ന്യൂയോര്‍ക്ക്: മൂന്നാം ലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രിയുടേയും ഉദ്യോഗസ്ഥരുടേയും താമസ ചെലവ് വഹിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍. യാത്രാ ചെലവ് കേരളസര്‍ക്കാറും. പ്രതിനിധികള്‍ എല്ലാവരും പങ്കെടുക്കുന്നത് സ്വന്തം ചെലവിലും.
കഴിഞ്ഞ ഒക്ടോബറില്‍ ലണ്ടനില്‍ നടന്ന ലോക കേരളസഭയുടെ മേഖലാ സമ്മേളനത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും ഉദ്യോഗസ്ഥരുടേയും ചെലവ് വഹിച്ചത് കേന്ദ്ര സര്‍ക്കാറായിരുന്നു. ലണ്ടനിലെ സെന്റ് ജയിംസ് കോര്‍ട്ട് ഹോട്ടലിലായിരുന്നു പരിപാടി. താമസം സംബന്ധിച്ച ചെലവ് കേന്ദ്ര ധനമന്ത്രാലയത്തിന്റെ അനുമതി ഉത്തരവ് പ്രകാരം ഇന്ത്യന്‍ എംബസിയാണ് വഹിച്ചതെന്ന് ഡിസംബര്‍ 5 ന് നിയമസഭയില്‍ മുഖ്യമന്ത്രി രേഖാമൂലം വ്യക്തമാക്കിയിരുന്നു
”അമേരിക്കയിലെ മലയാളി സംഘടനകളുടെ പണം സ്വീകരിച്ചുകൊണ്ട് കേരളത്തിലെ മുഖ്യമന്ത്രിയും നേതാക്കളും ഉദ്യോഗസ്ഥരും ഇതുപോലൊരു സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് കേന്ദ്ര ഗവണ്മെന്റിന്റെ നിയമപരമായ തടസ്സങ്ങളുണ്ട്. അതുകൊണ്ട് വിമാന ടിക്കറ്റ് ഉള്‍പ്പെടെയുള്ള അവരുടെ ചെലവെല്ലാം വഹിക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. ആ ചെലവ് എത്രമാത്രം വരുമെന്ന് അറിയില്ല. അക്കാര്യത്തില്‍ ഓര്‍ഗനൈസിങ്ങ് കമ്മറ്റി ഇടപെടുകയുമില്ല.’ ഓര്‍ഗനൈസിങ്ങ് കമ്മിറ്റി പ്രസിഡന്റ് കെ.ജി മന്മഥന് നായര്‍ പറഞ്ഞു.
നടത്തിപ്പ് ചെലവാണ് അമേരിക്കന്‍ മലയാളികള്‍ വഹിക്കുമെന്നത് . ചെലവ് കണക്കാക്കിയിരിക്കുന്നത് 6 കോടി രൂപയാണ്. ന്യൂയോര്‍ക്ക് ടൈം സ്ക്വയറിലെ മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുസമ്മേളനം നടത്താനാണ് ഇതില്‍ രണ്ടുകോടിയും ചെലവാകുന്നത്. 250 പേര്‍ക്കിരിക്കാവുന്ന സ്ഥലത്തിന്റെ വാടകയും വിഡിയോ വാള് പ്രദര്‍ശനത്തിനും കൂടിയാണിത്. പൊതുസമ്മേളനത്തിന്റെ മുഴുവന്‍ ചെലവും നടത്താമെന്നേറ്റിരിക്കുന്നത് 2 കോടി രൂപയുടെ ഡയമണ്ട് സ്പോണ്‍സര്‍ഷിപ് എടുത്തിരിക്കുന്ന ഫൊക്കാന പ്രസിഡന്റ് ഡോ ബാബൂ സ്റ്റീഫനാണ്. സമ്മേളനം നടക്കുന്ന 2 ദിവസങ്ങളില്‍ എല്ലാവര്ക്കും ഭക്ഷണം നല്‍കുന്നത് സംഘാടകരാണ്. കലാപരിപാടികളുടെ ചെലവും വഹിക്കണം.
‘സര്‍ക്കാരിന്റെ ഖജനാവില്‍ നിന്നോ, നോര്‍ക്കയില്‍ നിന്നോ ലോക കേരള സഭയ്ക്ക് ഫണ്ടുണ്ടെങ്കില്‍ അതില്‍ നിന്നോ ഒരു പൈസ പോലും പ്രതീക്ഷിച്ചുകൊണ്ടല്ല മേഖലാ സമ്മേളനം അമേരിക്കയില്‍ സംഘടിപ്പിക്കുന്നത്. അമേരിക്കന്‍ മലയാളികളില്‍ നിന്നും സ്വരൂപിക്കുന്ന പണമാണ് സമ്മേളന നടത്തിപ്പിന്റെ സാമ്പത്തിക സ്രോതസ്സ്. സര്‍ക്കാരില്‍ നിന്ന് ഒരു ചില്ലിക്കാശുപോലും പ്രതീക്ഷിക്കുന്നില്ല, ആവശ്യപ്പെട്ടിട്ടുമില്ല.” മന്മഥന് നായര്‍ പറഞ്ഞു
അമേരിക്കയില്‍ താമസിക്കുന്ന വിദ്യാസമ്പന്നരും തൊഴില്‍ സമ്പന്നരും അതിവിദഗ്ധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുമായ വ്യക്തികളുടെ പരിചയവും സാമ്പത്തികം ഉള്‍പ്പെടെയുള്ള വിഭവ സ്രോതസ്സുകളും എല്ലാം കണക്കിലെടുത്തുകൊണ്ട് ആകെ തുകയാക്കി കേരളത്തിന്റെ സമഗ്ര പുരോഗതിക്ക് വിനിയോഗിക്കുക എന്നതാണ് സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
.ജൂണ്‍ 9, 10, 11 തീയതികളിലാണ് അമേരിക്കന്‍ മേഖലാ സമ്മേളനം നടക്കുന്നത്.2018ല്‍ രൂപീകരിച്ച ലോക കേരള സഭയുടെ പ്രധാന സമ്മേളനങ്ങള്‍ 2018, 2020, 2022 വര്‍ഷങ്ങളില്‍ കേരള നിയമസഭാ സമുച്ചയത്തില്‍ നടന്നിരുന്നു.ഇതിന് പുറമെ ആദ്യ മേഖലാ സമ്മേളനം ദുബായിലും യൂറോപ്യന്‍ രാജ്യങ്ങളുടെ മേഖലാ സമ്മേളനം ലണ്ടനിലും നടക്കുകയുണ്ടായി. യു.എസ്.എ, കാനഡ, നോര്‍ത്ത് മേരിക്കന്കരീബിയന് മേഖലകള്‍ എന്നിവ ഉള്‍പ്പെടുന്ന അമേരിക്കന്‍ രാജ്യങ്ങളുടെ മേഖലാ സമ്മേളനത്തിനാണ് ന്യൂയോര്‍ക്ക് വേദിയൊരുക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയന്, നിയമസഭാ സ്പീക്കര്‍ എ.എന്‍ ഷംസിര്‍, നോര്‍ക്ക റസിഡന്റ വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന്, ചീഫ് സെക്രട്ടറി വി.പി ജോയി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ലോക കേരളസഭയിലെ അമേരിക്കന്‍ മേഖലാ രാജ്യങ്ങളിലെ അംഗങ്ങളേയും ക്ഷണിതാക്കളേയും കൂടാതെ മലയാളി സമൂഹത്തില്‍ നിന്നുള്ള പ്രത്യേക ക്ഷണിതാക്കളും ന്യൂയോര്‍ക്കിലെത്തും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 200ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
‘ലോകത്തിന്റെ സാമ്പത്തിക തലസ്ഥാനം എന്നു തന്നെ വിശേഷിപ്പിക്കാവുന്ന മന്‍ഹാട്ടന്‍ എന്ന ഗോള്‍ഡന്‍ സ്പോട്ടില്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെയും മറ്റ് പ്രമുഖ വ്യക്തിത്വങ്ങളെയും വിളിച്ചു വരുത്തി ആദരിച്ച് ഒരു സമ്മേളനം സംഘടിപ്പിക്കുകയും അതിന്റെ വേദിയില്‍ മലയാളികളുടെ പൊതുവായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും പരിഹാര നിര്‍ദ്ദേശങ്ങള്‍ പൊന്തിവരികയും ചെയ്യുന്നത് സന്തോഷകരമാണ്.’കെ.ജി മന്മഥന് നായര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: