ഭോപാല്: ജബല്പ്പൂരിലെ 13 കേന്ദ്രങ്ങളില് എന്ഐഎ രണ്ട് ദിവസമായി നടത്തിയ മാരത്തോണ് റെയ്ഡില് ഐഎസ് ബന്ധമുള്ള ഗ്യാങ്ങിനെ തകര്ത്തു.
26ന് പുലര്ച്ചെ മുതല് 27ന് രാത്രിവരെ നടത്തിയ റെയ്ഡില് മൂന്ന് പേര് എന്ഐഎയുടെ പിടിയിലായി. അറസ്റ്റിലായ സയ്യിദ് മമ്മൂര് അലി, മുഹമ്മദ് ആദില് ഖാന്, മുഹമ്മദ് ഷാഹിദ് എന്നിവരെ പ്രത്യേക ജഡ്ജിക്ക് മുന്നില് ഹാജരാക്കി, ജൂണ് മൂന്ന് വരെ എന്ഐഎ കസ്റ്റഡിയില് വിട്ടു. പരിശോധനയില് നിരവധി ഡിജിറ്റല് ഉപകരണങ്ങളും കണ്ടെടുത്തു.
2022 ആഗസ്ത് മുതല് എന്ഐഎയുടെ നിരീക്ഷണത്തിലുള്ളയാളാണ് പിടിയിലായ ഭീകരന് ആദില് ഖാന്. സോഷ്യല് മീഡിയയിലൂടെയും അല്ലാതെയും ഐഎസ് പ്രചരണം നടത്തി തീവ്രവാദ പ്രവര്ത്തനങ്ങള്ക്ക് ആളെ കൂട്ടുന്നതിന് മെയ് 24ന് ഇയാള്ക്കെതിരെ ഒരു കേസ് രജിസ്റ്റര് ചെയ്തു. ഐഎസ് മാതൃകയില് ഇന്ത്യയില് ഭീകരാക്രമണങ്ങള് നടത്തുന്നതിന് സോഷ്യല് മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും ‘ദവ’ പരിപാടികളിലൂടെയും ആഹ്വാനം ചെയ്തുവെന്നതായിരുന്നു കേസ്.
മുഹമ്മദ് ആദില്ഖാനും കൂട്ടാളികളും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതിനിടെയാണ് അറസ്റ്റിലായത്. അവര് ഫണ്ട് ശേഖരിക്കുകയും തീവ്രവാദ പ്രവര്ത്തനങ്ങള്ക്കായി ആയുധങ്ങളും വെടിക്കോപ്പുകളും സ്വന്തമാക്കുകയും ചെയ്തതായി എന്ഐഎ വൃത്തങ്ങള് വ്യക്തമാക്കി.
സയ്യിദ് മമ്മൂര് അലി ‘ഫിസാബില്ല’ എന്ന പേരില് ഒരു പ്രാദേശിക ഗ്രൂപ്പ് ഉണ്ടാക്കിയതായും അതേ പേരില് ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് നടത്തിയതായും ആരോപണമുണ്ട്. പിസ്റ്റളുകള്ക്കായി ഇയാള് ജബല്പൂര് ആസ്ഥാനമായുള്ള അനധികൃത ആയുധ വിതരണക്കാരനുമായി ബന്ധപ്പെട്ടിരുന്നതിനും തെളിവുകള് ലഭിച്ചു.
ഇസ്ലാമിക ഭീകര സംഘടനയായ ഹിസ്ബ്-ഉത്-തഹ്രീറിന്റെ ഭോപാല്-ഹൈദരാബാദ് ഭീകര മോഡ്യൂള് മധ്യപ്രദേശ് എടിഎസ് തകര്ത്ത് ദിവസങ്ങള്ക്കകമാണ് ഐഎസ് ഭീകരര് പിടിയിലാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: