സ്ട്രാസ്ബോര്ഗ്: ഫ്രഞ്ച് ലിഗ് വണ്‍ കിരീടം ഏറ്റവും കൂടുതല്‍ തവണ നേടുന്ന ടീമായി പാരിസ് സെന്റ് ജെര്മെയ്ന്(പിഎസ്ജി). ലിഗ് വണില്‍ അവസാന റൗണ്ട് മത്സരം കൂടി അവശേഷിക്കെയാണ് പിഎസ്ജി 11-ാം ലീഗ് കിരീടം ഉറപ്പിച്ചത്. മെസ്സിയുടെ ഗോളില്‍ സ്ട്രാസ്ബോര്‍ഗിനെ സമനിലയില്‍ തളച്ചുകൊണ്ടായിരുന്നു ക്ലബ്ബിന്റെ റെക്കോഡ് നേട്ടം.
ഫ്രഞ്ച് ലീഗില്‍ പത്ത് തവണ വീതം കിരീടം നേടി സെന്റ് എറ്റിയേനിയും പിഎസ്ജിയും ഒപ്പത്തിനൊപ്പമായിരുന്നു. 11-ാം കിരീടം നേടി പിഎസ്ജി ചരിത്രം കുറിച്ചു. ഒമ്പത് തവണ ടൈറ്റില്‍ നേടിയിട്ടുള്ള മെഴ്സല്‍ ആണ് മൂന്നാം സ്ഥാനത്ത്. 93 വര്‍ഷത്തെ പാരമ്പര്യമുള്ള ഫുട്ബോള്‍ ലീഗില്‍ 1985ലാണ് പിഎസ്ജി ആദ്യമായി കപ്പുയര്‍ത്തുന്നത്. പിന്നീട് 1993ലും കപ്പ് നേടി. കഴിഞ്ഞ 11 സീസണിനിടെ പിഎസ്ജിക്ക് ഇത് ഒമ്പതാമത്തെ കിരീടനേട്ടമാണ്.
സീസണ് അവസാനിക്കാന്‍ രണ്ട് റൗണ്ട് മത്സരങ്ങള്‍ കൂടി ബാക്കിയുള്ളപ്പോളാണ് ഇന്നലെ ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബുകള്‍ തമ്മില്‍ ഏറ്റുമുട്ടിയത്. 84 പോയിന്റ് നേടി മുന്നിട്ടുന്നിന്ന പിഎസ്ജിക്ക് ആറ് പോയിന്റ് പിന്നിലുള്ള ലെന്‍സിനെ മറികടന്ന് കപ്പ് നേടാന്‍ തോല്‍ക്കാതിരുന്നാല്‍ മാത്രം മതിയായിരുന്നു. അത് യാതൊരു പിഴവും കൂടാതെ സംഭവിച്ചു. ഗോളില്ലാതിരുന്ന ആദ്യപകുതിക്ക് ശേഷം 59-ാം മിനിറ്റില്‍ കിലിയന്‍ എംബപ്പെ നല്കിയ പാസിലാണ് മെസ്സി ഗോള്‍ നേടിയത്. 1-0ന് മുന്നിലെത്തിയ ടീം ജയത്തോടെ ലീഗ് സ്വന്തമാക്കുമെന്ന് കരുതിയെങ്കിലും 79-ാം മിനിറ്റില്‍ സ്ട്രാസ്ബോര്ഗിനായി കെവിന് ഗമെയ്റോ സമനില ഗോള്‍ നേടി. മോര്ഗന് സാന്‍സണ്‍ ഗോളിലേക്ക് തൊടുത്ത ഷോട്ട് തട്ടികയറ്റിയ പിഎസ്ജി ഗോളി ജിയാന്‍ലൂയിജി ഡന്നരുമയുടെ റീബൗണ്ടില്‍ നിന്നായിരുന്നു ഗോളടിച്ചത്. ഇതേ സമയം ലെന്‍സ് അയാക്സിയോയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തുകൊണ്ട് പട്ടികയില്‍ 81 പോയിന്റിലേക്ക് ഉയര്‍ന്നു. സമനില നേടിയ പിഎസ്ജി 85 പോയിന്റ് സ്വന്തമാക്കിയതോടെ ജേതാക്കളായി നിര്‍ണയിക്കപ്പെട്ടു. ശേഷിക്കുന്ന ഒരു മത്സരം ജയിച്ചാല്‍ പോലും ലെന്‍സിന് പരമാവധി 84 പോയിന്റേ ലഭിക്കൂ. മെഴ്സെ ആണ് മൂന്നാം സ്ഥാനം ഉറപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: