ഗായത്രീശക്തിയെ സ്ത്രീരൂപത്തില്‍ സ്തുതിക്കുന്നത് എന്തുകൊണ്ട്? പല ദേവതമാരേയും പുരുഷരൂപത്തിലാണ് പൂജിക്കുന്നത്. ഗായത്രീമന്ത്രത്തില്‍ സവിതയെ ദേവനായി സ്തുതിക്കുമ്പോള്‍ ഗായത്രി എങ്ങനെയാണ് സ്ത്രീലിംഗമാകുന്നത്?
ഈ സംശയങ്ങളുണ്ടാവാന്‍ കാരണം, സ്ത്രീയും പുരുഷനും തുല്യരാണ് എന്ന വിചാരം അല്പം കുറവായി തോന്നിപ്പോകുന്നതിനാലാണ്. ഇതിന്റെ മൂലകാരണം വളരെക്കാലമായി നിലനില്‍ക്കുന്ന അന്ധവിശ്വാസമാണ്. ഈ ചുറ്റുപാടിലാണ് ഗായത്രിയുടെ സ്ത്രീരൂപം ആശ്ചര്യമായി തോന്നിക്കുന്നത്. നാം അല്പമൊന്ന് ആലോചിച്ചുനോക്കുക.
ആരുടെ നേര്‍ക്ക് നമുക്ക് ഒരലിവുതോന്നുന്നുവോ, അവിടെ ഒരു ബന്ധം ജനിക്കുന്നു. അതിനുശേഷം ഒരു ദയാവായ്പുണ്ടാകുന്നു. ഇതില്‍ കൊടുക്കുകയും കൊള്ളിക്കുകയും സഹജമായിരിക്കും. കിണറ്റില്‍നിന്നു വരുന്ന മാറ്റൊലി പോലെ അല്പം സ്നേഹംകൊണ്ട് വലിയതോതില്‍ മടക്കിക്കിട്ടുന്നു.
‘ത്വമേവ മാതാ ച പിതാ ത്വമേവ’ എന്നുതുടങ്ങിയ സംസ്കൃതസ്തുതിയില് അമ്മയ്ക്കാണ് പ്രഥമസ്ഥാനം. എന്തുകൊണ്ടെന്നാല്് ലോകത്തില്‍ വച്ചേറ്റവും ഉത്തമമായ ബന്ധം അമ്മയുടേതാണ്. നിസ്വാര്‍ത്ഥമായ കരുണയും വാത്സല്യവും നിറഞ്ഞ ബന്ധം ഇതുപോലെ വേറൊന്നില്ല. അതുകൊണ്ട് ഗായത്രിയെന്ന മഹാശക്തിയെയും മാതാവിന്റെ രൂപത്തില്‍ സ്തുതിക്കുമ്പോള്‍ അതേ അളവില്‍ വാത്സല്യവും കരുണാവര്‍ഷവും പൊഴിയുന്നു. തന്നിമിത്തം വിശ്വാസം വര്‍ദ്ധിക്കുകയും മനുഷ്യന്റെ ഭക്തി ആഴത്തിലേക്കിറങ്ങി മുന്നേറുകയും ചെയ്യുന്നു.
ഗായത്രീമഹാശക്തിയെ പതിനാറു വയസ്സുള്ള കന്യകയായി സ്തുതിക്കുന്നതുകൊണ്ട് സ്ത്രീകളുടെ മേലുള്ള മോഹം നിമിത്തം സംഭവിക്കുന്ന ദുര്‍വിചാരങ്ങള്‍ക്ക് മൂര്‍ച്ച കുറഞ്ഞ് ബഹുമാനം വര്‍ദ്ധിക്കുന്നു. ഇതുകൊണ്ടുണ്ടാകുന്ന നന്മകള് പലതാണ്. ആത്മീയസാധനയില്‍ യോഗചിന്തയും തേജസ്സും വര്‍ദ്ധിക്കുന്നു. ഗായത്രീ ഉപാസനയില്‍ മഹാശക്തിക്ക് സ്ത്രീയുടെ സ്ഥാനം നല്‍കിയതില്‍ നല്ലൊരു മഹത്വപൂര്‍ണ്ണമായ ആത്മീയസാധനയുടെ ആവശ്യകതയെ പൂര്‍ത്തിയാക്കുകയെന്ന തത്ത്വം അടങ്ങിയിരിക്കുന്നു.
നാം ഈശ്വരനില്‍ ഭക്തിവിശ്വാസങ്ങളര്പ്പിക്കുന്നു. അദ്ദേഹത്തിന്റെ അളവില്ലാത്ത കൃപാകടാക്ഷം നമുക്കുണ്ടാവണമെന്നാഗ്രഹിക്കുന്നു. മാതാവിന്റെ രൂപത്തില്‍ ധ്യാനിക്കുന്നതുകൊണ്ട് ഇതു കൂടുതല്‍ അനുകൂലമായിരിക്കുന്നു. കുട്ടികളുടെ നേര്‍ക്ക് അമ്മയ്ക്കുള്ള സ്നേഹവാത്സല്യങ്ങള്‍ നമുക്ക് ലഭിക്കുമ്പോള്‍ മഹാശക്തിയെ മാതാവിന്റെ രൂപത്തില്‍ ആരാധിക്കുന്നത് ആദ്ധ്യാത്മികവിദ്യയിലെ മനഃശാസ്ത്രരഹസ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രയോജനകരവും ലാഭദായകവുമായി കരുതപ്പെടുന്നു. ഈശ്വരനെ വേദമാതാ ഗായത്രിയുടെ രൂപത്തില്‍ ആരാധിക്കുമ്പോള്‍ അളവില്ലാത്ത സ്നേഹവും അനുഗ്രഹവും വര്‍ദ്ധിക്കുന്നു.
സ്ത്രീശക്തി പുരുഷന്മാര്ക്ക് എല്ലാവിധത്തിലും വാത്സല്യവും അനുഗ്രഹവുമുള്ള ഒരു ബന്ധമാണ്. പുത്രി, സഹോദരി എന്നിവരോടും അമ്മ, കുഞ്ഞുങ്ങള്‍ എന്നിവരോടും യാതൊരുവിധത്തിലുമുള്ള സ്നേഹബന്ധങ്ങളുമില്ലാത്ത ഒരു പുരുഷന്റെ ജീവിതം ക്രൂരവും ആസുരവുമാണെന്നുവേണം പറയാന്‍. മഴകൊണ്ട് ഭൂമി പുതിയ ചോലയായി മാറുന്നതുപോലെ മനുഷ്യനും സ്ത്രീകളുടെ സ്നേഹം കൊണ്ട് പറന്നുയരുന്നു. തന്റെ അന്തഃകരണശക്തികൊണ്ട് മഹത്ത്വത്തെ മനസ്സിലാക്കുന്നു. ഇതില്‍ ഒരു വലിയ തടസ്സം മോഹമാണ്. മോഹം അമൃതിനെപ്പോലും വിഷമായി മാറ്റുന്നു. ഇതുമൂലമുണ്ടാകുന്ന അപകടങ്ങളെ തകര്‍ക്കാന്‍ സ്ത്രീകളെയും പുരുഷന്മാരേയും പിരിച്ചുവയ്ക്കപ്പെടുന്നു. സാമൂഹ്യനിയമങ്ങള്‍ വിഭജിക്കപ്പെടുന്നു. കൃത്രിമമായ ഈ വിഭജനം വഴി സ്ത്രീയും പുരുഷനും തമ്മിലുള്ള പവിത്രവും ശ്രേഷ്ഠവുമായ ബന്ധം നിമിത്തമുണ്ടാകുന്ന ഫലങ്ങളെ, പ്രയോജനങ്ങളെ നഷ്ടപ്പെടുത്തുന്നു.
മനസ്സിനുള്ളില്‍ സ്ത്രീകളുടെ നേര്‍ക്ക് തോന്നുന്ന വക്രമോഹങ്ങളെ ഗായത്രീ ഉപാസന ഇല്ലാതാക്കുന്നു. ഭഗവാനെ ജഗന്മാതാവായ പരമപുണ്യഭാവനയില് ആരാധിച്ച് സ്ത്രീസമൂഹത്തിന് ബഹുമാനം ജനിപ്പിക്കേണ്ടത് ആവശ്യമാണ്. ഈ അഭ്യാസത്തില്‍ എത്രകണ്ട് വിജയം വരിക്കാന്‍ കഴിയുമോ അത്രത്തോളം നമ്മുടെ ഉള്ളില്‍ തോന്നുന്ന ദുര്വിചാരങ്ങള് ഇല്ലാതായിത്തീരുന്നു. മാതൃഭക്തിയുള്ളവര്ക്ക് ഈ മനോവികാരങ്ങള്‍ അധികനേരം നീണ്ടുനില്‍ക്കുന്നില്ല. ശ്രീരാമകൃഷ്ണപരമഹംസന്, അരവിന്ദയോഗി, ഛത്രപതി ശിവജി, മഹാത്മാഗാന്ധി, സ്വാമി ദയാനന്ദസരസ്വതി തുടങ്ങിയ ആചാര്യന്മാര് മഹാശക്തിയെയാണ് ഉപാസിച്ചിരുന്നത്. ശക്തി ഉപാസന ഭാരതത്തിന്റെ ഒരു പ്രധാനധര്മ്മമായി ഇന്നും തുടര്‍ന്നുവരുന്നു.
നാം ഭാരതഭൂമിയെ ഭാരതമാതാവായി വന്ദിക്കുന്നു. ശിവനു മുമ്പ് ശക്തിയെയാണ് ആരാധിക്കുക. മാതാവിന് നാം അച്ഛനേയും ഗുരുവിനെയുംകാള് മുന്‍ഗണന നല്കുന്നു. അതുപോലെ ഭഗവാനെ ജഗന്മാതാവായി പൂജിക്കുന്നതില്‍ പല നന്മകളും അടങ്ങിയിരിക്കുന്നു.
ബ്രഹ്മം നമ്മുടെ ഇന്ദ്രിയങ്ങള്‍ക്കും ബുദ്ധിക്കും അതീതമായ നിര്‍വികാരമായ രൂപമാണ്. ബ്രഹ്മത്തില്‍ നേരിട്ടു ലയിച്ചുചേരാന്‍ മറ്റു മാര്‍ഗ്ഗമൊന്നുമില്ല. ആദ്ധ്യാത്മികസാധനയ്ക്ക് ഉതകുന്ന ഉപകരണങ്ങളാണ് ജപം, പലരൂപത്തിലുള്ള ധ്യാനം, പ്രാര്‍ത്ഥന, തപം, ഈശ്വരവിചാരം, സ്തുതിക്കുക, കീര്‍ത്തനങ്ങള്‍ ചൊല്ലുക എന്നിവയെല്ലാം.
ജീവനെ ഈശ്വരനില്‍ ലയിപ്പിക്കാന്‍ സല്ഗുണമയമായ മനസ്സിനെക്കൊണ്ട് കഴിയും. ഈ ആത്മാവും പരമാത്മാവും തമ്മില്‍ ചേര്‍ത്തുവയ്ക്കുന്ന ശക്തിയാണ് ഗായത്രീ. പല ഋഷിമുനിമാരും ചരിത്രാതീതകാലം മുതല്‍ ഗായത്രിയെ ഉപാസിച്ചുപോന്നു. കാരണം, ശക്തിയില്ലാതെ മുക്തിയില്ല. അതിനാല്‍ പിതാവിനെക്കാള്‍ മാതാവിന്റെ മഹത്വത്തിനാണ് മുന്‍തൂക്കം. അതുകൊണ്ട് ഈശ്വരന്റെ കാരുണ്യത്തിനു പാത്രമാവാന്‍ ഗായത്രീഉപാസന ഒരു ശ്രേഷ്ഠമായ വഴിയത്രേ. സുന്ദരം, മധുരം, കീര്‍ത്തി, സ്വത്ത്, വിശ്വാസം, കരുണ, സന്തോഷം, നന്മ, ദയ തുടങ്ങിയ പല രൂപങ്ങളില്‍ ഈ മഹാശക്തി നമുക്ക് ആനന്ദത്തെ തരുന്നു. നമുക്കും ഈ ലോകമാതാവായ ഗായത്രിയെ ധ്യാനിച്ച് സംസ്കാരബന്ധങ്ങളില്നിന്ന് വിമോചനം നേടി പരമാനന്ദത്തില്‍ ലയിക്കാന്‍ കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: