തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോര്പറേഷന് എന്നിവയില്‍ പട്ടികജാതി പ്രമോട്ടര്‍മാരായി സിപിഎമ്മുകാരെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്നു ബിജെപി പട്ടികജാതി മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് ഷാജുമോന്‍ വട്ടേക്കാട്. 1217 പട്ടികജാതി പ്രമോട്ടര്‍മാരെയാണ് നിയമിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ പട്ടികജാതി പ്രമോട്ടര്‍മാരെ എഴുത്തുപരീക്ഷ നടത്തി റാങ്ക് നിശ്ചയിച്ചു ആണ് നിയമനങ്ങള്‍ നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ എഴുത്തുപരീക്ഷ ഒഴിവാക്കി പകരം അഭിമുഖം മാത്രം നടത്തി പട്ടികജാതി പ്രമോട്ടര്‍മാരെ നിയമിക്കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ഇതിന്റെ പിന്നില്‍ നഗ്നമായ അഴിമതിയും സ്വജനപക്ഷപാതവുമാണ്. സിപിഎം കേഡര്‍മാരെയും സഹയാത്രികരെയും പിന്‍വാതിലിലൂടെ നിയമിക്കാനുള്ള ആസൂത്രിതമായ ഗൂഢാലോചനയാണിതിനു പിന്നില്‍.
നേരത്തെ പ്രമോട്ടര്‍മാരെ നിയമിക്കുന്നതിനു പാര്‍ട്ടി കമ്മറ്റികള്‍ ലിസ്റ്റ് നല്‍കണം എന്ന ശബ്ദരേഖ വാട്സ്ആപ്പ് വഴി പുറത്തുവന്നിരുന്നു സര്‍ക്കാര്‍ പണം കൈക്കലാക്കുന്നതിനു സിപിഎം സര്‍ക്കാര്‍ ഒത്തുകളിയാണിതിനു പിന്നില്‍. അതുകൊണ്ട് സര്‍ക്കാര്‍ ഈ വിവാദ ഉത്തരവ് പിന്‍വലിക്കണം. മുന്‍ വര്‍ഷങ്ങളെ പോലെ എഴുത്തുപരീക്ഷ നടത്തി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു യോഗ്യത ഉള്ളവരെ പട്ടികജാതി പ്രമോട്ടര്‍മാരായി നിയമിക്കാന്‍ തയ്യാറാകണം.
അല്ലെങ്കില്‍ പട്ടികജാതി വികസന പദ്ധതികളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും രാഷ്ട്രീയ അതിപ്രസരമുണ്ടാവുകയും ഒരു വിഭാഗം പട്ടികജാതി കുടുംബങ്ങള്‍ക്കു അര്‍ഹമായ പരിഗണന ലഭിക്കാതെയും വരും. ഇത് ഇന്നത്തെ സാഹചര്യത്തില്‍ പട്ടികജാതിക്കാര്‍ക്ക് ലഭിക്കേണ്ട സാമൂഹ്യനീതി ഇല്ലാതാക്കും. അതുകൊണ്ട് നിലവിലെ ഉത്തരവ് പിന്‍വലിച്ചു എഴുത്തുപരീക്ഷയുടെയും റാങ്ക് ലിസ്റ്റിന്റെയും അടിസ്ഥാനത്തില്‍ പട്ടികജാതി പ്രമോട്ടര്‍മാരുടെ നിയമനം നടത്തണമെന്ന് ഷാജുമോന്‍ വട്ടേക്കാട് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ചു മുഖ്യമന്ത്രി പട്ടികജാതി പട്ടികവര്‍ഗ മന്ത്രി എന്നിവര്‍ക്ക് പട്ടികജാതി മോര്‍ച്ച നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: