തിരുവനന്തപുരം: സ്കൂള്‍ ബസിന് സാരഥിയായി ഒരു വനിത. കോട്ടണ്‍ഹില്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം നമ്പര്‍ ബസിന്റെ വളയം പിടിക്കുകയാണ് വിളവൂര്‍ക്കല്‍ ചൂഴാറ്റുകോട്ട ആറ്റരികത്ത് അജിന് നിവാസില്‍ ഇ. സുജ. സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂള്‍ ബസിന്റെ ആദ്യ വനിതാ ഡ്രൈവര്‍ കൂടിയാണ് ഈ നാല്‍പ്പതുകാരി.
തീപ്പിടിത്തത്തില്‍ നശിച്ച ബസിന് പകരം സ്കൂള്‍ പിടിഎ വാങ്ങിയ പുതിയ ബസ് ഇക്കഴിഞ്ഞ ജനുവരിയിലാണ് നിരത്തിലിറക്കിയത്. ശംഖുമുഖം എയര്‍പോര്‍ട്ട്, വള്ളക്കടവ് റൂട്ടിലേക്കുള്ള വിദ്യാര്‍ഥികളെ സുരക്ഷിതമായി എത്തിക്കുന്ന ഉത്തരവാദിത്തമാണ് സ്കൂള്‍ അധികൃതര്‍ സുജയുടെ കൈകളില്‍ ഏല്‍പ്പിച്ചിരിക്കുന്നത്. രാവിലെ ഏഴു മുതല്‍ 9.30 വരെയും വൈകിട്ട് 3.30 മുതല്‍ 6.30 വരെയുമാണ് സുജയുടെ ഡ്യൂട്ടി സമയം.
സുജ ഹെവി വെഹിക്കിള്‍ ലൈസന്‍സ് നേടിയിട്ട് 12 വര്‍ഷമായി. ഒരു വര്‍ഷത്തോളം പട്ടം പ്ലാമൂട്ടിലെ കിഡീസ് മോണ്ടിസോറി സ്കൂളില്‍ ബസോടിച്ചു. 2008ല്‍ കെഎസ്ആര്‍ടിസിയില്‍ എംപാനല്‍ കണ്ടക്ടറായി കയറിയെങ്കിലും 2018ല്‍ കൂട്ടപിരിച്ചുവിടലില്‍ ജോലി നഷ്ടപ്പെട്ടു. ആകെയുള്ള ആശ്വാസം പഌങ്കാലമുക്കിലുള്ള ചിക്കന്സ്റ്റാളായിരുന്നു. കടയിലേയ്ക്കുള്ള ചിക്കനെടുക്കാന് സുജ തന്നെയാണ് ലോറിയുമായി തമിഴ്നാട്ടില്‍ പോയിരുന്നത്. ഉച്ചയ്ക്ക് പോയി അര്‍ധരാത്രിയോടെ ലോഡുമായി മടങ്ങിവരും. ഭര്‍ത്താവ് അല്‍ഫോണ്‍സാണ് കട നോക്കുന്നത്.
മകന്റെ അസുഖവും കൊവിഡുമൊക്കെ ജീവിതം വലിയ കടക്കെണിയിലാക്കി. തുടര്‍ന്നാണ് സ്കൂളില്‍ ബസ് ഡ്രൈവറാകുന്നത്. മകന് അജിന് എന്‍ജിനിയറിങ് വിദ്യാര്‍ഥിയാണ്. മകള്‍ അഹിജ കോട്ടണ്‍ഹില്‍ സ്കൂളില്‍ ഇക്കൊല്ലം പ്ലസ്ടു ഉയര്‍ന്ന മാര്‍ക്കോടെ പാസായി. മോണ്ടിസോറി ടീച്ചേഴ്സ് ട്രെയിനിങ് കോഴ്സ് പൂര്‍ത്തിയാക്കിയ സുജയ്ക്ക് എവിടെയെങ്കിലും അധ്യാപികയായി ജോലിക്ക് കയറണമെന്നാണ് മോഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: