കഴിഞ്ഞ ഒരു മാസമായി വാര്‍ത്തകളില്‍ നിറയുന്നത് വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരാണ്. മണിപ്പൂരില്‍ കലാപം കത്തിപ്പടരുന്നതിനെക്കുറിച്ചും അക്രമസംഭവങ്ങളില്‍ ആളുകള്‍ മരിക്കുന്നതിനെക്കുറിച്ചും, കേന്ദ്ര സര്‍ക്കാരും സൈന്യവും ഇടപെടുന്നതിനെക്കുറിച്ചുമൊക്കെയാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ മണിപ്പൂരിലെ കലാപത്തിന്റെ ശരിയായ കാരണം എന്താണെന്നു മാത്രം ഈ വാര്‍ത്തകള്‍ വായിച്ചാല്‍ മനസ്സിലാവില്ല. മണിപ്പൂരിന്റെ ഭൂപ്രകൃതിയെക്കുറിച്ചും, അവിടുത്തെ ജനസംഖ്യാപരമായ സവിശേഷതകളെക്കുറിച്ചും സംഘര്ഷചരിത്രത്തെക്കുറിച്ചും അറിയാതെയും അജ്ഞത നടിച്ചുമാണ് പല മാധ്യമങ്ങളും വാര്‍ത്തകളില്‍ മണിപ്പൂര്‍ കലാപം ആളിക്കത്തിക്കുന്നത്. മണിപ്പൂരിന്റെ ഭൂപ്രദേശത്തില്‍ 90 ശതമാനം മലനിരകളും ബാക്കി സമതലങ്ങളുമാണ്. ഹിന്ദുക്കളായ മെയ്തേയി വിഭാഗവും ക്രൈസ്തവ വിശ്വാസികളായ കുക്കി-നാഗ വിഭാഗങ്ങളുമാണ് പൊതുവായി അവിടെയുള്ളത്. മെയ്തേയി ഭാഷ സംസാരിക്കുന്ന കുടിയേറ്റക്കാരായ മുസ്ലിങ്ങളുമുണ്ട്. പട്ടികവര്‍ഗ പദവിയുള്ള കുക്കി-നാഗ വിഭാഗങ്ങള്‍ പൊതുവെ മലനിരകളിലും മെയ്തേയി വിഭാഗങ്ങള്‍ സമതലങ്ങളിലുമാണ് താമസിക്കുന്നത്. മെയ്തേയികള്‍ക്ക് പട്ടികവര്‍ഗ പദവിയില്ല. അതേസമയം സംവരണമുള്ളതിനാല്‍ സര്‍ക്കാര്‍ സര്‍വീസുകളില്‍ കുക്കി-നാഗ വിഭാഗങ്ങള്‍ക്ക് വലിയ പ്രാതിനിധ്യമുണ്ട്. ഇവരില്‍ വലിയൊരു വിഭാഗം സമതലങ്ങളില്‍ വന്ന് താമസമുറപ്പിക്കുകയുമാണ്. എന്നാല്‍ പട്ടികവര്‍ഗ പദവിയില്ലാത്തതിനാല്‍ മെയ്തേയി വിഭാഗങ്ങള്‍ക്ക് മലനിരകളില്‍ ഭൂമി സ്വന്തമാക്കാനാവില്ല.
മെയ്തേയി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്കുന്ന കാര്യം പരിഗണിക്കാവുന്നതാണെന്ന് മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവിട്ടതാണ് പെട്ടെന്ന് കലാപം പൊട്ടിപ്പുറപ്പെടാന്‍ കാരണം. സ്വാതന്ത്ര്യത്തിനു മുന്‍പ് മെയ്തേയികള്‍ക്ക് പട്ടികവര്‍ഗ പദവി ഉണ്ടായിരുന്നു. എന്നാല്‍ പട്ടികവര്‍ഗ ലിസ്റ്റില്‍ കയറിപ്പറ്റാത്തതിനാല് സ്വാതന്ത്ര്യലബ്ധിക്കുശേഷം ആ പദവി നഷ്ടമായി. ഇത് പുനഃസ്ഥാപിച്ചു കിട്ടണമെന്നതാണ് മെയ്തേയികളുടെ ആവശ്യം. ഇക്കാര്യമുന്നയിച്ച് അവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മേയ്തേയികള്ക്ക് പട്ടികവര്‍ഗ പദവി ലഭിച്ചാല്‍ അത് മലനിരകളിലെ തങ്ങളുടെ ആധിപത്യത്തിന് ഭീഷണിയാവുമെന്നു കണ്ടാണ് കുക്കി-നാഗ തീവ്രവാദികള്‍ അക്രമങ്ങള്‍ അഴിച്ചുവിട്ടത്. മലനിരകളിലെയും സമതലങ്ങളിലെയും പല ക്ഷേത്രങ്ങളും ഇവര്‍ തകര്‍ത്തു. സ്വാഭാവികമായും ഇതിന് തിരിച്ചടിയുണ്ടായി. മെയ്തേയികള്‍ക്ക് പട്ടികവര്‍ഗ പദവി നല്കാന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. എന്നിട്ടും അങ്ങനെയൊരു തീരുമാനം ഉണ്ടായെന്ന പ്രതീതി സൃഷ്ടിച്ച് കുക്കി തീവ്രവാദികള്‍ കലാപം കുത്തിപ്പൊക്കുകയായിരുന്നു. ഈ വസ്തുതകളൊക്കെ മറച്ചുപിടിക്കുന്ന വാര്‍ത്തകളാണ് കേരളത്തിലടക്കം പല മാധ്യമങ്ങളിലും വരുന്നത്. ഇതുവഴി മണിപ്പൂരിലെ ഗോത്രവര്‍ഗ ജനതയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചേര്‍ന്ന് അടിച്ചമര്‍ത്തുകയാണെന്ന തെറ്റിദ്ധാരണ സൃഷ്ടിച്ചിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണ് അവിടെ നടക്കുന്നത്. സംസ്ഥാന സര്‍ക്കാരില്‍ ബിജെപിക്ക് പങ്കാളിത്തമുള്ളതിനാല്‍ പ്രശ്നം വഷളാക്കാനാണ് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പ്രതിപക്ഷം ശ്രമിക്കുന്നത്.
മണിപ്പൂരിലെ വിഘടനവാദത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇതിനെ നേരിടാന്‍ പ്രശ്നബാധിത പ്രദേശമായി പ്രഖ്യാപിക്കുകയും സൈന്യത്തിന് പ്രത്യേക അധികാരം നല്കുന്ന നിയമം കൊണ്ടുവരികയും ചെയ്തു. തങ്ങള്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന് ആവശ്യപ്പെടുന്ന കുക്കി-നാഗ തീവ്രവാദികള്‍ പോരാട്ടത്തിന്റെ പാതയിലാണ്. ഇവര്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്യാറുണ്ട്. പ്രത്യേക സൈനിക നിയമം പിന്‍വലിക്കണമെന്ന ആവശ്യം ഉന്നയിച്ച് ഇറോം ശര്‍മിള നടത്തിയ വര്‍ഷങ്ങള്‍ നീണ്ട നിരാഹാരസമരം കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് അവസാനിപ്പിച്ചത്. കോണ്‍ഗ്രസ് നയിച്ച കേന്ദ്ര സര്‍ക്കാര്‍ ദേശീയതാല്‍പ്പര്യം കണക്കിലെടുക്കാതെ ശര്‍മിളയെ പലതരത്തില്‍ പിന്തുണയ്ക്കുകയായിരുന്നു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ മറ്റ് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം മണിപ്പൂരിന്റെയും രാഷ്ട്രീയ ചിത്രം മാറി. ബിജെപിയുടെ പിന്തുണയോടെ മണിപ്പൂരില്‍ അധികാരത്തില്‍ വന്ന സര്‍ക്കാര്‍ മലനിരകളിലെ കഞ്ചാവുകൃഷിക്കും മയക്കുമരുന്ന് കടത്തിനുമെതിരെയും, തീവ്രവാദികള്‍ക്ക് ചൈനയില്‍നിന്നും മ്യാന്മറില്നിന്നും ലഭിക്കുന്ന സാമ്പത്തിക-സായുധ സഹായത്തിനെതിരെയും ശക്തമായ നടപടികളെടുക്കാന്‍ തുടങ്ങി. ഇത് തീവ്രവാദ ശക്തികളെ പ്രകോപിതരാക്കി. മെയ്തേയികള്‍ക്ക് പട്ടികവര്‍ഗപദവി നല്കാനാവുമെന്ന കോടതിവിധി മറയാക്കി ഇവര്‍ അക്രമത്തിന് ഇറങ്ങിത്തിരിക്കുകയായിരുന്നു. ഇതിനെ നേരിട്ടപ്പോള്‍ ഗോത്രവര്‍ഗ അടിച്ചമര്‍ത്തലായി ചിത്രീകരിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണ് കോണ്‍ഗ്രസ്സും മറ്റും ശ്രമിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നടത്തുന്ന സന്ദര്‍ശനം പ്രശ്നപരിഹാരത്തിന് വഴിതെളിക്കുമെന്നാണ് പൊതുവെ കരുതപ്പെടുന്നത്. ആരുമായും ഏതു പ്രശ്നത്തെക്കുറിച്ചും ചര്‍ച്ചയ്ക്ക് തയ്യാറാണന്നും, എന്നാല്‍ വിഘടനവാദവും അക്രമവും അനുവദിക്കില്ലെന്നതുമാണ് കേന്ദ്ര സര്‍ക്കാരിന്റെ നയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: