എല്ലാ വര്‍ഷവും ജൂണ്‍ അഞ്ചിനാണ് പരിസ്ഥിതി ചിന്തകള്‍ പച്ചപ്പണിയുന്നത്. ആ ദിവസത്തേക്കുവേണ്ടി ഐക്യരാഷ്ട്രസഭ ഏതെങ്കിലും ഒരു പരിസ്ഥിതിപ്രശ്നം മുഖ്യ ചിന്താവിഷയമായി തെരഞ്ഞെടുത്തു ലോകമാകെ ചര്‍ച്ച ചെയ്യും. അതിനു ശേഷം പതിവുപോലെ, ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ തിരക്കില്‍പ്പെട്ട് പരിസ്ഥിതി ചിന്തയും മറവിയുടെ കാണാക്കയങ്ങളില്‍ വിശ്രമിക്കും. പതിവുപോലെ ഈ വര്‍ഷത്തെ പരിസ്ഥിതിദിന ചിന്തയ്ക്ക് വിഷയമായിരിക്കുന്നത് പ്ലാസ്റ്റിക് എന്ന അത്ഭുത വസ്തുവാണ്. എവിടെ തിരിഞ്ഞു നോക്കിയാലും പ്ലാസ്റ്റിക് കാണാത്ത ഒരിടവുമില്ല. അത്രയ്ക്ക് മനുഷ്യ ജീവിതത്തിന്റെ ഭാഗമായ പ്ലാസ്റ്റിക് അത്ര പെട്ടെന്ന് ഒഴിവാക്കാന്‍ സാധിക്കുമോ. ഒഴിവാക്കിയില്ലെങ്കില്‍ എന്ത് ദോഷമാണ് ഉണ്ടാകാന്‍ പോകുന്നത്?
പ്ലാസ്റ്റിക്കും പരിസ്ഥിതിയും
രാവിലെ ഉണര്‍ന്നു പല്ലു തേക്കാനായി പ്ലാസ്റ്റിക് ബ്രഷ്. രാത്രി ഉറങ്ങുന്നത് പ്ലാസ്റ്റിക് മയമുള്ള കിടക്കയില്‍. ചെറ്റക്കുടില് തൊട്ടു മണിമന്ദിരങ്ങള്‍ വരെയും, ഓണംകേറാമൂലകള്‍ തൊട്ടു നഗര ഹൃദയങ്ങള്‍ വരെയും, പാദരക്ഷകള്‍ തൊട്ടു കേശാലങ്കാരം വരെയും പ്ലാസ്റ്റിക്കില്‍ മുങ്ങി കുളിച്ചു നില്ക്കുന്നു. സര്‍വം പ്ലാസ്റ്റിക് മയമാകുമ്പോള്‍ അതു പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. ലോകത്തിലാകെ വര്‍ഷം തോറും 430 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക് ഉത്പാദിപ്പിക്കപ്പെടുന്നു. ഇതിന്റെ മൂന്നില്‍ രണ്ടു ഭാഗവും താല്‍ക്കാലിക ഉപയോഗത്തിന് ശേഷം വലിച്ചെറിഞ്ഞു മാലിന്യങ്ങളായി തീരുന്നു. വനങ്ങളില്‍ പോലും വലിച്ചെറിയുന്ന പ്ലാസ്റ്റിക് ഒരു പ്രശ്നമായിരിക്കുന്നു. അങ്ങനെയാണ് ആനപ്പിണ്ടത്തിലും, മറ്റു മൃഗ വിസര്‍ജ്യങ്ങളിലും പ്ലാസ്റ്റിക് കണ്ടെത്തുന്നത്. ഇവ സൂക്ഷ്മാംശങ്ങളായും, വലിയ വസ്തുക്കളായും അനേകം വര്‍ഷങ്ങള്‍ മണ്ണിലും വെള്ളത്തിലും വായുവിലും അലിഞ്ഞു ചേരാതെ കിടക്കുമ്പോള്‍, അവയിലെ വിഷാംശങ്ങള്‍ മനുഷ്യനുള്‍പ്പടെയുള്ള ജീവികളുടെ ഉള്ളിലെത്തി അനേകം ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.
2021 ലെ യുനെപ് (UNEP-From Pollution to Solution) റിപ്പോര്‍ട്ടനുസരിച്ചു, പ്ലാസ്റ്റിക് സൂക്ഷ്മാംശങ്ങളിലെ രാസവസ്തുക്കള്‍ ഗൗരവമേറിയ ജനിതക പ്രശ്നങ്ങളും, മസ്തിഷ്ക രോഗങ്ങളും, ശ്വാസകോശ രോഗങ്ങളും ഉണ്ടാക്കുന്നു. അഞ്ചു മില്ലിമീറ്ററില്‍ കുറഞ്ഞ ഡയമീറ്ററുള്ള പ്ലാസ്റ്റിക് അംശങ്ങളാണ് ഇത്തരം ദോഷങ്ങളുണ്ടാക്കുന്നത്. ശരിയായ നടപടിയെടുത്താല്‍ 2040 ഓടെ 80 ശതമാനം പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കാനാകും. ഇങ്ങനെ ചെയ്താല്‍ വികസ്വര രാജ്യങ്ങളില്‍ 7 ലക്ഷം ഹരിത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുമെന്നു യുനെപ് പഠനങ്ങള്‍ പറയുന്നു.
പ്ലാസ്റ്റിക്കും വ്യവസ്ഥിതിയും
ഉപഭോഗം കുറച്ചും, പുനര്‍ചംക്രമണം നടത്തിയും, പുനരുപയോഗം നടത്തിയും പുനര്‍ നിര്‍ണയം നടത്തിയും വൈവിധ്യവത്കരണം നടത്തിയും പ്ലാസ്റ്റിക്കിനെ കുറച്ചുകൊണ്ടുവന്ന് സുസ്ഥിര വികസനം സാധ്യമാക്കാം എന്നുള്ളതാണ് പുതിയ സൂത്രവാക്യം. യുനെപ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഏംഗര്ആന്റേഴ്സണ് പറയുന്നത് ഒരു ചാക്രിക സമ്പദ്വ്യവസ്ഥിതിയിലേക്കു പോയാല്‍ മാത്രമേ പ്ലാസ്റ്റിക് പ്രശ്നം ഫലപ്രദമായി നേരിടാന്‍ കഴിയു എന്നാണ്.
ചാക്രിക സമ്പദ്വ്യവസ്ഥിതിയില്‍ ‘ഒന്ന് ചീഞ്ഞാല്‍ മറ്റൊന്നിനു വളമാകുന്നു’. അമ്പതു വര്‍ഷങ്ങള്‍ക്കുമുന്‍പ് നമ്മുടെ ഗ്രാമപ്രദേശങ്ങളില്‍ ചാക്രിക സമ്പദ്വ്യവസ്ഥ ഉണ്ടായിരുന്നു. അന്ന് കുടുംബത്തിലെ മൂത്തകുട്ടികള്‍ ഉപയോഗിച്ചിരുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ അവര്‍ വലുതായി കഴിഞ്ഞു അവര്‍ക്കു പാകമല്ലാതാകുമ്പോള്, ഇളയ കുട്ടികള്‍ക്ക് കൊടുത്തിരുന്നു. അവര്‍ക്കും പാകമല്ലാതെ വന്നു പഴയതാകുമ്പോള്‍ ആ വസ്ത്രം ‘കൈക്കലാ’ (ചൂട് പാത്രങ്ങള്‍ അടുപ്പില്‍ നിന്ന്, ഉപേക്ഷിച്ച പഴയ വസ്ത്രങ്ങള്‍ കൂട്ടിപ്പിടിച്ചു എടുക്കുന്ന രീതി) ആയി ഉപയോഗിച്ചിരുന്നു. വീണ്ടും അവ പഴകുമ്പോള്‍ കത്തിച്ചിട്ടു, ആ ചാരം ചെടികള്‍ക്ക് വളമായി തീരുന്നു. അത് കോട്ടണ്‍ ചെടിയുടെ ചുവട്ടിലാണ് വളമായതെങ്കില്, വീണ്ടും അതില്‍ നിന്ന് ഈ വളമുപയോഗിച്ചു പരുത്തി ലഭിച്ചു കഴിയുമ്പോള്‍ അത് വസ്ത്രമാകുന്നു.
ഇന്നിപ്പോള്‍, വസ്ത്രങ്ങള്‍ ആരും കൈമാറാറില്ല. പുതിയ തലമുറ മാസം തോറും പുതിയ വസ്ത്രങ്ങള്‍ വാങ്ങിച്ചു, ആഡംബര ജീവിതം ഇഷ്ടപ്പെടുമ്പോള്‍, ചാക്രിക സമ്പദ് വ്യവസ്ഥയും വ്യവസ്ഥിതിയും അന്യമാകുന്നു. എത്ര കിട്ടിയാലും മതിവരാത്ത ഉപഭോഗ ഭ്രാന്തിലേക്കു ഈയാം പാറ്റകള്‍ പോലെ മനുഷ്യര്‍ വീണു പോകുന്ന വ്യവസ്ഥിതിയില്‍ പ്ലാസ്റ്റിക് ഏറ്റവും വലിയ വില്ലനാകുന്നു.
പ്ലാസ്റ്റിക്കും മനഃസ്ഥിതിയും
മനുഷ്യരുടെ ‘ഫാസ്റ്റ് ഫാഷന്‍’ എന്ന പ്രതിഭാസമാണ് ഇന്ന് ഭൂമിക്കു ഏറ്റവും ശാപമായി തീര്‍ന്നിരിക്കുന്നത്. ഫാഷന്‍ കേന്ദ്രമായ പാരീസില്‍ സ്ത്രീകള്‍ വസ്ത്രങ്ങള്‍ വാങ്ങിച്ചു കൊണ്ട് വീട്ടിലേക്ക് ഓടുന്നു എന്നാണ് പറയുന്നത്. കാരണം വീട്ടില്‍ ചെല്ലുമ്പോഴേക്കും ചിലപ്പോള്‍ ഫാഷന്‍ മാറിപ്പോയെന്നിരിക്കും. ഒരാള്‍ക്ക് ഒരു ദിവസം എത്ര ഭക്ഷണം വേണം, എത്ര ലിറ്റര്‍ വെള്ളം വേണം, ഒരു വര്‍ഷം ധരിക്കാന്‍ എത്ര ജോഡി വസ്ത്രങ്ങള്‍ വേണം, എത്ര ജോഡി ചെരുപ്പുകള്‍ വേണം, എത്ര വലിയ വീട് വേണം എത്ര മോടിയായ വാഹനം വേണം എന്നൊക്കെ തീരുമാനിക്കുന്നിടത്താണ്, മനുഷ്യ ഉപഭോഗം ഭൂമിക്കു ഭാരമാകുമോ ഇല്ലയോ എന്നുതീരുമാനിക്കപ്പെടുന്നത്.
പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെ ആദ്യപടി ആത്മ നിയന്ത്രണമാണ്. സുസ്ഥിര ഉപഭോഗമാണ് സുസ്ഥിര ഉല്പാദന വിതരണത്തെക്കാള്‍ പ്രധാനം. കാരണം വിപണികളെ ആത്യന്തികമായി നിയന്ത്രിക്കുന്നത് ഉപഭോഗമാണ്. ഉല്പ്പാദിപ്പിക്കുന്നവ ഉപയോഗിക്കാന്‍ ആളുകളില്ലെങ്കില്‍ വിപണി തളരും. അതിനാല്‍ ആളുകളുടെ ഉപഭോഗ ശൈലിയെ വേണ്ട വിധത്തില്‍ സ്വാധീനിച്ചാല്‍ സുസ്ഥിര ഉത്പാദനവും, വിതരണവും, അതുവഴി സുസ്ഥിര വികസനവും സാധ്യമാകും. പ്ലാസ്റ്റിക്കിന്റെ കാര്യത്തിലും ഇതു ശരിയാണ്.
ഭാരതത്തിനു മാതൃകയാകാം
ഭാരതീയ ആധ്യാത്മിക ഗ്രന്ഥങ്ങള്‍ നല്കുന്ന ഒരു ജീവിത ശൈലി ഉണ്ട്. രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ഭൂമിയെ ചവിട്ടുന്നതിനു ക്ഷമ ചോദിച്ചിരുന്ന ഒരു ശൈലി; സൂര്യ ചന്ദ്രന്മാരെയും,വായുവിനെയും, ജലത്തെയും, അഗ്നിയേയും, മണ്ണിനെയും ആരാധിച്ചിരുന്ന സംസ്കാരം; ഭൂമിയിലെ വിഭവങ്ങള്‍, ആദരവോടെ ആവശ്യത്തിന് മാത്രം ദോഹനം (എടുക്കുന്നതിനനുസരിച്ചു കൊടുക്കുന്ന) ചെയ്തിരുന്ന സംസ്കാരം. ഈ മഹനീയമായ മനഃസ്ഥിതിയാണ് ഭാരതീയ സംസ്കൃതിയെ സഹസ്രാബ്ദങ്ങളായി നില നിര്‍ത്തിയിരുന്നത്.
ലോകത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദമായ സമൂഹ വ്യവസ്ഥിതിയായിരുന്നു നമ്മുടേത്. സമൂഹത്തിന്റെ നാല് ആശ്രമ വ്യവസ്ഥകളില്‍ ബ്രാഹ്മചാരികളും, വാനപ്രസ്ഥരും, സംന്യാസിമാരും,വളരെ ലളിത ജീവിതം നയിച്ചതിനാല്‍ പരിസ്ഥിതിക്കും ഭൂമിക്കും അതിലെ വിഭവങ്ങള്‍ക്കും ഒരു ശോഷണവും വരുത്തിയില്ല. ഗൃഹസ്ഥരാകട്ടെ അനുവര്‍ത്തിച്ചിരുന്നത് മിതമായ ജീവിത ശൈലിയും. സുസ്ഥിര വികസനത്തിന്റെ യഥാര്‍ത്ഥ വക്താക്കളായിരുന്നു ഭാരതീയര്‍.
ആധുനിക ശാസ്ത്രത്തിന്റെ സംഭാവനയാണ് പ്ലാസ്റ്റിക്. ഒരുപാട് ജീവിത സൗകര്യങ്ങള്‍ അത് മനുഷ്യ ജീവിതത്തില്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കുടത്തില്‍ നിന്ന് പുറത്തായ ഭൂതത്തെ പോലെ ഇപ്പോള്‍ അത് മനുഷ്യ രാശിയെ നോക്കി അട്ടഹസിച്ചുകൊണ്ടു വിഴുങ്ങാന്‍ തുടങ്ങുന്നു. പരിസ്ഥിതി സൗഹൃദമായ മനസ്ഥിതി കൊണ്ടും, ലളിത ജീവിതം കൊണ്ടും, പരിസ്ഥിതി സംരക്ഷണ നിയമ വ്യവസ്ഥിതി കൊണ്ടും മാത്രമേ വിപത്താകുന്ന പ്ലാസ്റ്റിക്കിനെ നേരിടാന്‍ സാധിക്കു. വേണ്ടവിധത്തില്‍ നേരിട്ടില്ലെങ്കില്‍, അധികം താമസിയാതെ, ഭൂമി തന്നെ ഒരു പ്ലാസ്റ്റിക് ഗ്ര (ഗൃ)ഹമായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: