ദാമാദ്യുപാഖ്യാനം
രാമചന്ദ്രനോട് വന്ദ്യനായ വസിഷ്ഠന് അരുള്‍ചെയ്തു- ‘തത്ത്വവിചാരംകൊണ്ട് മനോവൃത്തിയത്രയും പോയി മനനവും കൈവിട്ടു, നിത്യവും ഒട്ടൊട്ടു ബോധം വളര്‍ന്ന് അതിതുഷ്ടിയോടെ ത്യജിക്കേണ്ടതായ ദൃശ്യത്തെയും വിട്ട്, ഗ്രഹിക്കേണ്ടാതായ പരമാര്‍ത്ഥം ഒട്ടും ഉപേക്ഷകൂടാതെ ഗ്രഹിച്ച്, കാണുന്നവനെ സദാപി കണ്ട്, കാണാത്തവനെ ഒരിക്കലും കാണാതെ, അറിയത്തക്കതായ പരതത്ത്വത്തില്‍ ചേതസ്സിളകാതെ, നല്ലവണ്ണം ഉണര്‍ന്ന്, അത്യന്തം സന്മോഹരൂപമാകുന്ന സംസാരപന്ഥാവില്എപ്പോഴും ഉറങ്ങുന്നവനായി, വര്‍ധിച്ച വൈരാഗ്യമുള്ക്കൊണ്ട്, സര്‍വവും മിഥ്യയെന്നുള്ള ബോധത്തോടെ വെറുത്ത്, സംസാരവാസനാജാലത്തെ മൂഷികന് ചെറിയ വലയെന്നപോലെ വൈരാഗ്യമെന്ന ശക്തികൊണ്ട് ഭേദിച്ചിട്ട് നേരേ മനോബന്ധമെല്ലാം കളഞ്ഞിട്ട് വാഴുന്നവന്റെ മാനസം എപ്പോഴും ദോഷമകന്ന് തേററാംകുരുവിനാല് വെള്ളം തെളിയുന്നപോലെ വിജ്ഞാനത്താല്‍ കല്യാണസിന്ധോ! നല്ലവണ്ണം തെളിയുന്നു.
രാഗമകന്ന് വിഷയത്തില്‍ അല്പവും സംഗമില്ലാതെകണ്ട്, ഉള്ളതായി, ഏകമായി, നിരാലംബനമായിട്ട് വര്ത്തിക്കുന്നതായ മനസ്സ്, കൂടുവിട്ടു പക്ഷി പറന്നകലുന്നതുപോലെ അജ്ഞാനബന്ധം വെടിഞ്ഞു പോകുന്നു. സന്ദേഹമെന്ന ദുരാത്മാവ് ആകെ ശാന്തമായ്വന്നതും സങ്കല്പലേശമില്ലാത്തതും പൂര്ണമായുള്ളതുമായ മാനസം പൂര്‍ണേന്ദുപോലെ നല്ലവണ്ണം വിളങ്ങുന്നു. സാധോ! എപ്പോഴുമുള്ള വിചാരം നിമിത്തമായി നല്ല ബോധമാര്ന്നുള്ള മഹാനുഭാവന് ത്രിമൂര്‍ത്തികള്‍ പോലും അനുകമ്പയുള്ളവരായിത്തീരുമെന്നോര്ക്കുക. ഞാനായതാരായിടുന്നു, ചിന്തിച്ചാല്‍ ഈ കാണുന്നത് എങ്ങനെയുള്ളതാണെന്ന് ഉള്ത്തടത്തില് നിരൂപിച്ചിടാതെകണ്ട് എത്രകാലത്തോളം വസിക്കുന്നു ഹന്ത! ജഗത്ഭ്രമം അത്രകാലത്തോളം അന്ധകാരം കണക്കായിരിക്കുന്നു.
തന്നെയും അന്യനായീടുന്നവനെയും എന്ന് അഭേദമായി കാണുന്നത് ആരോ, സര്‍വ്വവും ചൈതന്യമായി കാണുന്നതാരോ, നിര്‍വാദമായി ആയവന് നേരേ കാണുന്നു. സര്വ്വഭാവാന്തരങ്ങളിലും സംസ്ഥിതനായ സര്വ്വശക്ത്യാത്മകനായി വിളങ്ങുന്ന അവന്, അന്തമില്ലാത്തവന്, ഏകനായുള്ളവന്‍, ചിദ്രൂപനെന്നിങ്ങനെ നിര്‍വിവാദം ആരഹോ കണ്ടുകൊള്ളുന്നത് അവന് ഉള്‍ത്താരില്‍ നേരെ കാണുന്നു. ഞാനെന്നുള്ളതുമില്ല, അന്യനെന്നുള്ളതുമില്ല, ബ്രഹ്മം നിരാമയം വിളങ്ങുന്നു. ഇങ്ങനെ അസത്തിനും സത്തിനും മദ്ധ്യമായി നോക്കിക്കാണുന്നവനാര്, അവന് കാണുന്നു. തെല്ലും പ്രയത്നമില്ലാതെ പ്രാപിച്ചുകൊള്ളുന്നതായ ദിഗ്വസ്തുക്കളില് നേത്രേന്ദ്രിയം രാഗമില്ലാതെ ചെല്ലുന്നത് ഓര്ത്തുകണ്ടീടുകില് എങ്ങനെയോ അങ്ങനെ ധീരരായീടുന്നവരുടെ ബുദ്ധിയും കാര്യങ്ങളില്‍ ചെന്നിടുന്നു. നന്നായറിഞ്ഞിട്ട് അനുഭവിക്കുകയാണെങ്കില്‍ ഭോഗം നല്ല സന്തോഷമുണ്ടാക്കിടും.
കള്ളനാണെന്നറിഞ്ഞിട്ട് അവനെ സേവിക്കുകില്‍ കള്ളന് കളവു ചെയ്യുകയില്ലെന്നും അവന് മൈത്രിയെ പ്രാപിക്കുമെന്നും നീ ഉള്ളില്‍ അറിയുക. വഴിയാത്രക്കാര്‍ ഏതുമോര്ക്കാതെ മാര്‍ഗമദ്ധ്യത്തില്‍ നേരിട്ടു കല്യാണമായ യാത്രയെ എങ്ങനെ കാണുന്നു, ജ്ഞാനികളായവര്‍ ഭോഗവസ്തുക്കളെ അങ്ങനെ കാണുന്നു. ജ്ഞാനയോഗംകൊണ്ട് അടക്കിയ മാനസം അല്പമായുള്ള ലീലാഭോഗത്തെ ക്ലേശം നിമിത്തം അലബ്ധവിസ്താരമായിട്ട് അതീവ വലുതായി വിചാരിക്കും. ബദ്ധനായിട്ടുള്ള ഭൂപാലകന്‍ അല്പമാത്രകൊണ്ട് സന്തുഷ്ടനായി ഭവിക്കും. ബദ്ധനല്ലാത്ത രാജാവ് രാജ്യത്തെ മനസ്സില്‍ വലുതായി വിചാരിക്കയില്ല. ദന്തം കടിച്ചും, കരത്തെ മറ്റേക്കരംകൊണ്ട് പീഡനം ചെയ്തിട്ടും അംഗങ്ങളെ മറ്റംഗങ്ങള്കൊണ്ട് ആക്രമിച്ച് ഹൃത്തിനെ മുന്നേ ജയിക്കണം. ‘
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: