ഹൈദരബാദ്: ലോകത്തിലെ ആദ്യത്തെ 3ഡി പ്രിന്റഡ് ഹിന്ദു ക്ഷേത്രം തെലങ്കാനയില്‍ നിര്മ്മണത്തിലാണ്. ഹൈദരാബാദില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെ സിദ്ധിപേട്ട് പട്ടണത്തിലെ ചര്‍വിത മെഡോസ് എന്ന വില്ല പ്രോജക്ടിലാണ് 3 ശ്രീകോവിലുകളും ഗോപുരങ്ങളുമുള്ള ക്ഷേത്രം. അപ്സുജ ഇന്ഫ്രാടെകാണ് 3,800 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത്.
പദ്ധതിയുടെ ഭാഗമായി അപ്സുജ ഇന്‍ഫ്രാടെക്, 3ഡി പ്രിന്റഡ് കണ്‍സ്ട്രക്ഷന്‍ കമ്പനിയായ സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സുമായി ഒത്തുചേര്‍ന്നാണ് നിര്‍മ്മാണം നടത്തുന്നത്. മാര്‍ച്ചില്‍, സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സ് ഹൈദരാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയുമായി ചേര്‍ന്ന് രണ്ട് മണിക്കൂറിനുള്ളില്‍ ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടോടൈപ്പ് പാലം നിര്‍മ്മിച്ചിരുന്നു.
ഐഐടി ഹൈദരാബാദിലെ സിവില്‍ എന്‍ജിനീയറിങ് വിഭാഗം പ്രഫസര്‍ കെ.വി.എല്‍.സുബ്രഹ്മണ്യവും സംഘവുമാണ് രൂപഘടന നിര്‍ണയിച്ച ഈ പാലം ലോഡ് ടെസ്റ്റിംഗ് ഉള്‍പ്പെടെയുള്ള മറ്റു പരിശോധനകള്‍ക്കു ശേഷം ക്ഷേത്രത്തിനു ചുറ്റുമുള്ള പൂന്തോട്ടത്തില്‍ കാല്‍നട പാലമായി ഉപയോഗിക്കുമെന്നും സിംപ്ലിഫോര്‍ജ് ക്രിയേഷന്‍സിന്റെ സിഇഒ ധ്രുവ് ഗാന്ധി പറഞ്ഞു.
പരമശിവന്, പാര്‍വതി, ഗണപതി എന്നീ പ്രതിഷ്ഠകളാണ് ഇവിടെ ഉണ്ടാകുക. മൂന്നു പ്രതിഷ്ഠകള്‍ക്കുള്ള ശ്രീകോവില്‍ താമര, ശിവലിംഗം, മോദകം എന്നിങ്ങനെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഗണപതിയുടെ ശ്രീകോവില്‍ 10 ദിവസങ്ങളിലായി ആറു മണിക്കൂര്‍ കൊണ്ടാണ് പ്രിന്റ് ചെയ്തത്. നിലവില്‍ സംഘം പാര്‍വ്വതി ദേവിയുടെ ശ്രീകോവിലിന്റെ നിര്‍മ്മാണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: