു കക്ഷികള്‍ക്കുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: