കമ്പം: തമിഴ്നാട്ടിലെ കമ്പം പട്ടണത്തെ മുള്‍മുനയില്‍ നിര്‍ത്തിയ അരിക്കൊമ്പൻ വീണ്ടും ജനവാസമേഖലയ്ക്ക് അരികിലെത്തി. കുത്തനാച്ചി ക്ഷേത്രത്തിന് സമീപമാണ് ആനയിപ്പോഴുള്ളത്. ജനവാസമേഖലയിലെ നിന്നും 200 മീറ്റർ അകലെ മാത്രമാണിത്. നേരത്തെ സിഗ്നൽ ലഭിക്കുമ്പോൾ അരിക്കൊമ്പനുണ്ടായിരുന്നത് സുരുളിപ്പെട്ടിക്ക് ഒന്നരകിലോമീറ്റർ അകലെ മാത്രമായിരുന്നു. കാടിറങ്ങിയാൽ അരിക്കൊമ്പനെ മയക്കുവെടി വച്ചു പിടികൂടാനുള്ള നീക്കത്തിലാണ് തമിഴ്നാട് വനംവകുപ്പ്.
ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നുണ്ടോ എന്ന് നിരീക്ഷിച്ച് വരികയാണ് തമിഴ്നാട് വനം വകുപ്പ്. ഇന്നലെ രാത്രി വരെ കമ്പത്ത് കൃഷിസ്ഥലത്ത് നിലയു റപ്പിച്ചിരുന്ന കാട്ടാനയെ പിടികൂടാൻ മയക്കുവെടി വിദഗ്ദ്ധരെയും കുങ്കിയാനകളെയും തമിഴ്നാട് സർക്കാർ കമ്പത്ത് എത്തിച്ചിരുന്നു. ആന കാടുകയറിയതോടെ നീക്കം ഉപേക്ഷിക്കുകയായിരുന്നു. ഉൾവനത്തിലേക്ക് അരിക്കൊമ്പൻ കയറിപ്പോകുമെന്ന കണക്കു കൂട്ടലിലായിരുന്നു ഉദ്യോഗസ്ഥർ. എന്നാൽ വീണ്ടും ജനവാസ മേഖലയ്ക്ക് അടുത്തെത്തിയതോടെ ഉദ്യോഗസ്ഥർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
കമ്പത്തെ ജനവാസ മേഖലയിൽ നിന്ന് വിരണ്ടോടിയ ശേഷവും ഇന്നലെ ഉച്ചവരെയും കാര്യമായി ഭക്ഷണം കഴിക്കാത്തതിനാൽ ക്ഷീണിതനാണെന്നാണ് വനംവകുപ്പ് കരുതുന്നത്. താഴ്വരയിൽ കമ്പം മേഖലയിലെ ജനവാസ മേഖലയിലേക്ക് വീണ്ടുമെത്തിയാൽ മാത്രം മയക്കുവെടി വച്ചാൽ മതിയെന്നാണ് തീരുമാനം. മയക്കു വെടിവെച്ച് വരശനാട് ഭാഗത്തേക്ക് കൊണ്ടു പോകുന്നതിനായി മൂന്ന് കുങ്കിയാനകളും കമ്പത്ത് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: