പാരിസ്: മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ താരം കാത്തെരിന പ്ലിസ്കോവയെ ആദ്യ റൗണ്ടില്‍ തന്നെ മുട്ടുകുത്തിച്ച് അമേരിക്കന്‍ താരം സ്ലൊവേന്‍ സ്റ്റെഫെന്‍സ്. പുരുഷ സിംഗിള്‍സില്‍ ഫ്രഞ്ച് കരുത്തന് താരം ബെനോയിറ്റ് പെയഴ്സും ആദ്യ മത്സരത്തില്‍ തന്നെ പരാജയപ്പെട്ടു. ബ്രിട്ടന്റെ കാമറോണ്‍ നോരി ആണ് തോല്‍പ്പിച്ചത്.
ഫ്രഞ്ച് ഓപ്പണില്‍ മുന്‍ ഫൈനലിസ്റ്റ് കൂടിയായ പ്ലിസ്കോവയുടെ പുറത്താകല്‍ ദയനീയ പരാജയത്തോടെയായിരുന്നു. വെറും 49 മിനിറ്റില്‍ സ്റ്റെഫെന്‍സ് മത്സരം തന്റേതാക്കി മാറ്റി. ആദ്യ സെറ്റില്‍ ഒരു പോയിന്റ് പോലും സ്വന്തമാക്കാന്‍ പ്ലിസ്കോവയ്ക്ക് അവസരം നല്‍കിയില്ല. രണ്ടാം സെറ്റില്‍ പൊരുതി തുടങ്ങിയപ്പോഴേക്കും അമേരിക്കന്‍ താരം സ്റ്റെഫെന്‍സ് ജയത്തിലേക്കെത്തിക്കഴിഞ്ഞു. സ്കോര്‍: 6-0, 6-4.
ഇതെന്റെ ഇഷ്ട കോര്‍ട്ടാണ്, തിരിച്ചുവരവില്‍ താന്‍ അതീവ സന്തോഷത്തിലാണെന്നും 30-ാം റാങ്കിലുള്ള സ്ലാവേന് സ്റ്റെഫെന്‍സ് മത്സരശേഷം പറഞ്ഞു. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ ക്വാര്‍ട്ടര്‍ വരെ എത്തിയതാരമാണ് സ്റ്റെഫെന്‍സ്.
പുരുഷ ടെന്നിസില്‍ ഫ്രഞ്ച് വമ്പന്‍താരം ബെനോയിറ്റ് പെയര്‍ ബ്രിട്ടന്റെ നോരിക്ക് മുന്നില്‍ കീഴടങ്ങിയത് അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ്. സ്കോര്‍: 7-5, 4-6, 3-6, 6-1, 6-4.
പുരുഷ സിംഗിള്‍സില്‍ സൂപ്പര്‍ താരം നോവാക് ദ്യോക്കോവിച്ച് അമേരിക്കന്‍ താരം അലക്സാണ്ടര്‍ കോവാകെവിച്ചിനെ കീഴടക്കി രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. നേരിട്ടുള്ള സെറ്റുള്ക്ക് ജയിക്കുമെന്ന പ്രതീക്ഷ ഉളവാക്കിയെങ്കിലും മൂന്നാം സെറ്റ് അല്‍പ്പം കടുപ്പമായി. ആദ്യ രണ്ട് സെറ്റുകളും അമേരിക്കന്‍ താരത്തിനെതിരെ അനായാസമാണ് ദ്യോക്കോവിച്ച് സ്വന്തമാക്കിയത്. മൂന്നാം സെറ്റ് ടൈബ്രേക്കറിലൂടെയാണ് ദ്യോക്കോവ് പിടിച്ചെടുത്തത്. സ്കോര്‍: 6-3, 6-2, 7-6(7-1).
മറ്റൊരു സൂപ്പര്‍ താരം കാര്‍ലോസ് അല്‍കരാസിന്റെ ആദ്യറൗണ്ട് മത്സരം രാത്രി വൈകിയും പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: