ബുഡാപെസ്റ്റ്: യൂറോപ്പ ലീഗ് കിരീടം സെവിയയ്ക്ക്. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ആവേശകരമായ ഫൈനലില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഇറ്റാലിയന്‍ ക്ലബ് എഎസ് റോമയെ കീഴടക്കിയാണ് സെവിയ കിരീടത്തില്‍ മുത്തമിട്ടത്. നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും 1-1ന് സമനില വഴങ്ങിയതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.
ഷൂട്ടൗട്ടില്‍ മിന്നും പ്രകടനം കാഴ്ചവെച്ച സെവിയ്യ ഗോള്‍കീപ്പര്‍ യാസിന് ബോനോയാണ് മത്സരത്തിലെ താരം. രണ്ട് ഉഗ്രന്‍ സേവുകളാണ് താരം ഷൂട്ടൗട്ടില്‍ നടത്തിയത്. റോമയുടെ പരിശീലകന് ഹോസെ മൗറീന്യോയുടെ സ്വപ്നമാണ് സെവിയ തകര്‍ത്തത്. അഞ്ചുതവണ യൂറോപ്പ ലീഗ് കിരീടം നേടിയ പരിശീലകന്റെ കരിയറിലെ ആദ്യ യൂറോപ്പ ഫൈനല്‍ തോല്‍വിയാണിത്.
അതേസമയം കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ സെവിയയുടെ പരിശീലകനായി സ്ഥാനമേറ്റയുടന്‍ തന്നെ യൂറോപ്പ ലീഗ് കിരീടം ടീമിന് നേടിക്കൊടുക്കാന്‍ പരിശീലകന് ഹോസെ ലൂയിസ് മെന്ഡിലിബാറിന് സാധിച്ചു. യൂറോപ്പ ലീഗിലെ ആധിപത്യം സെവിയ്യ ഊട്ടിയുറപ്പിച്ചു. ടീം നേടുന്ന ഏഴാം യൂറോപ്പ ലീഗ് കിരീടമാണിത്. ഇതുവരെ ഫൈനലിലെത്തിയപ്പോഴെല്ലാം ടീം കിരീടം നേടിയിട്ടുണ്ട്.
ഷൂട്ടൗട്ടില്‍ റോമയ്ക്കായി ആദ്യ കിക്കെടുത്ത ബ്രയാന്‍ ക്രിസ്റ്റാന്റെ മാത്രമാണ് ലക്ഷ്യം കണ്ടത്. പിന്നാലെ വന്ന മാന്‍സീനിയ്ക്കും റോജറിനും ലക്ഷ്യം തെറ്റി. സെവിയയ്ക്ക് വേണ്ടി ലൂക്കാസ് ഒക്കാംപോസ്, എറിക് ലമേല, ഇവാന് റാക്കിറ്റിച്ച്, ഗോണ്‍സാലോ മോണ്ടിയെല് എന്നിവര്‍ വലകുലുക്കി.
പന്ത് കൈവശം വെക്കുന്നതിലും അവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും മുന്നിട്ടുനിന്നത് സെവിയയായിരുന്നു. എന്നാല്‍ കളിയുടെ ഗതിക്കെതിരായി ആദ്യം ഗോളടിച്ചത് റോമയായിരുന്നു. 35-ാം മിനിറ്റില്‍ അര്‍ജന്റീന താരം പൗലോ ഡിബാലയിലൂടെയാണ് റോമ ലീഡ് നേടിയത്. ഈ ഗോളിന് ആദ്യ പകുതിയില്‍ റോമ മുന്നിട്ടുനില്‍ക്കുകയും ചെയ്തു.
എന്നാല്‍ രണ്ടാം പകുതിയില്‍ കളിയുടെ 55-ാം മിനിറ്റില്‍ ജിയാന്‍ലൂക്ക മാന്‍സീനി റോമയുടെ വില്ലനായി. താരത്തിന്റെ സെല്‍ഫ് ഗോളില്‍ സെവിയ മത്സരത്തില്‍ സമനില നേടി. തുടര്‍ന്ന് വിജയഗോളിനായി ഇരുടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും വിജയഗോള്‍ വിട്ടുനിന്നു. ഇതോടെ കളി അധിക സമയത്തേക്ക് നീണ്ടു. 30 മിനിറ്റ് അധികസമയത്തും വിജയഗോള്‍ പിറക്കാതിരുന്നതോടെ കളി ഷൂട്ടൗട്ടിലേക്ക് നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: