ഭുവനേശ്വര്‍:ഒഡിഷയിലെ ബാലസോറില്‍ മൂന്ന് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 275 പേര് കൊല്ലപ്പെട്ട സംഭവത്തില്‍ അട്ടിമറി നടന്നുവെന്ന കാര്യം തള്ളിക്കളയാനാവില്ലെന്ന് റെയില്‍വേ ബോര്‍ഡ്. ട്രെയിനുകളുടെ സുരക്ഷ ഉറപ്പിക്കുന്നതിനും കൂട്ടിയിടി ഒഴിവാക്കുന്നതിനും ഉപയോഗിക്കുന്ന ഇന്റര്‍ലോക്കിംഗ് സംവിധാനത്തില്‍ ആരോ അട്ടിമറി നടത്തിയതാണ് അപകടത്തിന് കാരണമായതെന്ന് റെയില്‍വേ ബോര്‍ഡ് അംഗം (ഓപ്പറേഷന്‍സ് ആന്റ് ബിസിനസ് ഡെവലപ്മെന്റ് ) ജയ വര്‍മ്മ സിന്‍ഹ പറഞ്ഞു.
“നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് (മൈക്രോപ്രോസസര്‍ വഴി) പ്രവര്‍ത്തിക്കുന്ന ഇന്റര്‍ലോക്കിംഗ് സംവിധാനത്തില്‍ പിഴവ് വരുത്തിയത് സിഗ്നല്‍ സംവിധാനം തകരാറിലാക്കിയതാണ് ട്രെയിനുകള്‍ കൂട്ടിയിടിക്കാന്‍ കാരണമായത്. പക്ഷെ ആരാണ് ഇന്റര്‍ലോക്കിംഗ് സംവിധാനത്തില്‍ പിഴവ് വരുത്തിയതെന്നറിയില്ല. അത് അന്വേഷണത്തില്‍ കണ്ടെത്തണം. “- ജയ വര്‍മ്മ സിന്‍ഹ പറഞ്ഞു
“ഇന്റര്‍ലോക്കിംഗ് സംവിധാനം എന്നത് പ്രവര്ത്തനപ്പിഴവ് വന്നാല്‍ പോലും കൂട്ടിയിടി ഒഴിവാക്കാന്‍ പറ്റുന്ന സംവിധാനമാണ്. ഇന്റര്‍ലോക്കിംഗ് സംവിധാനത്തിന്റെ പ്രവര്‍ത്തനം പിഴച്ചാല്‍ സിഗ്നലുകളില്‍ ചുവന്ന ലൈറ്റ് കത്തും. അതോടെ എല്ലാ ട്രെയിനുകളും ഓട്ടം നിര്‍ത്തും. ഇവിടെ സിഗ്നല്‍ സംവിധാനത്തില്‍ പിഴവ് വന്നതാണ് പ്രശ്നമായത്. കേബിളുകള്‍ നോക്കാതെ ആരോ കുഴിച്ചതാകാം സിഗ്നല്സംവിധാനത്തില് പിഴവ് വരാന്‍ കാരണം. “-ജയ വര്‍മ്മ സിന്‍ഹ പറഞ്ഞു.
പാളം തെറ്റിയത് കോറമണ്ഡൽ എക്സ്പ്രസ്
പാളം തെറ്റിയത് കോറമണ്ഡൽ എക്സ്പ്രസ് ആണെന്നും റെയിൽവേ ബോർഡ് അംഗം ജയ വർമ്മ സിൻഹ അറിയിച്ചു. 128 കിലോ മീറ്റർ വേഗതയിലാണ് കോറമണ്ഡൽ എക്സ്പ്രസ് വന്നിരുന്നത്. തുടർന്ന് ലൂപ് ലൈനിൽ നിർത്തിയിട്ടിരുന്ന ചരക്ക് തീവണ്ടിയിൽ ഇടിച്ച് പാളം തെറ്റി. ഇരുമ്പയിര് നിറച്ച് കിടന്നിരുന്ന ഗുഡ്സ് ട്രെയിനിലേക്ക് വന്നിടിച്ച് മൂന്നാമത്തെ പാളത്തിലേക്ക് ബോഗികൾ വന്നുപതിച്ചു. ഇതാണ് മരണസംഖ്യ വർധിക്കാൻ ഇടയാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: