മാഡ്രിഡ്: ബലോണ്‍ ദി ഓര് ജേതാവ് കരീം ബെന്‍സെമ റയല്‍ മാഡ്രിഡില്‍ നിന്നും വിട്ടുപോകാന്‍ തീരുമാനിച്ചു. സ്പാനിഷ് ലാ ലിഗയിലെ അവസാന കളിയും കഴിയുന്നതോടെയാണ് ഫ്രഞ്ച് താരം ക്ലബ്ബുമായുള്ള 14 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കുന്നത്. 2009ല്‍ ഫ്രഞ്ച് ക്ലബ്ബ് ലിയോണില്‍ നിന്നും ഫ്രീ ട്രാന്‍സ്ഫറിലൂടെയാണ് റയലിലെത്തുന്നത്.
ഇപ്പോള്‍ പ്രായം 35 പിന്നിട്ടിരിക്കുന്നു. ഇത്രയും കാലം ക്ലബ്ബിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടവും നാല് ലാ ലിഗ ടൈറ്റിലുകളും നേടിയിട്ടുണ്ട്. ഇതടക്കം 25 പ്രധാന ടൈറ്റിലുകളാണ് ബെന്‍സെമ ക്ലബ്ബിനായി കളിക്കുമ്പോള്‍ നേടിയിട്ടുള്ളത്. അഞ്ച് ക്ലബ്ബ് ലോകകിരീടവും മൂന്ന് കോപ്പ ഡെല്‍ റേ ടൈറ്റിലും കൂടി ഇതില്‍ ഉള്‍പ്പെടുന്നു.
കഴിഞ്ഞ സീസണില്‍ ബെന്‍സെമയുടെ അത്യുഗ്രന്‍ പ്രകടനത്തിന്റെ മികവിലാണ് റയല്‍ ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കിയത്. 2021-22 സീസണിലെ തകര്‍പ്പന്‍ പ്രകടനത്തെ തുടര്‍ന്നാണ് താരത്തിന് കഴിഞ്ഞ ഒക്ടോബറില്‍ പ്രഖ്യാപിച്ച ബലോണ്‍ ദി ഓര് പുരസ്കാരം ലഭിച്ചത്. 14 വര്‍ഷത്തിനിടെ റയലിനുവേണ്ടി 647 കളികളില്‍ പന്ത് തട്ടി. 353 ഗോളുകള്‍ നേടി. ഈ സീസണില്‍ ലാ ലിഗയില്‍ റയല്‍ രണ്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: