ന്യൂദല്‍ഹി : വരാനിരിക്കുന്ന കാലവര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള മൊത്തത്തിലുള്ള തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ന്യൂദല്‍ഹിയില്‍ ഉന്നതതല യോഗം ചേര്‍ന്നു. രാജ്യത്തെ വെള്ളപ്പൊക്ക പ്രശ്നങ്ങള്‍ ലഘൂകരിക്കുന്നതിന് സമഗ്രമായ നയം രൂപീകരിക്കുന്നതിനുള്ള ദീര്‍ഘകാല നടപടികളും ചര്‍ച്ചയായി.
ദുരന്തസമയത്ത് ജീവനും ജീവനോപാധികളും നഷ്ടപ്പെടുന്നത് കുറയ്ക്കാനുളള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഷാ പറഞ്ഞു. കേന്ദ്ര കാലാവസ്ഥാ വകുപ്പും കേന്ദ്ര ജലകമ്മീഷനും ഇപ്പോള്‍ നല്കുന്ന അഞ്ച് ദിവസത്തെ മഴയും വെള്ളപ്പൊക്ക പ്രവചനവും അടുത്ത മണ്‍സൂണ്‍ കാലത്തോടെ കൂടുതല്‍ ദിവസത്തേക്ക് വര്‍ദ്ധിച്ചേക്കുമെന്നും ഫലപ്രദമായ ഇടപെടലിലൂടെ വെളളപ്പൊക്കം നിയന്ത്രിക്കാനാകുമെന്നും അമിത് ഷാ പറഞ്ഞു.
അടുത്ത വര്‍ഷം മാര്‍ച്ചോടെ സമഗ്ര സോഫ്റ്റ്വെയര് വികസിപ്പിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്കി. മുന്‍കൂര്‍ മുന്നറിയിപ്പ് നല്കുന്ന ഏജന്‍സികള്‍ ശാസ്ത്രീയ വിവരങ്ങള്‍ ഇതിലൂടെ ദുരന്തനിവാരണ ഏജന്‍സികള്‍ക്ക് നല്‍കാനും ആഭ്യന്തരമന്ത്രി നിര്‍ദേശിച്ചു. ഇപ്പോള്‍ വെളളപ്പൊക്കം പ്രവചിച്ചിട്ടുളള നദികളിലെ ജലനിരപ്പ് ഓരോ മണിക്കൂറിലും നിരീക്ഷിക്കുമെന്ന് അമിത് ഷാ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: