അധികാരത്തില്‍ ഒന്‍പത് വര്‍ഷമായി തുടരുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ അഭൂതപൂര്‍വമായ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഇന്നു മുതല്‍ വീണ്ടും ജനങ്ങളിലേക്കിറങ്ങുകയാണ്. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ വിവിധരംഗങ്ങളിലെ വികസനത്തിന്റെയും ജനക്ഷേമത്തിന്റെയും, ആഗോളതലത്തില്‍ രാഷ്ട്രത്തിന് ലഭിച്ച വിശ്വാസ്യതയുടെയും അംഗീകാരത്തിന്റെയും തിളങ്ങുന്ന അധ്യായങ്ങള്‍ രചിക്കാന്‍ ഒന്‍പത് വര്‍ഷത്തെ ഭരണംകൊണ്ട് കഴിഞ്ഞു എന്നത് അനിഷേധ്യമാണ്. കര്ഷകക്ഷേമത്തിന്റെയും ഭക്ഷ്യോല്പ്പാദനത്തിന്റെയും കാര്യത്തില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിക്കാന്‍ കഴിഞ്ഞ സര്‍ക്കാരാണിത്. മൂന്നു വര്‍ഷത്തിലേറെയായി രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും സൗജന്യമായി ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യുന്നത് മഹത്തായ നേട്ടമാണ്. കര്‍ഷക ആത്മഹത്യകള്‍കൊണ്ട് മാധ്യമങ്ങള്‍ നിറഞ്ഞിരുന്ന ഒരു കാലം ഇനിയൊരിക്കലും തിരിച്ചുവരാത്തവിധം മാറ്റിത്തീര്‍ത്തതും മോദി ഭരണത്തിന്റെ അത്ഭുതങ്ങളിലൊന്നാണ്. പ്രതിപക്ഷ സര്‍ക്കാരുകളുടെ പിടിപ്പുകേടുകള്‍ മൂലം കേരളം പോലെയുള്ള ചില സംസ്ഥാനങ്ങള്‍ മാത്രമാണ് ഇതിന് അപവാദം. റോഡ്-റെയില്‍ വികസനത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് മോദി സര്‍ക്കാര്‍ സ്ഥാപിച്ചത്. സ്ത്രീ ശാക്തീകരണം, അധഃസ്ഥിത ജനവിഭാഗങ്ങളുടെ ഉന്നമനം, ശുചിത്വം, ആരോഗ്യസുരക്ഷ എന്നീ രംഗങ്ങളിലൊക്കെ മോദി സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ മുന്‍ഗാമികള്‍ ആലോചിക്കുകപോലും ചെയ്തിരുന്നില്ല. അവഗണിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വീട്, വെള്ളം, വെളിച്ചം എന്നിവ നല്കുന്നതില് പ്രധാനമന്ത്രി നരേന്ദ്ര മോദി കാണിച്ച താല്‍പ്പര്യം രാജ്യത്തെ മറ്റൊരു ഭരണാധികാരിയും പ്രകടിപ്പിക്കാത്തതാണ്.
രാഷ്ട്രത്തിന്റെ സാംസ്കാരിക തനിമകള്‍ നിലനിര്‍ത്താനും വീണ്ടെടുക്കാനും, അതില്‍ അഭിമാനിക്കാനും മോദി സര്‍ക്കാര്‍ തയ്യാറായത് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നിട്ടുള്ളത്. അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മാണവും കാശി ഇടനാഴി, മഹാകാലേശ്വര്‍ ക്ഷേത്ര ഇടനാഴി എന്നിവയുടെ നവീകരണവും മറ്റും സമൂഹത്തില്‍ സൃഷ്ടിച്ച ആത്മീയവും സാംസ്കാരികവുമായ ഉണര്‍വ് വാക്കുകള്‍കൊണ്ട് വിവരിക്കാവുന്നതിലും അപ്പുറമാണ്. കപട മതേതരത്വം ഒരു നയമായി സ്വീകരിച്ച് ഈ രാഷ്ട്രത്തിന്റെ തനിമ തകര്‍ക്കാനും തമസ്കരിക്കാനും ശ്രമിച്ച ശക്തികളെ പരാജയപ്പെടുത്താനും ഒറ്റപ്പെടുത്താനും മോദി ഭരണത്തിനു കഴിഞ്ഞു. ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിച്ചിട്ടുള്ള ചെങ്കോല്‍. രാജ്യത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും കാര്യത്തില്‍ ഒരിഞ്ചുപോലും പിന്നോട്ടില്ലെന്നും, അതിനായി ആരുമായും പോരാടാന്‍ ഒരുക്കമാണെന്നതിന്റെയും തുറന്ന പ്രഖ്യാപനമായിരുന്നു ജമ്മുകശ്മീരിനു മാത്രം ബാധകമായിരുന്ന, വിഘടനവാദം വളര്‍ത്തുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത്. ഇത് വലിയ കോലാഹലമുണ്ടാക്കിയെങ്കിലും മോദി സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അതെല്ലാം കെട്ടടങ്ങി. പൗരത്വനിയമഭേദഗതി കൊണ്ടുവന്നും, മുത്തലാഖ് നിരോധിച്ചും ശക്തമായ നടപടികളെടുത്ത സര്‍ക്കാര്‍ ഏകീകൃത സിവില്‍കോഡ് ലക്ഷ്യംവച്ച് മുന്നോട്ടുപോവുകയാണ്. ബിജെപി ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ഇതിനോടകം ഏകീകൃത സിവില്‍കോഡ് നടപ്പാക്കിയത് വ്യക്തമായ സൂചനയായെടുക്കാം.
ഭാരതത്തിന്റെ ചരിത്രവും പൈതൃകവും എന്താണെന്ന് തിരിച്ചറിയുന്ന ഒരു സര്‍ക്കാര്‍ തുടര്‍ച്ചയായി അധികാരത്തിലിരിക്കുന്നതിന്റെ പ്രതികരണങ്ങളും പ്രഭാവവും ആഗോളതലത്തില്‍ പല രൂപങ്ങളിലും ഭാവങ്ങളിലും ദൃശ്യമാണ്. രാജ്യാന്തര വേദികളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലഭിക്കുന്ന സ്വീകാര്യത ഇന്ന് മറ്റൊരു ഭരണാധികാരിക്കുമില്ല. കാലാവസ്ഥാ വ്യതിയാനമായാലും സാമ്പത്തിക മാന്ദ്യമായാലും, കൊവിഡ് പോലുള്ള മഹാമാരിയുടെയും പ്രശ്നപരിഹാരത്തിന് ലോകം ചെവിയോര്‍ക്കുന്ന ശബ്ദം നരേന്ദ്ര മോദിയുടെതാണ്. പുതിയ ലോകക്രമം ഉരുത്തിരിഞ്ഞുവരേണ്ടതിന്റെ ആവശ്യകത ലോകത്തെ ബോധ്യപ്പെടുത്താന്‍ ഭാരതത്തിനു കഴിയുന്നുണ്ട്. മാറിയകാലത്തിന്റെ സാഹചര്യങ്ങളോട് പ്രതികരിക്കുന്നതില്‍ ഐക്യരാഷ്ട്ര സഭ ഒരു പരാജയമാണെന്ന് പറയാന്‍ മടിക്കാത്ത നേതാവാണ് പ്രധാനമന്ത്രി മോദി. ജി-20യുടെ അധ്യക്ഷ പദവി ഏറ്റെടുത്തുകൊണ്ട് ആഗോളതലത്തില്‍ ശ്രദ്ധേയമായ ചില ചുവടുകള്‍ വയ്ക്കാന്‍ ഭാരതത്തിന് കഴിയുന്നത് മോദി സര്‍ക്കാരിന്റെ കരുത്തിലാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനത്തില്‍ ഭാരതം സാമ്പത്തികവും സൈനികവുമായ കരുത്തും സ്വയംപര്യാപ്തതയും നേടിക്കൊണ്ടിരിക്കുന്നു. ഈ മുന്നേറ്റത്തെ അപകീര്‍ത്തിപ്പെടുത്താനും അട്ടിമറിക്കാനുമുള്ള നീക്കങ്ങള്‍ രാജ്യത്തിനകത്തും പുറത്തും നടക്കുന്നുണ്ടെങ്കിലും അതൊന്നും വിജയിക്കാന്‍ പോകുന്നില്ല. ജനപ്രീതിയുടെ കാര്യത്തില്‍ രാജ്യത്തും ലോകത്തും പ്രധാനമന്ത്രി മോദി ഏറ്റവും മുന്‍നിരയിലാണ്. എതിരാളികള്‍ ഏറെ പിന്നിലും. അഴിമതിക്കെതിരെ അതിശക്തമായ നടപടികളെടുത്ത് മുന്നേറുന്ന പ്രധാനമന്ത്രിയുടെ സ്വീകാര്യതയിലും, ഒന്‍പത് വര്‍ഷമായി തുടരുന്ന ഭരണനേട്ടത്തിന്റെ പിന്‍ബലത്തിലും ഒരിക്കല്‍ക്കൂടി ജനങ്ങളെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി നേതൃത്വം നല്കുന്ന ദേശീയ ജനാധിപത്യ സഖ്യം. ഈ സാഹചര്യത്തില്‍ ബിജെപിക്കും മോദിക്കും മൂന്നാമൂഴം ഉറപ്പാണെന്ന് വിശ്വസിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: