ലഖ്നൗ: അയോധ്യ ശ്രീരാമ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുന്നതിനുള്ള രാം ലല്ലയുടെ വിഗ്രഹത്തിന്റെ നിര്‍മാണം ആരംഭിച്ചതായി ശ്രീരാമജന്മഭൂമി തീര്‍ഥ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത് റായ്. രാം ലല്ലയുടെ മൂന്ന് വിഗ്രഹങ്ങളുടെ നിര്‍മാണം ആരംഭിച്ചു. രണ്ടെണ്ണം കര്‍ണാടകയില്‍ നിന്നും ഒന്ന് രാജസ്ഥാനില്‍ നിന്നുമാണ്, അദ്ദേഹം വ്യക്തമാക്കി.
അയോധ്യ ക്ഷേത്രത്തിന്റെ മൂന്നിടങ്ങളില്‍ പ്രതിഷ്ഠിക്കാനുള്ള ഈ വിഗ്രഹങ്ങള്‍ വ്യത്യസ്തമായ ശിലകളിലാണ് നിര്‍മിക്കുന്നത്. ശില്പികളിലൊരാളായ ഗണേഷ് ഭട്ടും അദ്ദേഹത്തിന്റെ ശിഷ്യന്‍ വിപിന്‍ ബദോരിയയും ചേര്‍ന്ന് കര്‍ണാടകയില്‍ നിന്നാണ് ശില തിരഞ്ഞെടുത്തത്. രാജസ്ഥാന്‍ സ്വദേശിയായ മറ്റൊരു ശില്പി സത്യനാരായണ്‍ പാണ്ഡെ ജയ്പൂരില്‍ നിന്നും മൂന്നാമത്തെ ശില്പി അരുണ്‍ യോഗിരാജ് കര്‍ണാടകയില്‍ നിന്നും ശിലകള്‍ തെരഞ്ഞെടുത്തു, ട്രസ്റ്റ് ചെയര്‍മാന്‍ മഹന്ത് നിത്യ ഗോപാല്‍ ദാസ് അറിയിച്ചു.
നിര്‍മാണം പൂര്‍ത്തിയാക്കി 2024ന്റെ തുടക്കത്തില്‍ തന്നെ ക്ഷേത്രം ജനങ്ങള്‍ക്ക് സമര്‍പ്പിക്കും. രാം ലല്ലയുടെ വിഗ്രഹങ്ങള്‍ക്കൊപ്പം ക്ഷേത്രത്തിന്റെ തൂണുകളിലും മറ്റും സ്ഥാപിക്കാനുള്ള ശില്പങ്ങളുടെ നിര്‍മാണവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. പുരാണങ്ങളെ അടിസ്ഥാനമാക്കിയുള്ള ശില്പങ്ങളാണ് ഇവ. ഡിസംബര്‍ 30നകം ക്ഷേത്രത്തിന്റെ ആദ്യ ഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകും. ഇതിനു ശേഷം തീര്‍ഥാടകര്‍ക്ക് ക്ഷേത്രത്തില്‍ പ്രവേശിക്കാം. താഴെ നിലയിലുള്ള അഞ്ച് മണ്ഡപങ്ങളുടെ നിര്‍മാണവും ആദ്യ ഘട്ടത്തില്‍ തന്നെ പൂര്‍ത്തിയാക്കുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: