കൊച്ചി: ബസില്‍ നടിയുടെ സമീപത്ത് ഇരുന്ന് നഗ്നതാ പ്രദര്‍ശനം നടത്തിയതിന്റെ പേരില്‍ ജയിലിലായ സവാദ് ജാമ്യം നേടി പുറത്തിറങ്ങുമ്പോള്‍ പൂമാലയിട്ട് സ്വീകരിക്കുമെന്ന് ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍. നടിയ്‌ക്ക് ഇന്‍സ്റ്റഗ്രാം ഫോളോവേഴ്സിനെ കൂട്ടാനുള്ള കള്ളപ്പരാതിയാണ് ഇതെന്നും ഉള്ള അവകാശവാദവുമായി ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അവകാശപ്പെടുന്നു.
‘സവാദിനെ കാണാന്‍ ഞാന്‍ ജയിലില്‍ പോയിരുന്നു. അയാള്‍ നിരാശനാണ്. ഫുഡ് കഴിക്കുന്നില്ലെന്നും സവാദിന്റെ കുടുംബം ഡീസന്‍റ് ഫാമിലിയാണെന്നും അജിത് കുമാര്‍ വാദിക്കുന്നു. സവാദിന്റെ കുടുംബമൊക്കെ നാട് വിട്ട് പോയെന്നും സവാദിന് പുതിയ ജീവിതം കൊടുക്കുകയാണ് ലക്ഷ്യമെന്നും അജിത് കുമാര്‍ പറയുന്നു.
തൃശൂർ നിന്ന് എറണാകുളത്തേക്കുള്ള യാത്രയ്‌ക്കിടയിലാണ് കഴിഞ്ഞ ദിവസം കേട്ടാല്‍ അറയ്‌ക്കുന്ന ഈ സംഭവം അരങ്ങേറിയത്. യാത്രക്കാരിയായ നടി കൂടിയായ പെൺകുട്ടിയുടെ അടുത്ത് വന്നിരുന്ന് പ്രതിയായ കോഴിക്കോട് സ്വദേശി സവാദ് സ്വയംഭോഗം ചെയ്യുകയുമായിരുന്നു. ഉടൻ തന്നെ പെൺകുട്ടി ബഹളം വച്ചു. പിന്നാലെയാണ് കണ്ടക്ടറായ പ്രദീപ് അടുത്തെത്തി. അക്രമി ബസിൽ നിന്ന് ചാടിയിറങ്ങി പ്രദീപിനെ തട്ടിമാറ്റി അകലേക്ക് ഓടി മറഞ്ഞെങ്കിലും വിട്ടുകൊടുക്കാൻ പ്രദീപും തയാറായില്ല. പ്രതിയുടെ തൊട്ടുപിന്നാലെ പ്രദീപും കെഎസ്ആർടിസി ഡ്രൈവറും വെച്ചുപിടിച്ചു. ഒടുവിൽ ഒരു കിലോമീറ്ററോളം പിന്നാലെ ഓടി പ്രതിയായ സവാദിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ച് തങ്ങളുടെ ബസിലെ യാത്രക്കാരിക്ക് നീതി ഉറപ്പാക്കുകയായിരുന്നു.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ പെണ്‍കുട്ടിക്ക് കൃത്യമായ പിന്തുണ നല്‍കി കൂടെ നിന്ന കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ സ്വന്തം തൊഴിലിന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുവെന്നും ബസില്‍ വെച്ച് മോശമനുഭവമുണ്ടായതിനെ തുടര്‍ന്ന് ശബ്ദമുയര്‍ത്തിയ പെണ്‍കുട്ടിയോട് “നിങ്ങള്‍ക്ക് പരാതിയുണ്ടോ..” എന്ന് ചോദിക്കുകയും പരാതിയുണ്ടെന്ന് പെൺകുട്ടി പറഞ്ഞതോടെ ”ഡോർ തുറക്കേണ്ട” എന്ന് ഡ്രൈവറോട് പറയുകയും ആര്‍ജ്ജവത്തോടെ ഇടപെടുകയും ചെയ്ത കെ എസ് ആര്‍ ടി സി കണ്ടക്ടർ കൈയടി അര്‍ഹിക്കുന്നു എന്ന് അന്ന് സമൂഹമാധ്യമങ്ങള്‍ കണ്ടക്ടറെ വാഴ്‌ത്തുകയും ചെയ്തിരുന്നു. മാധ്യമങ്ങളില്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയ ഈ സംഭവത്തില്‍ പ്രതിയായ കോഴിക്കോട് സവാദിന് പിന്തുണയുമായി ഒരു സംഘടന എത്തുന്നത് സംശയത്തോടെയാണ് പലരും നോക്കിക്കാണുന്നത്. ഒരു വലിയ ജനക്കൂട്ടം മുഴുവന്‍ സാക്ഷിയാവുകയും കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉള്‍പ്പെടെ ഇടപെടുകയും ചെയ്ത സംഭവത്തില്‍ പൊടുന്നനെ കഥയ്‌ക്ക് ട്വിസ്റ്റ് കൊണ്ടുവരാന്‍ ശ്രമിച്ചതും സംശയദൃഷ്ടിയോട് ഒരു വിഭാഗം വീക്ഷിക്കുന്നു.
പെണ്‍കുട്ടി ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സ് ഉണ്ടാക്കാന്‍ നടത്തിയ നാടകമാണ് ഈ സംഭവമെന്നും ഈ കേസില്‍ സവാദിന് വേണ്ടി വാദിക്കാന്‍ അഡ്വ. ആളൂരിനെ ഏര്‍പ്പാട് ചെയ്തിട്ടുണ്ടെന്നും വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: