ന്യൂദല്‍ഹി: വിദേശകാര്യ സഹമന്ത്രി വി.മുരളീധരന് രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി നാളെ മാലദ്വീപുകളിലെത്തും. മാലദ്വീപിലെ രണ്ടാമത്തെ വലിയ നഗരമായ അദ്ദുവിലെ ഗാന് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ അദ്ദേഹം പങ്കെടുക്കും.
അദ്ദു പുനരുദ്ധാരണ പദ്ധതി പ്രവൃത്തികളുടെ ഉദ്ഘാടന ചടങ്ങിലും മന്ത്രി പങ്കെടുക്കും. അദ്ദുവില്‍, ഇന്ത്യയുടെ ധനസഹായത്താല്‍ നിര്‍മ്മിച്ച ഉന്നത സാമൂഹിക വികസന പദ്ധതികളുടെ ഉദ്ഘാടനവും നിര്‍വഹിക്കും.
മാലദ്വീപുകളിലെ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തുന്ന കേന്ദ്രസഹമന്ത്രി ഉഭയകക്ഷി സഹകരണവുമായി ബന്ധപ്പെട്ട കരാറുകളിലും ഒപ്പുവയ്ക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ ഇന്ത്യയുടെ പ്രധാന അയല്‍രാജ്യമാണ് മാലദ്വീപുകള്‍. ഇരു രാജ്യങ്ങളും തമ്മിലുള്ള സുസ്ഥിരമായ സഹകരണത്തിനും ജനങ്ങള്‍ തമ്മിലുള്ള ദൃഢമായ ബന്ധത്തിനും സന്ദര്‍ശനം കൂടുതല്‍ ഊര്‍ജം പകരുമെന്ന് പ്രതീക്ഷിക്കുന്നതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: