ന്യുയോര്‍ക്ക്: അമേരിക്കയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തിന്റെ പേരില്‍ നടക്കുന്ന പിരിവ് വിവാദത്തില്‍. ജൂണ്‍ 9 മുതല്‍ 11 വരെ ന്യൂയോര്‍ക്കിലെ മാരിയറ്റ് മാര്‍ക്വിസ് ഹോട്ടലില്‍ നടക്കുന്ന സമ്മേളത്തിന്റെ പേരില്‍ സംഘാടകര്‍ കോടികള്‍ പിരിച്ചെടുക്കുന്നു. സമ്മേളനത്തിന്റെ ചെലവു വഹിക്കുന്നതു സ്‌പോണ്‍സര്‍ഷിപ്പിലൂടെ പ്രാദേശികമായ സംഘാടക സമിതിയാണ് .
പരിപാടിയുടെ പ്രധാന സ്‌പോണ്‍സര്‍ ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ ആണ്. ഡയമണ്ട് സ്‌പോണ്‍സറായ ബാബു സ്റ്റീഫന്‍ രണ്ടു ലക്ഷത്തി അന്‍പതിനായിരം ഡോളര്‍ (രണ്ടു കോടി രൂപ)ആണ് നല്‍കിയത്
. ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് എന്നിങ്ങനെയാണ് മറ്റ് സ്‌പോണ്‍സര്‍ഷിപ്പുകള്‍. മുഖ്യമന്ത്രിയുടെ അടുത്തിരുന്ന് ഭക്ഷണം കഴിക്കുന്നതതിന് ലക്ഷം ഡോളര്‍ ( 82 ലക്ഷം രൂപ)ആണ് നല്‍കേണ്ടത്. 50,000 ഡോളര്‍ ( 41 ലക്ഷം രൂപ), 25,000 ഡോളര്‍ ( 20.5 ലക്ഷം രൂപ) എന്നിങ്ങനെയാണ് ് സ്‌പോണ്‍സര്‍ഷിപ് തുകകള്‍. സുവനീറിലേക്ക് പരസ്യവും പിടിക്കുന്നുണ്ട്. ഒന്നര ലക്ഷമാണ് ഒരു പേജിന്റെ ചാര്‍ജ്ജ്.
ഒരുലക്ഷം ഡോളര്‍ നല്‍കുന്നവര്‍ക്ക് സ്‌റ്റേജില്‍ ഇരിപ്പിടം, വിഐപികള്‍ക്കൊപ്പം ഡിന്നര്‍, 2 സ്വീറ്റ് മുറി, ഹോട്ടലിലും പുറത്തും പേര് പ്രദര്‍ശിപ്പിക്കും, റജിസ്‌ട്രേഷന്‍ ഡെസ്‌കില്‍ ബാനര്‍. സമ്മേളന സുവനീറില്‍ 2 പേജ് പരസ്യം, ആഡംബര കാര്‍ സൗകര്യം എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. മറ്റ് സ്‌പോണ്‍സര്‍മാര്‍ക്കും സമാനരീതിയിലുള്ള വാഗ്ദാനം നല്‍കുന്നു.
സര്‍ക്കാര്‍ പരിപാടിക്കുവേണ്ടി സംഘാടകര്‍ പണപ്പിരിവ് നടത്തുന്നത് വിവാദമായിട്ടുണ്ട്. പണപ്പിരിവ് മാത്രമല്ല സ്പാണ്‍സര്‍മാരെ കിട്ടാന്‍ ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
മുഖ്യമന്ത്രിയും ധനമന്ത്രിയും മാത്രമാണു പങ്കെടുക്കുന്നതെന്നിരിക്കെ, മുഖ്യമന്ത്രിയും ഒരു ഡസനിലധികം മന്ത്രിമാരും പങ്കെടുക്കുമെന്നാണു സ്‌പോണ്‍സര്‍മാരെത്തേടി പ്രചരിക്കുന്ന താരിഫ് കാര്‍ഡിലെ വാഗ്ദാനം. ഹോട്ടലിലെ സമ്മേളനത്തിനുശേഷം സമീപത്തുള്ള ടൈം സ്‌ക്വയറിലാണു പൊതുസമ്മേളനം. അവിടെ പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ 2.5 ലക്ഷം അമേരിക്കന്‍ സഞ്ചാരികള്‍ എത്തുമെന്നതാണ് മറ്റൊന്ന്. 1000 പ്രതിനിധികള്‍ക്കു പുറമെ രണ്ടരലക്ഷം അമേരിക്കക്കാര്‍ ശ്രോതാക്കളായി ഉണ്ടാകുമെന്നാണ് സംഘാടകര്‍ ഇറക്കിയ ബ്രോഷറില്‍ പറയുന്നത്.
ലോക കേരള സഭ അമേരിക്കന്‍ മേഖലാ സമ്മേളനത്തിന് പ്രതിനിധികളാകാന്‍ അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള സര്‍ക്കാറിന്റെ ഔദ്യോഗിക അറിയിപ്പില്‍ ഇരുനൂറ്റിയമ്പതോളം പ്രതിനിധികളെയാണ് പ്രതീക്ഷിക്കുന്നത് എന്നായിരുന്നു പറഞ്ഞിരുന്നത്. മെയ് 14 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. അന്നുവരെ 43 പേരുമാത്രമാണ് പേര് രജിസ്ട്രര്‍ ചെയ്തത്.
അപ്പോളാണ് ആയിരം പേര്‍ പ്രതിനിധികള്‍ പങ്കെടുക്കുമെന്ന അമേരിക്കയിലെ സംഘടാകരുടെ അവകാശവാദം. അതിനു പുറമെയാണ് പിണറായിയുടെ പ്രസംഗം കേള്‍ക്കാന്‍ കാല്‍ലക്ഷം അമേരിക്കക്കാര്‍ എത്തും എന്നത്.ടൈംസ് സ്‌ക്വയര്‍ 2000 ഡോളര്‍ കൊടുത്താല്‍ ആര്‍ക്കും ഒരു മേശയും നാലു കസേരയും ഇട്ട് പരിപാടി നടത്താന്‍ അനുമതി ലഭിക്കും. അപ്രകാരം നാലു മണിക്കൂര്‍ നേരത്തേക്ക് മുഖ്യമന്ത്രിയുടെ പരിപാടിക്ക് ബുക്ക് ചെയ്തിട്ടുണ്ട്. ഒരമേരിക്കക്കാരനും പ്രസംഗം കേള്‍ക്കാന്‍ എത്തില്ലന്നിരിക്കെ രണ്ടരലക്ഷം അമേരിക്കക്കാര്‍ ശ്രോതാക്കളായി ഉണ്ടാകുമെന്ന ‘മഹാ തള്ളല്‍’ കേട്ട് അമ്പരന്നിരിക്കുകയാണ് അമേരിക്കയിലെ പ്രവാസി മലയാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: