തിരുവനന്തപുരം: പ്രശസ്ത ബഹുഭാഷ പണ്ഡിതന് ഡോ.വെള്ളായണി അര്ജുനന് അന്തരിച്ചു.90 വയസ്സായിരുന്നു. പത്മശ്രീ പുരസ്കാര ജേതാവാണ്. മഹാത്മാഗാന്ധി സര്‍വ്വകലാശാല ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സസ് ഡയറക്ടര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍സൈക്ലോപീഡിക്ക് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാംഗ്വേജസ് ഡയറക്ടര്‍, സാക്ഷരതാ മിഷന് ഡയറക്ടര്‍ തുടങ്ങി നിരവധി പ്രമുഖ പദവികള്‍ വഹിച്ചു.
1933 ഫെബ്രുവരി പത്തിന് പൊന്നുമംഗലം കുരുമി കുന്നത്തുവീട്ടില്‍ പി.ശങ്കരപ്പണിക്കരുടെയും പി. നാരായണിയുടെയും മകനായിട്ടാണ് അദ്ദേഹം ജനിച്ചത്. തിരുവനന്തപുരം യൂണി. കോളേജില്‍ നിന്ന് മലയാളത്തില്‍ എം.എ. ബിരുദവുമായാണ് അദ്ദേഹം തന്റെ വൈജ്ഞാനികയാത്ര ആരംഭിച്ചത്. എം.എ പാസായി വന്നപ്പോള്‍ ശൂരനാട് കുഞ്ഞന്‍പിള്ള അദ്ദേഹത്തെ സഹായിയായി ലെക്സിക്കണില്‍ നിയമിച്ചു. പിന്നീട് ആര്.ശങ്കര്‍ കൊല്ലം എസ്.എന്‍. കോളേജില്‍ മലയാളം ലക്ചററാക്കി. സ്കൂള്‍തലം മുതലേ ഹിന്ദി പ്രചാരസഭാ ക്ളാസുകള്‍ ആകര്‍ഷിച്ചിരുന്നു. പ്രൈവറ്റായി പഠിച്ച് ഹിന്ദി എം.എ കൂടി പാസായി. അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയില്‍ മലയാളം അദ്ധ്യാപകനായി നിയമനം കിട്ടി. അവിടെയുള്ള എല്ലാ ഡിപ്ളോമകളും കരസ്ഥമാക്കി.പിഎച്ച്.ഡി നേടിയ അദ്ദേഹം പില്ക്കാലത്ത് മൂന്ന് വിഷയങ്ങളില്‍ മൂന്ന് യൂണിവേഴ്സിറ്റികളില്‍ നിന്ന് ഡി.ലിറ്റ് ബിരുദങ്ങള്‍ നേടി.
അലിഗഡില്‍ ഒന്‍പത് വര്‍ഷമുണ്ടായിരുന്നു. ഇതിനിടയില്‍ സ്പെഷ്യല്‍ ഹിന്ദി എം.എയും എം.എ ഇംഗ്ലിഷും പ്രശസ്തമായ നിലയില്‍ പാസായി. ആ സമയത്താണ് ഡോ. കെ.എം. ജോര്‍ജിനെ മലയാളം സര്‍വവിജ്ഞാനകോശത്തിന്റെ ചീഫ് എഡിറ്ററായി സര്‍ക്കാര്‍ നിയമിച്ചത്. ഡോ. വെള്ളായണി അര്ജുനന് ഭാഷാവിഭാഗം മേധാവിയായി സര്‍വവിജ്ഞാനകോശത്തില്‍ എത്തി. ഡോ. കെ.എം. ജോര്‍ജിന്റെ ചിട്ടയായ പ്രവര്‍ത്തനംകൊണ്ട് സര്‍വവിജ്ഞാനകോശത്തിന്റെ ഒന്നും രണ്ടും വാല്യങ്ങള്‍ പുറത്തിറങ്ങി. അച്യുതമേനോന് സര്‍ക്കാര്‍ വെള്ളായണിയെ ഡോ. കെ.എം. ജോര്‍ജ് വിരമിച്ച ഒഴിവില്‍ ചീഫ് എഡിറ്ററും ഡയറക്ടറുമായി നിയമിച്ചു .നാല്‍പ്പതോളം പുസ്തകങ്ങള്‍ രചിച്ചു. ഇരുപതോളം പുരസ്കാരങ്ങള്‍ നേടി. 2008ലാണ് രാജ്യം പത്മശ്രീ നല്കി ആദരിച്ചു. രാധാമണിയാണ് ഭാര്യ. മക്കള്‍: ഡോ. സുപ്രിയ (സമഗ്ര ശിക്ഷാ കേരളം ഡയറക്ടര്‍ ), സാഹിതി, ഡോ. രാജശ്രീ, ജയശങ്കര്‍ പ്രസാദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: