എ. പ്രകാശ്
കഴിഞ്ഞ ഏഴു വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2016 മേയ് മാസത്തില്‍ എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരിന് ലഭിച്ച തുടര്‍ഭരണം, സംസ്ഥാനത്തെ ജീവനക്കാരെ ദ്രോഹിക്കുന്നതിനുള്ള ലൈസന്‍സായി മാറിയിരിക്കുകയാണ്. ദശാബ്ദങ്ങളായി ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും ഒന്നൊന്നായി ഇല്ലാതാക്കിക്കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.
2018-ല്‍ പ്രളയത്തിന്റെ മറവില്‍ സാലറി ചലഞ്ച് എന്ന ഉടായിപ്പിലൂടെ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്തു. അതിനെതിരെ സുപ്രീം കോടതിവരെ നിയമ പോരാട്ടം നടത്തി, ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും സമ്മതമില്ലാതെ അത് പിടിച്ചെടുക്കുവാന്‍ ആര്‍ക്കും അധികാരമില്ലന്നുമുള്ള ചരിത്ര വിധി നേടിയെടുത്തത് കേരള എന്‍ജിഒ സംഘാണെന്നുള്ള കാര്യം സ്മരണീയമാണ്.
ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുന്നതിന് മാത്രമായി പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കിയ, രാജ്യത്തെ ആദ്യ സര്‍ക്കാര്‍ എന്ന ഖ്യാതിയും തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി ഭരിക്കുന്ന കേരളത്തിലാണെന്നുള്ളതാണ് വിചിത്രം. എന്‍ജിഒ സംഘ് സുപ്രീം കോടതിയില്‍ നിന്നും നേടിയ വിധിയുടെ അടിസ്ഥാനത്തില്‍ ശമ്പളം പിടിച്ചെടുക്കാന്‍ കഴിയില്ലന്ന് വന്നതോടെ, കൊവിഡിന്റെ മറവില്‍ സാലറി ഡെഫര്‍മെന്റ് വഴി ഒരു മാസത്തെ ശമ്പളം തടഞ്ഞു വെയ്ക്കുന്നതിനുള്ള ഉത്തരവാണ് അടുത്തതായി കൊണ്ടുവന്നത്. പിടിച്ചെടുക്കുന്ന ശമ്പളം എന്ന് തിരികെ നല്‍കുമെന്ന് പോലും വ്യക്തമാക്കാതെ ഇറക്കിയ ഈ ഉത്തരവിനെതിരെ കേരള എന്‍ജിഒ സംഘ് ഹൈക്കോടയില്‍ നല്കിയ കേസിന്റെ ഭാഗമായാണ് പ്രസ്തുത ശമ്പളം തിരികെ നല്‍കുമെന്ന് പറഞ്ഞ് സര്‍ക്കാരിന് രണ്ടാമത് ഉത്തരവിറക്കേണ്ടി വന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തുണ്ടാകുന്ന ദുരന്തങ്ങളെയൊക്കെ ജീവനക്കാരെ കൊള്ളയടിക്കാനുള്ള അവസരങ്ങളായാണ് ഇടതു സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.
പങ്കാളിത്ത പെന്‍ഷന്‍കാരെയും വഞ്ചിച്ചു
പങ്കാളിത്ത പെന്ഷന് പദ്ധതി പുനഃപരിശോധിക്കുമെന്ന് പറഞ്ഞ് 2016-ല്‍ അധികാരത്തില്‍ വന്ന ഇടതു സര്‍ക്കാര്‍ ഭരണ കാലാവധി അവസാനിച്ച് തുടര്‍ ഭരണം ലഭിച്ചിട്ടും ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിക്കാതെ ഒളിച്ചുകളി തുടരുകയാണ്. 2013-ല്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കണമെന്ന് പറഞ്ഞ് എന്‍ജിഒ സംഘിനോടൊപ്പം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ സമരം നടത്തിയ എന്‍ജിഒ യൂണിയന്, ഭരണം മാറി പിണറായി വിജയന് അധികാരത്തില്‍ വന്നപ്പോള്‍, കേന്ദ്ര സര്‍ക്കാരാണ് എന്‍പിഎസ് പിന്‍വലിക്കേണ്ടത് എന്നുള്ള വിചിത്രമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
2004 ജനുവരി മാസം മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്, കേവലം ഒരു എക്സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പിലാക്കിയ പങ്കാളിത്ത പെന്ഷന് പദ്ധതി മുന്നോട്ടുകൊണ്ടുപോകുവാന്‍, അന്നത്തെ യുപിഎ സര്‍ക്കാരിനെ സഹായിച്ചത് ഇടതുപക്ഷ പാര്‍ട്ടികളാണ്. ഇടതുപക്ഷത്തെ 62 എംപി മാരുടെ നിര്‍ണ്ണായക പിന്തുണയില്‍ ഭരണം നടത്തിയ മന്മോഹന് സിങ് സര്‍ക്കാരിനെക്കൊണ്ട് വേണമെങ്കില്‍ ആ ഉത്തരവ് പിന്‍വലിപ്പിക്കാമായിരുന്നു. എന്നാല്‍ അതിന് ശ്രമിക്കാതെ 2004 മുതല്‍ 2009 വരെയുള്ള 5 വര്‍ഷക്കാലവും പങ്കാളിത്ത പെന്ഷന് പദ്ധതി നടപ്പിലാക്കുന്നതിന് ഒന്നാം യുപിഎ സര്‍ക്കാരിനെ പിന്തുണച്ച ഇടതുപക്ഷക്കാരാണ് ഇപ്പോള്‍ നരേന്ദ്രമോദി എന്‍പിഎസ് പിന്‍വലിക്കണമെന്ന് പറഞ്ഞ് മുതലക്കണ്ണീര് ഒഴുക്കുന്നത്.
ഏഴ് സ്ഥാപനങ്ങളില്‍ ഇടതു സര്‍ക്കാര്‍
എന്‍പിഎസ് നടപ്പിലാക്കി
പങ്കാളിത്ത പെന്ഷന് നടപ്പിലാക്കിയതിനെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഇടതു പക്ഷം നേതൃത്വം കൊടുക്കുന്ന കേരളത്തിലെ സര്‍ക്കാരാണ് സ്റ്റാറ്റിയൂട്ടറി പെന്ഷന് നിലനിന്നിരുന്ന കണ്ണൂര്‍ സര്‍വ്വകലാശാല, ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ്, കള്ള് – ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തുടങ്ങി ഏഴ് സ്ഥാപനങ്ങളില്‍ പുതുതായി പങ്കാളിത്ത പെന്ഷന് നടപ്പിലാക്കി ജീവനക്കാരെ വഞ്ചിച്ചത്. എന്ന് മാത്രമല്ല 2013-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിയ പങ്കാളിത്ത പെന്ഷന് നിയമപരിരക്ഷ ഉറപ്പുവരുത്തുന്നതിനായി 2020 മേയ് 13ന് ഗസറ്റ് വിജ്ഞാപനം ഇറക്കുകയും ചെയ്തു.
പങ്കാളിത്ത പെന്‍ഷനെതിരെ എന്‍ജിഒ സംഘ് നടത്തിയ നിരന്തരമായ സമരത്തെ തുടര്‍ന്ന് 2018 നവംബര്‍ മാസത്തില്‍ ഒരു പുനഃപരിശോധന കമ്മിറ്റിയെ നിയമിച്ചുവെങ്കിലും കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒരു തീരുമാനം ഉണ്ടാക്കുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പൊതു ഖജനാവില്‍ നിന്നും 96 ലക്ഷം രൂപയാണ് ചെലവഴിച്ചത്. പങ്കാളിത്ത പെന്ഷന് ബാധകമായ കേന്ദ്ര ജീവനക്കാരുടെ പെന്ഷന് ഫണ്ടിലേക്കുള്ള സര്‍ക്കാര്‍ വിഹിതം 10 ശതമാനത്തില്‍ നിന്നും 14 ശതമാനമായി വര്‍ദ്ധിപ്പിക്കുകയും അവര്‍ക്ക് 20 ലക്ഷം രൂപ വരെ ഗ്രാറ്റുവിറ്റി അനുവദിക്കുകയും ചെയ്ത നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനം നടപ്പിലാക്കുവാന്‍ തയ്യാറാകാത്ത ഇടതു സര്‍ക്കാര്‍, ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചിരുന്ന 50 ശതമാനം കുടുംബ പെന്ഷന് 30 ശതമാനമായി വെട്ടിക്കുറക്കുകയും ചെയ്തു.
ശമ്പള പരിഷ്കരണം: മറ്റൊരു വഞ്ചന
ജീവനക്കാര്‍ വലിയ പ്രതീക്ഷയോടുകൂടി കാത്തിരുന്ന 11-ാം ശമ്പള പരിഷ്കരണത്തിലൂടെ കാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന സര്‍വ്വീസ് വെയിറ്റേജ് പൂര്‍ണ്ണമായും ഒഴിവാക്കുകയും ഫിറ്റ്മെന്റ് ബെനിഫിറ്റ് 12 ശതമാനത്തില്‍ നിന്നും 10 ശതമാനമായി വെട്ടിക്കുറക്കുകയും ചെയ്തു. ഇതിലൂടെ മാത്രം ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ 17 ശതമാനത്തിന്റെ നഷ്ടമാണ് സംഭവിച്ചത്. വാര്‍ഷിക ഇന്‍ക്രിമെന്റ് പല സ്റ്റേജുകളിലും മുന്‍വര്‍ഷത്തെ അപേക്ഷിച്ച് താഴ്ന്ന നിരക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ജീവനക്കാര്‍ക്ക് അര്‍ഹമായ രണ്ട് വര്‍ഷത്തെ ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച് അത് ശമ്പളപരിഷ്കരണത്തിന്റെ ഭാഗമായുള്ള വര്‍ദ്ധനയായി തെറ്റിധരിപ്പിക്കുന്ന തരത്തിലാണ് 11-ാം ശമ്പള പരിഷ്കരണം സര്‍ക്കാര്‍ നടപ്പിലാക്കിയത്. കാലങ്ങളായി നിലവിലുണ്ടായിരുന്ന നിരവധി ആനുകൂല്യങ്ങള്‍ ഇല്ലാതാക്കി കേവലം 10 ശതമാനം വര്‍ദ്ധന മാത്രമാണ് ശമ്പള പരിഷ്കരണത്തിലൂടെ അനുവദിച്ചത്.
വിലക്കയറ്റത്തിന് ആനുപാതികമായി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ക്ഷാമബത്ത 2021 ജനുവരി മുതലുള്ള 5 ഗഡു 15% കുടിശ്ശികയാണ്. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ 23,000 രൂപ അടിസ്ഥാന ശമ്പളം വാങ്ങുന്ന ജീവനക്കാരന് പോലും പ്രതിമാസം 3450 രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ട് വര്‍ഷം തികയുമ്പോഴും ഒരു രൂപയുടെ പോലും സാമ്പത്തിക ആനുകൂല്യം ജീവനക്കാര്‍ക്ക് ലഭ്യമാക്കിയിട്ടില്ല. ഇതിനിടെ ഉപ്പ് തൊട്ട് കര്‍പ്പൂരം വരെയുള്ള സകല സാധനങ്ങള്‍ക്കും വലിയതോതിലുള്ള വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്. ഇത് കൂടാതെ വെള്ളക്കരം, വൈദ്യുതി ചാര്‍ജ്ജ്, ബസ് ചാര്‍ജ്ജ്, കെട്ടിട നികുതി, ഭൂനികുതി മില്‍മാ പാല് തുടങ്ങി സര്‍ക്കാര്‍ നേരിട്ട് കൈകാര്യം ചെയ്യുന്ന സകല മേഖലകളിലും ചാര്‍ജ്ജുകള്‍ വന്‍ തോതില്‍ വര്‍ദ്ധിപ്പിച്ചുകഴിഞ്ഞു.
ലീവ് സറണ്ടറിന് മരണമണി
സംസ്ഥാന ജീവനക്കാര്‍ക്ക് കാലങ്ങളായി ലഭിച്ചുകൊണ്ടിരുന്ന ലീവ് സറണ്ടര്‍ കിട്ടാക്കനിയായി മാറിക്കഴിഞ്ഞു. ക്ലാസ്സ് 4 ജീവനക്കാരായ കേവലം 10 ശതമാനത്തില്‍ താഴെ വരുന്ന ജീവനക്കാര്‍ക്ക് മാത്രമായി അത് പരിമിതപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി തടഞ്ഞു വെച്ചിരിക്കുന്ന പ്രസ്തുത ആനുകൂല്യം 2022-23 വര്‍ഷത്തില്‍ പിഎഫില്‍ ലയിപ്പിച്ച് ഉത്തരവിറക്കിയെങ്കിലും അത് 2027-ല്‍ മാത്രമേ പിന്‍വലിക്കുവാന്‍ കഴിയുകയുള്ളൂ എന്നുള്ള വിചിത്രമായ ഉത്തരവാണുണ്ടായത്. അതായത് 2026-ല്‍ കാലാവധി കഴിയുന്ന ഈ സര്‍ക്കാരിന്റെ കാലത്ത് സറണ്ടര്‍ തുക ലഭിക്കുകയില്ല. അടുത്ത സര്‍ക്കാരിന്റെ കാലത്ത് നല്‍കുമെന്ന് പറഞ്ഞ് നാലുവര്‍ഷത്തിനുമുമ്പ് ഉത്തരവിറക്കിയതിലൂടെ ജീവനക്കാരെ മുഴുവന്‍ അപമാനിക്കുവാനും അവഹേളിക്കുവാനുമാണ് ഇടതു സര്‍ക്കാര്‍ തയ്യാറായിട്ടുള്ളത്.
മെഡിസെപ്പ്: തട്ടിക്കൂട്ട് പദ്ധതി
സംസ്ഥാന ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കണമെന്ന പത്താം ശമ്പള പരിഷ്കരണ കമ്മീഷന്റെ 2015-ലെ ശുപാര്‍ശ 11-ാം ശമ്പള പരിഷ്കരണവും കഴിഞ്ഞ് 2022 ജൂലൈ മുതല്‍ തികച്ചും വികലമായാണ് നടപ്പിലാക്കിയത്.
തൊഴില്‍ ഉടമയായ സര്‍ക്കാര്‍ ഒരു രൂപ പോലും വിഹിതം നല്‍കാതെ ജീവനക്കാരുടെ കയ്യില്‍ നിന്നും മാത്രം പണം പിടിച്ചെടുത്ത് സര്‍ക്കാര്‍ പദ്ധതിയെന്ന് കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ ഈ തട്ടിക്കൂട്ട് പദ്ധതിയിലെ പോരായ്മകള്‍ മറച്ചുവെച്ച് ചെണ്ടകൊട്ടിയും ഓഫീസുകളില്‍ പായസ വിതരണം നടത്തിയും ജീവനക്കാരെ വഞ്ചിക്കാന്‍ കൂട്ടുനില്‍ക്കുകയായിരുന്നു ഭരണാനുകൂല സംഘടനകള്‍. എന്നാല്‍ എം. പാനല്‍ ലിസ്റ്റിലുള്ള പല സ്വകാര്യ ആശുപത്രികളിലും ചികിത്സയ്ക്കെത്തിയ ജീവനക്കാരോട് മുന്‍കൂര്‍ പണം ആവശ്യപ്പെടുകയും മറ്റ് അസൗകര്യങ്ങള്‍ പറഞ്ഞ് ചികിത്സ നിഷേധിക്കുന്ന സാഹചര്യവുമാണ് നിലനില്‍ക്കുന്നത്. സംസ്ഥാന മുഖ്യമന്ത്രിക്കും, മന്ത്രിമാരുള്‍പ്പെടെയുള്ളവര്‍ക്കും വിദേശത്തുപോലും പോയി സര്‍ക്കാര്‍ ചെലവില്‍ പരിധികളില്ലാതെ ചികിത്സിക്കാന്‍ കഴിയുമെന്നിരിക്കെ സ്വന്തം പണം നല്കി മെഡിസെപ്പിന്റെ ഭാഗമായ ജീവനക്കാര്‍ക്ക് നാട്ടിലെ ആശുപത്രികളില്‍ പോലും മികച്ച ചികിത്സ ലഭിക്കുന്നില്ല. ഇത് കടുത്ത അവഗണനയും നീതി നിഷേധവുമാണ്.
ജീവനക്കാര്‍ക്കെതിരെ ഇത്രയും പ്രതികാര ബുദ്ധിയോടുകൂടി പെരുമാറുന്ന ഒരു സര്‍ക്കാര്‍ കേരള ചരിത്രത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. സ്വന്തം സംസ്ഥാനത്തെ ജീവനക്കാരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുകയും, പങ്കാളിത്ത പെന്ഷന് പുനഃ പരിശോധനാ സമിതി റിപ്പോര്‍ട്ട് പുറത്തുവിടാതെ അലമാരയില്‍ പൂട്ടിവെച്ച് വാഗ്ദാന ലംഘനം നടത്തിയ ശേഷം ത്രിപുരയില്‍ അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് പറഞ്ഞ് കവലപ്രസംഗം നടത്തിയവരുടെ ‘തൊലിക്കട്ടി’ അപാരം തന്നെയാണ്. ഇടതുപക്ഷത്തിന് തുടര്‍ഭരണം ലഭിച്ച ബംഗാളില്‍ 32 വര്‍ഷം കൊണ്ടും ത്രിപുരയില്‍ 25 വര്‍ഷം കൊണ്ടുമാണ് ഇവരെ ജനങ്ങള്‍ തൂത്തെറിഞ്ഞതെങ്കില്‍ കേരളത്തില്‍ കേവലം ഏഴു വര്‍ഷത്തെ ഭരണം കൊണ്ട് തന്നെ ഇവര്‍ ജനവിരുദ്ധരായി മാറിക്കഴിഞ്ഞു. തുടര്‍ഭരണത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള പൊതുജന ജീവിതം നരകതുല്യമായിരിക്കുകയാണ്.
(കേരള എന്‍ജിഒ സംഘ്
സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: