ന്യൂദല്‍ഹി: ഇപ്പോള്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കശ്മീരിലെ വിഭാഗീയ നേതാവ് യാസിന് മാലിക്കിന് തീവ്രവാദത്തിന് ഫണ്ട് നല്കിയ കേസില്‍ വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎ ആവശ്യപ്പെട്ടതിന് പിന്നാലെ ദല്‍ഹി ഹൈക്കോടതി യാസിന് മാലിക്കിന് നോട്ടീസയച്ചു. സിദ്ധാര്‍ത്ഥ് മൃദുല്‍, തല്‍വന്ത് സിങ്ങ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് യാസിന് മാലിക്കിനെ ആഗസ്ത് 9ന് കോടതിക്ക് മുന്‍പാകെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് വാറണ്ടും പുറപ്പെടുവിച്ചു.
നേരത്തെ യാസിന് മാലിക്കിന്റെ കേസില്‍ വാദം കേട്ട വിചാരണക്കോടതി അദ്ദേഹത്തിന് വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം തടവാണ് നല്‍കിയത്. ഇതിനെതിരെയാണ് എന്‍ഐഎ ഹൈക്കോടതിയില്‍ ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് (ജെകെഎല്‍എഫ്) നേതാവായ യാസിന് മാലിക്കിന്റെ ശിക്ഷ വധശിക്ഷയായി ഉയര്‍ത്തണമെന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
തീവ്രവാദ, വിഭാഗീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട യാസിന് മാലിക്കിന്റേത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി കണക്കിലെടുത്ത് വധശിക്ഷ നല്‍കണമെന്ന് എന്‍ഐഎയ്ക്ക് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. കേസില്‍ ഇന്ത്യന്‍ ശിക്ഷാ നിയമം 121ാം സെക്ഷന്‍ അനുസരിച്ച് യാസിന് മാലിക്ക് കുറ്റസമ്മതം നടത്തിയത് കണക്കിലെടുത്ത്, ഈ കേസില്‍ അദ്ദേഹത്തെ ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് വാറന്റ് നല്‍കുകയാണെന്ന് കോടതി പറഞ്ഞു.
ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് നേതാവായ യാസിന് മാലിക്കിന് ഒരു വിചാരണക്കോടതി യുഎപിഎ പ്രകാരം വിവിധ കുറ്റകൃത്യങ്ങള്‍ കണക്കിലെടുത്ത് 2022, മെയ് 24ന് ജീവപര്യന്തം ശിക്ഷയാണ് നല്‍കിയത്. ഇതേ തുടര്‍ന്ന് അദ്ദേഹം ജീവപര്യന്തം ശിക്ഷയുടെ ഭാഗമായി ജയിലില്‍ കഴിയുകയാണ്. എന്നാല്‍ ഈ ജീവപര്യന്തശിക്ഷ വധശിക്ഷയാക്കി ഉയര്‍ത്തണമെന്നാണ് എന്‍ഐഎ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുപോലെ കുറ്റം സമ്മതം നടത്തിയത് കണക്കിലെടുത്ത് ഇത്തരം ഭീകരരായ തീവ്രവാദികള്‍ക്ക് വധശിക്ഷ തന്നെ നല്‍കിയില്ലെങ്കില്‍ അത് ശിക്ഷ വിധിക്കുക എന്ന നയം തന്നെ ദുര്‍ബ്ബലമാകുന്നതിന് തുല്ല്യമായിരിക്കുമെന്നും എന്‍ഐഎ വാദിച്ചു. അതുവഴി തീവ്രവാദികള്‍ക്ക് വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമായി അത് മാറുമെന്നും എന്‍ഐഎ പറഞ്ഞു.
പട്ടാളക്കാരുടെ കുടുംബങ്ങള്‍ ജീവഹാനി അനുഭവിക്കുമ്പോള്‍ അതിന് കാരണക്കാരായ തീവ്രവാദികള്‍ക്ക് ജീവപര്യന്തം മാത്രം നല്‍കുന്നത് അവര്‍ ചെയ്യുന്ന കുറ്റകൃത്യത്തിന് അനുസരിച്ചുള്ള ശിക്ഷയാവില്ല. യാസിന് മാലിക്ക് നടത്തിയ കുറ്റകൃത്യങ്ങള്‍ വധശിക്ഷ വിധിക്കാന്‍ മാത്രം ‘അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം’ എന്ന കേസിന്റെ പരിധിയില്‍ വരുന്നില്ലെന്ന വിചാരണക്കോടതിയുടെ നിഗമനം ഒറ്റനോട്ടത്തില്‍ തന്നെ നിയമപരമായി വൈകല്യമുള്ളതും നിലനില്‍പ്പില്ലാത്തതും ആണെന്ന് കാണാന്‍ കഴിയുമെന്ന് എന്‍ഐഎ വാദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: