ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ അതിവേഗമുള്ള രക്ഷാ പ്രവര്‍ത്തനങ്ങളാണ് മരണം 288ല്‍ ഒതുക്കാന്‍ സഹായകമായത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും മിന്നല്‍ വേഗത്തില്‍ നടപടികള്‍ എടുക്കുകയും നാട്ടുകാര്‍ അതിവേഗം പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും ചെയ്തതിനാല്‍ ബോഗികളില്‍ കുടുങ്ങിയവരില്‍ നിരവധി പേരെ കൃത്യസമയത്ത് പു
റത്തെടുത്ത് ആശുപത്രിയില്‍ എത്തിക്കാനായി. ഇന്നലെ ഉച്ചയ്‌ക്കു മുന്‍പു തന്നെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കി. ട്രാക്കുകള്‍ പുനഃസ്ഥാപിക്കാനും ട്രെയിന്‍ സര്‍വ്വീസുകള്‍ പുനരാരംഭിക്കാനുമുള്ള പ്രവര്‍ത്തനങ്ങളും യുദ്ധകാലാടിസ്ഥാനത്തില്‍ തുടങ്ങിയിട്ടുണ്ട്.
ഒന്‍പത് ദുരന്ത നിവാരണ സേനാ സംഘങ്ങളാണ് (ഏഴ് ഒഡീഷയില്‍ നിന്നും രണ്ടെണ്ണം ബംഗാളില്‍ നിന്നും) രക്ഷാ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയത്. മെറ്റല്‍ കട്ടറുകളും അപകടത്തില്‍ പെട്ടവരെ മണത്തു കണ്ടെത്താന്‍ പരിശീലനം ലഭിച്ച നായക്കളും ബോഗികളും മറ്റും ഉയര്‍ത്താനുള്ള വാഹനങ്ങളും ഉപകരണങ്ങളും അടക്കം മുന്നൂറിലേറെ എന്‍ഡിആര്‍എഫ് പ്രവര്‍ത്തകരാണ് രക്ഷാ പ്രവര്‍ത്തനം നടത്തിതെന്ന് എന്‍ഡിആര്‍എഫ് ഐജി നരേന്ദ്ര സിങ് ബുന്ദേലയും ഡയറക്ടര്‍ ജനറല്‍ അതുല്‍ കര്‍വാളും പറഞ്ഞു.
രക്ഷപ്പെടുത്തിയവരെ ആശുപത്രികളില്‍ എത്തിക്കാന്‍ വ്യോമസേനയുടെ എം 17 ഹെലിക്കോപ്ടറുകളും ഉപയോഗിച്ചു.
ബാലാസോര്‍ ജില്ലാ ആശുപത്രി യുദ്ധക്കളം പോലെ
അപകടത്തില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ബാലാസോര്‍ ജില്ലാ ആശുപത്രിയില്‍ യുദ്ധക്കളത്തിന്റെ പ്രതീതി. പരിക്കേറ്റ നൂറുകണക്കിന് പേരെയാണ് ആംബുലന്‍സുകളില്‍ അതിവേഗം ഇവിടേക്ക് എത്തിച്ചുകൊണ്ടിരുന്നത്. ആശുപത്രിയിലെ മുറികളും ഇടനാഴികളും വാര്‍ഡുകളും അതിവേഗം നിറഞ്ഞു കവിഞ്ഞു. 900 ഓളം പേര്‍ക്കാണ് പരിക്കേറ്റത്. സ്‌ട്രെച്ചറുകളില്‍ പരിക്കേറ്റവരെ കിടത്തിയിരിക്കുന്ന കാഴ്ചയായിരുന്നു എങ്ങും. ഇത്തരമൊരു അവസ്ഥ ഞാന്‍ കണ്ടിട്ടില്ല, ഒറ്റയടിക്ക് 251 പരിക്കേറ്റവരെയാണ് ആദ്യം എത്തിച്ചത്. ഡിഎംഒ ഡോ. മൃതുഞ്ജയ മിശ്ര പറഞ്ഞു. രാത്രി മുഴുവന്‍ പകലാക്കിയാണ് പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പാക്കിയത്. അദ്ദേഹം പറഞ്ഞു. ഇവിടെ നിന്ന് 70 ഓളം പേരെ കട്ടക്കിലെ മെഡിക്കല്‍ കോളജിലേക്ക് അയച്ചു. ചെറിയ പരിക്കുകള്‍ മാത്രമുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്കി അപ്പപ്പോള്‍ തന്നെ ഡിസ്ചാര്‍ജ്ജ് ചെയ്തു.
വെള്ളത്തുണി പുതപ്പിച്ച
മൃതദേഹങ്ങള്‍ മോര്‍ച്ചറി നിറഞ്ഞു
അപകടത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ ബാലാസോര്‍ ജില്ലാ ആശുപത്രിയിലെയും മെഡിക്കല്‍ കോളജിലെയും മോര്‍ച്ചറികളില്‍ നിരന്നു. വെള്ളത്തുണി പുതപ്പിച്ച് നിരത്തി വച്ച അവ കണ്ട് ഓടിക്കൂടിയവര്‍ ഞെട്ടി. അവ ബന്ധുക്കള്‍ തിരിച്ചറിയേണ്ടതുണ്ട്.
രക്തദാനത്തിന് സജ്ജരായി
നൂറുകണക്കിന് യുവാക്കള്‍
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രക്തം നല്കാന്‍ സന്നദ്ധരായി നൂറു കണക്കിന് യുവാക്കള്‍ എത്തിയത് ആശ്വാസമായതായി ഡിഎംഒ ഡോ. മൃതുഞ്ജയ മിശ്ര പറഞ്ഞു. രക്തം ദാനം ചെയ്യാന്‍ ആശുപത്രിയില്‍ ചെറുപ്പക്കാരുടെ ക്യൂ കണ്ട് ഞാന്‍ അമ്പരന്നു പോയി, ഒറ്റരാത്രി കൊണ്ട് 500 യൂണിറ്റ് രക്തമാണ് ശേഖരിച്ചത്. ഇതും ജീവിതത്തിലെ ആദ്യ അനുഭവമാണ്. ബാലാസോര്‍ മെഡിക്കല്‍ കോളജില്‍ രണ്ടായിരത്തോളം പേരാണ് രക്തം നല്കാന്‍ സന്നദ്ധരായി എത്തിയത്.
‘ഉറക്കത്തില്‍ നിരവധി പേര്‍
ദേഹത്തേക്ക് വീണു’
ട്രെയിന്‍ പാളം തെറ്റുമ്പോള്‍ ഞാന്‍ ഉറക്കത്തിലായിരുന്നു. പത്തു പതിനഞ്ചു പേര്‍ എന്റെ ദേഹത്തേക്ക് മറിഞ്ഞു വീണു. അതോടെ ഉണര്‍ന്ന ഞാന്‍ കോച്ചിനു പുറത്തേക്ക് വന്നു. കണ്ടത് ഭയാനകമായ കാഴ്ചയായിരുന്നു. കൈകാലുകള്‍ അവിടവിടെ ചിതറിക്കിടക്കുന്ന കാഴ്ചയായിരുന്നു അത്. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട ഒരാള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: