കണ്ണൂര്‍: എടയന്നൂര്‍ മഞ്ഞക്കുന്ന് മടപ്പുര ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ച മകനു പിന്നാലെ ചികിത്സയിലിരുന്ന പിതാവും മരിച്ചു. പാപ്പിനിശേരി അരോളി സ്വദേശിയായ പി. രാജേഷാണ് ഇന്ന് മരിച്ചത്. ഇദ്ദേഹത്തിന്റെ മകന്‍ രംഗീത് രാജ്(14) ഞായറാഴ്ച ഉച്ചയ്‌ക്ക് മുങ്ങിമരിച്ചിരുന്നു.
അച്ഛനോടൊപ്പം കുളത്തില്‍ കുളിക്കവേയായിരുന്നു അപകടം. വെളളത്തില്‍ മുങ്ങി അവശനിലയിലായ രാജേഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ മരണം സംഭവിച്ചു. കീച്ചേരിയില്‍ ഓട്ടോ ഡ്രൈവറാണ് രാജേഷ്. അരോളി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു രംഗീത്.
കൊട്ടിയൂർ വൈശാഖോത്സവത്തിന് ഇളനീർസംഘത്തോടൊപ്പം യാത്രതിരിച്ചതാണ് ഇരുവരും. ഞായറാഴ്ച ഉച്ചയോടെ എടയന്നൂർ മഞ്ഞക്കുന്ന് മടപ്പുര ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ഇരുവരും മുങ്ങിപ്പോകുകയായിരുന്നു. കൊട്ടിയൂരിലേക്ക് ഇളനീരുമായി പോകുന്ന 51 അംഗ സംഘമാണ് ക്ഷേത്രത്തിൽ തങ്ങിയിരുന്നത്. അപകടം നടക്കുന്ന സമയം സംഘത്തിലുള്ളവർ ഇളനീർ ശേഖരിക്കുന്നതിന് പുറത്തുപോയിരുന്നു. ഇരുവരെയും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കുളക്കരയിൽ മാലകൾ ഊരിവെച്ചത് കണ്ടത്. ഉടൻതന്നെ ഇരുവരെയും പുറത്തെടുത്ത് കണ്ണൂർ എ.കെ.ജി. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രംഗീത് രാജിനെ രക്ഷിക്കാനായില്ല.
ഒരാഴ്ച മുൻപാണ് വൈശാഖോത്സവത്തിൽ പങ്കെടുക്കുന്നതിന് ഇരുവരും വീട്ടിൽനിന്ന് പുറപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: